Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാർത്ഥി സമരം അനിശ്ചിതമായി നീളുമ്പോഴും മാനേജ്‌മെന്റ് അനങ്ങുന്നില്ല; സെലിബ്രിറ്റി ഷെഫിന്റെ ലോ അക്കാദമിക്കെതിരേ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; മാനേജ്‌മെന്റിന്റെ കടുംപിടുത്തം പഠിക്കാനുള്ള അവകാശത്തിന്റെ നന്ഗമായ ലംഘനമെന്നും നിരീക്ഷണം

വിദ്യാർത്ഥി സമരം അനിശ്ചിതമായി നീളുമ്പോഴും മാനേജ്‌മെന്റ് അനങ്ങുന്നില്ല; സെലിബ്രിറ്റി ഷെഫിന്റെ ലോ അക്കാദമിക്കെതിരേ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; മാനേജ്‌മെന്റിന്റെ കടുംപിടുത്തം പഠിക്കാനുള്ള അവകാശത്തിന്റെ നന്ഗമായ ലംഘനമെന്നും നിരീക്ഷണം

തിരുവനന്തപുരം: പ്രിൻസിപ്പലിന്റെ പീഡനത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് രണ്ടാഴ്ചയായി സമരം ചെയ്യുന്ന വിദ്യാർത്ഥി സമരത്തോട് അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ലോ അക്കാദമി മാനേജ്മെന്റിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി മോഹൻദാസാണ് കോളേജിനെതിരെ സ്വമേധയാ കേസെടുത്തത്.

വിഷയത്തിൽ ഫെബ്രുവരി 20നകം റിപ്പോർട്ട് സമർപ്പിക്കാൻ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസും നൽകി. വിദ്യാർത്ഥികളുടെ സമരം അനിശ്ചിതമായി നീണ്ടിട്ടും മാനേജ്മെന്റ് ചർച്ചയ്ക്കു തയ്യാറാവുന്നില്ലെന്നും പരിഹാരം കാണുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.

വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് മാനേജ്മെന്റ് നടത്തുന്നത്. അവരുടെ വിലയേറിയ സമയം പാഴാക്കുന്ന മാനേജ്മെന്റ് പരിഹാര നടപടികൾ സ്വീകരിക്കാതെ കടുംപിടിത്തം പിടിക്കുന്നതായും മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തി. ഇതോടൊപ്പം ദലിത് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുന്നതായും രക്ഷിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തതായും ആക്ഷേപമുള്ളതായി കമ്മീഷൻ വ്യക്തമാക്കുന്നു.

വ്യക്തിവിദ്വേഷം മുൻനിർത്തി ചില വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കുന്നതായും ആരോപണം ഉള്ളതായി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. ഇവയിലെല്ലാം വിശദീകരണം നൽകണമെന്നാണ് കമ്മീഷന്റെ നിർദ്ദേശം.

അതേസമയം, വിദ്യാർത്ഥികളുടെ പരാതികൾ അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ഉപസമിതി കോളേജിൽ തെളിവെടുപ്പ് ആരംഭിച്ചു. സർവകലാശാല അഫിലിയേഷൻ കമ്മിറ്റി ചെയർമാൻ ഡോ. പി. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്. രാവിലെ 11ഓടെയാണ് സംഘം ലോ അക്കാദമിയിലെത്തിയത്.

ഇന്നും നാളെയുമായി വിദ്യാർത്ഥികളിൽനിന്നും രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും തെളിവെടുക്കുന്ന ഉപസമിതി ശനിയാഴ്ച സർവ്വകലാശാലയ്ക്കു റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം മാനേജ്മെന്റ് തള്ളി. പ്രിൻസിപ്പലിനെ മാറ്റില്ലെന്നു പറഞ്ഞ അക്കാദമി ഡയറക്ടർ ഡോ. എൻ നാരായണൻ നായർ ആരോപണങ്ങൾ വ്യാജമാണന്നും എന്നാൽ ചർച്ചയ്ക്ക് തയാറാണന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP