Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെയുള്ള നാലര സെന്റിൽ മൂന്നര സെന്റും റോഡിന് വീതി കൂട്ടാൻ സർക്കാർ ഏറ്റെടുത്തു; ഒരു സെന്റിൽ വീട് പണിയാൻ പഞ്ചായത്ത് പോലും പണം നൽകില്ല; ഡിഗ്രിക്കു പഠിക്കുന്ന മകളുമായി ഒരു അമ്മ കഴിയുന്നത് ഇങ്ങനെ

ആകെയുള്ള നാലര സെന്റിൽ മൂന്നര സെന്റും റോഡിന് വീതി കൂട്ടാൻ സർക്കാർ ഏറ്റെടുത്തു; ഒരു സെന്റിൽ വീട് പണിയാൻ പഞ്ചായത്ത് പോലും പണം നൽകില്ല; ഡിഗ്രിക്കു പഠിക്കുന്ന മകളുമായി ഒരു അമ്മ കഴിയുന്നത് ഇങ്ങനെ

ഹരിപ്പാട്: ആകെയുള്ള നാലര സെന്റ് ഭൂമിയിൽ മൂന്നര സെന്റും റോഡ് നിർമ്മാണത്തിനായി സർക്കാർ ഏറ്റെടുത്തതോടെ കിടപ്പാടം ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് വിധവയായ വീട്ടമ്മയും മകളും. വീയപുരം പായിപ്പാട് ചക്കോലിൽ പടീറ്റതിൽ ശ്യാമളയാണ് സ്വന്തം പേരിൽ മൂന്നു സെന്റ് ഭൂമിയില്ലാത്തതിന്റെ പേരിൽ കിടപ്പാടം പോലും നിർമ്മിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നത്. സ്വന്തം പേരിലുള്ള ഒരു സെന്റിൽ താഴെയുള്ള ഭൂമിയിൽ ഇപ്പോൾ ഒരു ഷെഡ് ഉണ്ടെങ്കിലും മതിയായ സംരക്ഷണമില്ലാത്തതിനാൽ ഡിഗ്രിക്ക് പഠിക്കുന്ന മകളുമൊത്ത് വർഷങ്ങളായി അകലെയുള്ള ബന്ധുവീട്ടിലാണ് അന്തിയുറക്കം. ആറു വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട ശ്യാമള തൊഴിലുറപ്പു ജോലികളിൽ ഏർപ്പെട്ടാണ് കുടുബം പോറ്റുന്നത്. മക്കളായ അഖിദയും അമൽദേവും അടങ്ങുന്നതാണ് ശ്യാമളയുടെ കുടുംബം.

മൂന്നര സെന്റ് ഭൂമി റോഡ് നിർമ്മാണത്തിനായി സർക്കാരിന് പൊന്നുംവിലയ്ക്കാണ് ശ്യാമള വിട്ടുകൊടുത്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിക്ക് പക്ഷേ സർക്കാർ നൽകിയതാകട്ടെ ഒരു ലക്ഷം രൂപ മാത്രം വീടിനായി അപേക്ഷിച്ചതിന്റെ ഫലമായി പഞ്ചായത്തിൽ നിന്നും ഈ കുടുംബത്തിന് വീട് നിർമ്മാണത്തിനായി രണ്ടു ലക്ഷം രൂപ അനുവദിച്ചു. പക്ഷേ ആ പണം വാങ്ങി നിർമ്മാണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് തുക നൽകണമെങ്കിൽ ചുരുങ്ങിയത് മൂന്നു സെന്റ് ഭൂമിയെങ്കിലും സ്വന്തം പേരിൽ വേണം. കൈവശാവകാശ സർട്ടിഫിക്കറ്റും കരമടച്ച രസീതും വേണം.

സ്വന്തമായുള്ള ഒരു സെന്റ് ഭൂമിയോട് ചേർന്ന് റവന്യൂ വക ചതുപ്പുനിലം പുറംപോക്ക് ഭൂമിയായി കിടപ്പുണ്ട്. ഇതിൽ നിന്നും രണ്ട് സെന്റ് പതിച്ചു കിട്ടുന്നതിന് ശ്യാമള മുട്ടാത്ത വാതിലുകളില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ച മറുപടി വൈദ്യുതിയും വെള്ളവും ലഭ്യമാക്കാനുള്ള അനുമതി മാത്രമായിരുന്നു. റോഡിനു വിട്ടുകൊടുക്കുന്നതിനു മുമ്പേ വെള്ളവും വൈദ്യുതിയും ലഭിച്ചിരുന്നതിനാൽ അത് ആവശ്യമില്ലെന്നാണ് ശ്യാമള പറയുന്നത്. കിടപ്പാടമാണ് ആവശ്യം. അതിനു മൂന്ന് സെന്റ് ഭൂമി വേണം. അതിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ശ്യാമള ഇപ്പോൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP