Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്നെ പീഡിപ്പിച്ചത് സിപിഐ(എം) കൗൺസിലർ ജയന്തനും കൂട്ടരും; പൊലീസുകാരുടെ ക്രൂരമായ ചോദ്യം മനസു മടുപ്പിച്ചു; ഭീഷണിപ്പെടുത്തി തിരുത്തി പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനിൽ; മൊഴി നൽകുന്ന സമയത്ത് ഭർത്താവിനെ കാറിൽ തടഞ്ഞുവച്ചു; മുഖ്യമന്ത്രിയോട് വിശദമായി കാര്യങ്ങൾ പറയും; വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് കൂട്ടമാനഭംഗത്തിന് ഇരയായ യുവതി

തന്നെ പീഡിപ്പിച്ചത് സിപിഐ(എം) കൗൺസിലർ ജയന്തനും കൂട്ടരും; പൊലീസുകാരുടെ ക്രൂരമായ ചോദ്യം മനസു മടുപ്പിച്ചു; ഭീഷണിപ്പെടുത്തി തിരുത്തി പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്റ്റേഷനിൽ; മൊഴി നൽകുന്ന സമയത്ത് ഭർത്താവിനെ കാറിൽ തടഞ്ഞുവച്ചു; മുഖ്യമന്ത്രിയോട് വിശദമായി കാര്യങ്ങൾ പറയും; വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് കൂട്ടമാനഭംഗത്തിന് ഇരയായ യുവതി

തിരുവനന്തപുരം: രാഷ്ട്രീയനേതാവടക്കം പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതികൾ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്ന് പരാതിക്കാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐ(എം) വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി എൻ ജയന്തനും കൂട്ടരുമാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതി തിരുവനന്തപുരത്ത് വ്യക്തമാക്കിയത്. തന്റെ മേൽ പൊലീസിൽ നിന്നും കടുത്ത സമ്മർദ്ദമാണ് ഉണ്ടായത്. തിരുത്തിപ്പറയേണ്ട മൊഴി പഠിപ്പിച്ചത് പൊലീസ് സ്‌റ്റേഷനിൽ വച്ചാണ്. തുടർന്നാണ് മജിസ്‌ട്രേറ്റിനു മൊഴി നൽകിയതെന്നും അവർ പറഞ്ഞു.

വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗൺസിലറും പ്രാദേശിക നേതാവുമായ ജയന്തടക്കം നാലുപേരാണ് കുറ്റാരോപിതർ. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികൾ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും ഭർത്താവും ഭാഗ്യലക്ഷ്മിയും ചേർന്നാണ് നേരത്തെ കുറ്റാരോപിതരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തിട്ടത്. ഭാഗ്യലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെക്കുറിച്ചും പൊലീസ് ഇതിൽ നടപടി എടുക്കാത്തതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

പരാതിക്കാരായ യുവതിയും ഭർത്താവും മുഖം മറച്ചാണ് പത്രസമ്മേളനത്തിനെത്തിയത്. ഒരുപാട് മാനസിക പീഡനമേറ്റിട്ടുള്ളതുകൊണ്ടാണ് ഇതിന്റെ പേരിൽ മുഖം മറയ്ക്കുന്നതെന്നും സാഹചര്യങ്ങൾ ഉൾക്കൊള്ളണ്ണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. കരച്ചിലോടെയാണ് യുവതി പത്രസമ്മേളനം ആരംഭിച്ചത്. കടുത്ത മാനസിക പീഡനമാണ് പൊലീസ് സ്റ്റേഷനിൽ നിന്നും ഏൽക്കേണ്ടി വന്നതെന്ന് തേങ്ങലോടെയാണ് യുവതി വ്യക്തമാക്കിയത്. തെളിവെടുപ്പിനായി നാടുതോറും കൊണ്ടുനടന്ന് ഇനിയും പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയാകാനില്ലെന്ന് യുവതിയും ഒപ്പമുണ്ടായിരുന്ന ഭാഗ്യലക്ഷ്മിയും പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നിന്നും വ്യത്യസ്ത്യമായി മജിസ്‌ട്രേറ്റിന് താൻ മൊഴി നൽകിയത് പീഡിപ്പിച്ച നാലുപേരും ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ്. പൊലീസും ഇതിനായി സമ്മർദ്ദം ചെലുത്തി. മജിസ്‌ട്രേറ്റിന് മുന്നിൽ തിരുത്തിപ്പറയേണ്ട മൊഴികൾ പൊലീസ് സ്റ്റേഷനിൽ വച്ചാണ് തന്നെ പഠിപ്പിച്ചത്. ഇവർക്കെതിരായി വല്ലതും പറഞ്ഞാൽ കുട്ടികളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മജിസ്‌ട്രേറ്റിന് മുന്നിൽ താൻ മൊഴി നൽകുന്ന സമയത്ത് ഭർത്താവിനെ ഇവർ കാറിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. മൊഴി നൽകാൻ എത്തിയപ്പോൾ സമ്മർദ്ദമുണ്ടോ എന്ന് തന്നോട് ചോദിച്ചു, അപ്പോൾ മജിസ്‌ട്രേറ്റിന് മുന്നിൽ നിന്ന് താൻ പൊട്ടിക്കരയുകയായിരുന്നെന്നും യുവതി വിശദമാക്കി. വേറൊരു നിർവാഹമുണ്ടായിരുന്നില്ലെന്നും ആരും സഹായത്തിനില്ലായിരുന്നെന്നും അതാണ് പരാതി പിൻവലിക്കാൻ കാരണമെന്നും യുവതി വിശദമാക്കി. ഒന്നിലേറെ തവണ താൻ കൂട്ടബലാത്സംഗത്തിനിരയായെന്നും യുവതി വ്യക്തമാക്കി.

പീഡനത്തിനിരയായ കുട്ടി കാര്യങ്ങൾ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നു ഭാഗ്യലക്ഷ്മി പറഞ്ഞു. മനസിന്റെ പ്രതിഷേധം വെളിപ്പെടുത്താനാണു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. ഇന്നു വൈകിട്ടു നാലിനു മുഖ്യമന്ത്രി പെൺകുട്ടിയെ കാണാമെന്നു പറഞ്ഞിട്ടുണ്ട്. അതിനുശേഷം പെൺകുട്ടി മാദ്ധ്യമങ്ങളോടു കാര്യങ്ങൾ വിശദീകരിക്കും. കേസ് കോടതിയിലേക്ക് എത്തിക്കുകയെന്നതിനപ്പുറത്ത്, സമൂഹത്തിൽ ഉന്നതനായ രാഷ്ട്രീയ നേതാവ് ഒരു സ്ത്രീയെ പിച്ചിച്ചീന്തിയശേഷം ആ സ്ഥാനത്ത് തുടരുന്നതു ചൂണ്ടിക്കാണിക്കണം. കുറ്റം ചെയ്തവർ സന്തോഷമായി ജീവിക്കുന്നു. ഈ പെൺകുട്ടി സമൂഹത്തിനു മുന്നിൽ ഒളിച്ചു ജീവിക്കുന്നു. എന്തിനാണ് അതിന്റെ ആവശ്യം ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

2014ൽ നടന്ന സംഭവത്തെ കുറിച്ച് രണ്ടു ദിവസം മുൻപാണു ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്‌ബുക്കിലിട്ടത്. ഇതിനു ശേഷം ഇന്നോളം പെൺകുട്ടിക്കു സാധാരണ ജീവിതത്തിലേക്ക് എത്താനായിട്ടില്ല. ഭർത്താവിനു സുഖമില്ലെന്നു പറഞ്ഞു വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയായിരുന്നു സുഹൃത്തുക്കളുടെ പീഡനം. ഇതേ സംഭവവുമായി ബന്ധപ്പെട്ട് ജയന്തൻ, സഹോദരൻ ജിനീഷ്, ബിനീഷ്, ഷിബു എന്നിവർക്കെതിരെ ഇക്കഴിഞ്ഞ ആഗസ്റ്റിൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോൾ ക്രൈം ഡിറ്റാച്ച്‌മെന്റ് റൂറൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസാണ് പിന്നീട് പൊലീസ് ഇടപെട്ട് മൊഴിമാറ്റിച്ച് ദുർബലപ്പെടുത്തിയതെന്നാണ് ഇപ്പോൾ യുവതി വിശദീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP