Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശിയ പാതയോരത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം; വീടുകൾ അടക്കം ഏത് കെട്ടിടം വെയ്ക്കണമെങ്കിലും മോർത്തിന്റെ അനുമതി വേണം: വീടു നിർമ്മിക്കണമെങ്കിൽ 10,000 രൂപ അപേക്ഷാ ഫീസ് നൽകി കാത്തിരിക്കേണ്ടി വരും

ദേശിയ പാതയോരത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം; വീടുകൾ അടക്കം ഏത് കെട്ടിടം വെയ്ക്കണമെങ്കിലും മോർത്തിന്റെ അനുമതി വേണം: വീടു നിർമ്മിക്കണമെങ്കിൽ 10,000 രൂപ അപേക്ഷാ ഫീസ് നൽകി കാത്തിരിക്കേണ്ടി വരും

ആലപ്പുഴ: ദേശിയപാതയോരത്ത് വീടുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിന് ഇനി മുതൽ ഒത്തിരി കടമ്പ കടക്കേണ്ടി വരും. ദേശീയപാതയോരത്ത് വീടുകളടക്കം നിർമ്മാണപ്രവർത്തനം ഇനി എളുപ്പമാകില്ല. കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയത്തിന്റെ (മോർത്ത്) എതിർപ്പില്ലാരേഖ ലഭിച്ചാൽമാത്രമേ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമാകൂ. ദേശീയപാതയിൽനിന്ന് 80 മീറ്റർ അകലെവരെയുള്ള നിർമ്മാണങ്ങൾക്കാണ് പുതിയ നിബന്ധന.

ദേശീയപാതാ വിഭാഗത്തിന്റെ അപ്പലേറ്റ് അഥോറിറ്റിയായ മോർത്തിൽ നിന്നം കെട്ടിട നിർമ്മാണങ്ങൾക്കുള്ള അനുമതി ലഭിക്കുന്നതിന് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. വീട് നിർമ്മാണത്തിനും മറ്റും എൻഒസി. ലഭിക്കാൻ നിശ്ചിതഫീസ് അടയ്ക്കണം. വീടുവയ്ക്കണമെങ്കിൽ 10,000രൂപ ഫീസ് അടച്ച് 'മോർത്തി'ന്റെ എതിർപ്പില്ലാരേഖ (എൻഒസി.) സ്വന്തമാക്കണം. മോർത്തിന്റെ അനുമതി കിട്ടാതെ തദ്ദേശ സ്ഥാപനങ്ങൾക്കും അനുമതി നൽകാനാവില്ല.

മറ്റു സംസ്ഥാനങ്ങളിലെല്ലാം ദേശീയപാതയോരത്ത് കെട്ടിടങ്ങൾ വളരെ കുറവാണ്. കേരളത്തിൽ അടുത്തടുത്ത് കെട്ടിടങ്ങളുണ്ട്. കേരളത്തിൽ ദേശീയപാതയോരത്തുനിന്ന് 12.5 മീറ്റർ അകലം പാലിച്ച് ഇതുവരെ നിർമ്മാണം അനുവദിച്ചിരുന്നു. ദേശീയപാത നിർമ്മാണം പൂർത്തിയാവുമ്പോൾ പുരയിടം വളരെ താഴെയാവും. പരിസരവാസിക്ക് റോഡിലേക്ക് കയറുന്നതിന് സൗകര്യപ്രദമായ വഴിയൊരുക്കുന്നതിനാണ് നിബന്ധന കർശനമാക്കിയിട്ടുള്ളത്.

ദേശീയപാത വികസനം, പരിപാലനം എന്നിവ ഉറപ്പുവരുത്തുന്നതിനായി 2013-ൽ കേന്ദ്രസർക്കാർ നിയമം പാസാക്കിയെങ്കിലും കേരളത്തിൽ ഇത് നിർബന്ധമായത് അടുത്തകാലത്താണ്.

മോർത്ത്

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ്. ദേശീയപാതാ വിഭാഗത്തിന്റെ അപ്പലേറ്റ് അഥോറിറ്റിയാണിത്. ഇവിടെനിന്ന് എൻഒസി. ലഭിക്കാൻ നിശ്ചിതഫീസ് അടയ്ക്കണം. കൺസൾട്ടന്റുമാർ മുഖേന അപേക്ഷിക്കുന്നതിനാണ് സർക്കാർ താത്പര്യം കാണിക്കുന്നത്. ഇതിനായി രാജ്യത്താകെ 138 കൺസൾട്ടന്റുമാർക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. കേരളത്തിൽനിന്ന് ടി. സഹാറുദ്ദീൻ സിഇഒ. ആയ സമാറ കൺസൾട്ടന്റ്സ് ആൻഡ് ഡെവലപ്പേഴ്സ് ആണ് കൺസൾട്ടന്റ്.

നിരക്കും സേവനങ്ങളും

  • വീടുനിർമ്മാണത്തിന് അപേക്ഷാ ഫീസ് -10,000 രൂപ. കൺസൾട്ടന്റ് ഫീസ് ഉൾപ്പെടെ 40,000 രൂപയോളമാകും.
  • സ്‌കൂൾ, ഫാക്ടറി തുടങ്ങിയവയ്ക്ക് ഫീസ് - 1,80,000 രൂപ. കൺസൾട്ടന്റ് ഫീസ് ഉൾപ്പെടെ അഞ്ചുലക്ഷം രൂപ.

അപേക്ഷ നൽകി 45 ദിവസത്തിനകം എൻഒസി. ലഭിക്കും. വസ്തുവിന്റെ ആധാരവും പ്ലാനും നൽകിയാൽ നടപടികളെല്ലാം കൺസൾട്ടന്റുമാർ ചെയ്തുനൽകും. വസ്തുവിന്റെ വീഡിയോ ചിത്രീകരണം, ആധാരവും പ്ലാനും ഇംഗ്ലീഷിലാക്കൽ, സർക്കാർ ആവശ്യപ്പെടുമ്പോൾ പൊളിച്ചുമാറ്റാമെന്ന ഉറപ്പ്, വസ്തുവിന്റെ ചെരിവും ഓടനിർമ്മാണവും തമ്മിലുള്ള പൊരുത്തം എന്നിവയെല്ലാം പരിശോധിച്ച് സാക്ഷ്യപ്പെടുത്തലെല്ലാം കൺസൾട്ടന്റുമാരാണ് ചെയ്തുനൽകുക. റോഡിൽനിന്ന് നിശ്ചിത അകലമുണ്ടെന്നുള്ളതും ഉറപ്പുവരുത്തി നൽകേണ്ടിവരും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP