Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൻകുമാറിന്റെ നീക്കം ഒരു തുടക്കം; ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് മുഴുവൻ സ്ഥലം മാറ്റം വരുന്നു; കേന്ദ്രത്തിൽ നിന്നും ഒന്നിലേറെ ഉദ്യോഗസ്ഥരെ മടക്കി കൊണ്ടും വരും; യുഡിഎഫ് അനുകൂലരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഒഴിവാക്കും

സെൻകുമാറിന്റെ നീക്കം ഒരു തുടക്കം; ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് മുഴുവൻ സ്ഥലം മാറ്റം വരുന്നു; കേന്ദ്രത്തിൽ നിന്നും ഒന്നിലേറെ ഉദ്യോഗസ്ഥരെ മടക്കി കൊണ്ടും വരും; യുഡിഎഫ് അനുകൂലരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഒഴിവാക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ വിശ്വസ്തർക്കെല്ലാം ഇനി കഷ്ടകാലമാകും. അഴിമതി ആരോപണങ്ങളിൽ പെട്ട ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം പണി കിട്ടും. സംശയ നിഴലിലുള്ള ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെയെല്ലാം മാറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. വകുപ്പ് സെക്രട്ടറിമാർ അടക്കമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥർക്കും കൂട്ടമാറ്റം വരുമെന്ന സൂചന മുഖ്യമന്ത്രിയുടെ ഓഫീസ് ഐഎഎസുകാർക്ക് നൽകി കഴിഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തേടി തുടങ്ങി. യു.ഡി.എഫ് ആഭിമുഖ്യമുള്ളവരെ സുപ്രധാന തസ്തികകളിൽ നിന്നൊഴിവാക്കും. പ്രധാന തസ്തികകളിൽ നിയമനം കിട്ടാൻ സെക്രട്ടറിമാർ പലവഴിക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.

ആഭ്യന്തര, വിജിലൻസ് വകുപ്പിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോ തുടരും. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് സ്ഥാനചലനമുണ്ടാവില്ല. വിവിധവകുപ്പുകളിലെ പാർട്ടി ഘടകങ്ങളുടെ അഭിപ്രായം കൂടി തേടിയശേഷമാണ് ഐ.എ.എസുകാരുടെ പുനർവിന്യാസം. 46 സെക്രട്ടറിമാർക്ക് ഒന്നിലധികം പദവികൾ നൽകിയാണ് പുനർവിന്യാസം നടത്തുക. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർമാനായി കേന്ദ്രസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പോൾ ആന്റണിയെ വ്യവസായവകുപ്പ് അഡി. ചീഫ് സെക്രട്ടറിയാക്കും. വ്യവസായവകുപ്പിൽ നിന്നൊഴിവാക്കുന്ന പി.എച്ച്. കുര്യനെ കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയുമാക്കും. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാജീവ് സദാനന്ദനെ ആരോഗ്യസെക്രട്ടറിയാക്കി.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി സേവനം പൂർത്തിയാക്കി തിരിച്ചെത്തുന്ന ഡോ. വി. വേണുവിനെ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയാക്കും. കേന്ദ്ര നാളികേരവികസന ബോർഡ് ചെയർമാനായിരുന്ന ടി.കെ. ജോസിനെ തദ്ദേശസ്വയംഭരണം, സാമൂഹ്യക്ഷേമം വകുപ്പുകളിൽ നിയമിക്കും. കാർഷികോത്പാദന കമ്മിഷണർ സ്ഥാനത്തേക്കും ജോസിനെ പരിഗണിക്കുന്നുണ്ട്. കെ.ആർ. ജ്യോതിലാലിനെ പൊതുഭരണവകുപ്പിൽ നിന്ന് മാറ്റിയാൽ എ.പി.എം. മുഹമ്മദ് ഹനീഷ്, ഡോ. ബി. അശോക് എന്നിവരിലൊരാൾക്ക് നറുക്കുവീഴും. ജ്യോതിലാലിനെ റവന്യൂ, ടൂറിസം വകുപ്പുകളിൽ സെക്രട്ടറിയായും പരിഗണിക്കുന്നുണ്ട്.

ധനകാര്യം, ഉന്നതവിദ്യാഭ്യാസം, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതലയുള്ള അഡി. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനും മാറ്റമുണ്ടാവും. വി എസ്. സെന്തിലോ പി. മാരപാണ്ഡ്യനോ ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറിയാവും. ആറ് സുപ്രധാന പദവികൾ വഹിച്ചിരുന്ന മുൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി സുബ്രതാ ബിശ്വാസിനെയും മാറ്റുന്നുണ്ട്. നിലവിൽ കാർഷികോത്പാദന കമ്മിഷണർ പദവിയിലാണ് ബിശ്വാസ്. ഹയർസെക്കൻഡറി ഡയറക്ടർ ഡോ. കെ.വി. മോഹൻകുമാറിനെ മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറാക്കിയേക്കും. തൃശൂർ കളക്ടർ രതീശനെയും വയനാട് കളക്ടർ കേശവേന്ദ്രകുമാറിനെയും സെക്രട്ടേറിയറ്റിൽ സുപ്രധാന പദവിയിലേക്ക് കൊണ്ടുവരും.

ഭൂമി പതിച്ചുനൽകിയതിലൂടെ വിവാദമുണ്ടാക്കിയ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്തയെ തത്സ്ഥാനത്തു നിന്ന് നീക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാനായി ബിശ്വാസ് മേത്ത അനുമതി തേടിയിട്ടുണ്ട്. സെക്രട്ടറിമാരുടെ അറുപത് തസ്തികകളുള്ള സംസ്ഥാന കേഡറിൽ 46 സെക്രട്ടറിമാർ മാത്രമാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP