Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജേക്കബ് തോമസ് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മുതിർന്ന ഐഎഎസുകാർ മുഖ്യമന്ത്രിയെ കണ്ടു; കൈകൾ ശുദ്ധമായവർക്ക് സമാധാനത്തോടെ ജോലി ചെയ്യാമെന്ന് വിജിലൻസ് ഡയറക്ടർ; ഉദ്യോഗസ്ഥരും പരാതിക്കാരായതോടെ മുഖ്യമന്ത്രി സമ്മർദ്ദത്തിൽ

ജേക്കബ് തോമസ് സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി മുതിർന്ന ഐഎഎസുകാർ മുഖ്യമന്ത്രിയെ കണ്ടു; കൈകൾ ശുദ്ധമായവർക്ക് സമാധാനത്തോടെ ജോലി ചെയ്യാമെന്ന് വിജിലൻസ് ഡയറക്ടർ; ഉദ്യോഗസ്ഥരും പരാതിക്കാരായതോടെ മുഖ്യമന്ത്രി സമ്മർദ്ദത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പുലിക്കുട്ടികളിൽ ആദ്യ പേരുകാരനായിരുന്നു വിജിലൻസ് ഡയറക്ടർ ഡി.ജി.പി. ജേക്കബ് തോമസ്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരവുമായി ജേക്കബ് തോമസ് മുന്നോട്ട് പോയതോടെ ശത്രുക്കളും കൂടി. കെഎം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാൻ കരുക്കൾ നീക്കുന്നതിനിടെ ബാർ കോഴയിൽ വഴിത്തിരിവുകളെത്തി. പിണറായി വിജയന്റേയും സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും സ്വത്തുക്കൾ പോലും വിജിലൻസ് പരിശോധിക്കുന്നുവെന്നാണ് സൂചന. ബിജെപി നേതാവ് വി മുരളീധരൻ പരാതിയിൽ തിടുക്കത്തിൽ ജേക്കബ് തോമസ് നടപടിയെടുത്തുവെന്നാണ് ആക്ഷേപം. ഇതോടെ രാഷ്ട്രീയക്കാരെല്ലാം ജേക്കബ് തോമസിന് ശത്രുക്കളായി ഇപ്പോൾ പരസ്യമായി ഐഎഎസുകാരും എത്തുന്നു.

ഊമക്കത്തുകളുടെപോലും അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ തങ്ങളുടെ പേരിൽ കേസെടുക്കുകയാണെന്നും ഇതു കൃത്യനിർവഹണത്തെ ബാധിക്കുമെന്നും മുതിർന്ന ഒരു സംഘം ഐ.എ.എസ്. ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. ജേക്കബ് തോമസിനെ നിയന്ത്രിച്ചില്ലെങ്കിൽ ഐ.എ.എസ്. തലത്തിൽ പൊട്ടിത്തെറിയുണ്ടാക്കുമെന്നും അവർ പിണറായിയെ ധരിപ്പിച്ചു. പരാതികളില്ലാതെ, കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന നിരവധി ഉദ്യോഗസ്ഥരെ വിജിലൻസ് കാരണമില്ലാതെ വേട്ടയാടുകയാണെന്നും ഇതു സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ പ്രതിനിധികളെന്ന നിലയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ.കെ.എം. ഏബ്രഹാം, പി.ജെ. കുര്യൻ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥന്മാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദുമായി കൂടിയാലോചിച്ചശേഷമാണ് ഐ.എ.എസ് സംഘം മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർ ഭയക്കേണ്ടെന്നാണ് ജേക്കബ് തോമസിന്റെ പക്ഷം. ഊമക്കത്തുകളും പിരശോധിക്കും. ഇതിനെ തെറ്റ് ചെയ്യാത്തവർ ഭയക്കേണ്ടെന്നാണ് ജേക്കബ് തോമസിന്റെ പക്ഷം. വാദങ്ങളിലൊന്നും അർഥമില്ലെന്നാണ് വിജിലൻസിന്റെ പ്രതികരണം. കൈകൾ ശുദ്ധമായ ആർക്കും ഒരു ഭീതിയുമില്ലാതെ സമാധാനമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമാണ് വിജിലൻസ് ഒരുക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ കേസെടുക്കുകയുള്ളുവെന്ന് അവർ പറയുന്നു.

വിജിലൻസ് ഡയറക്ടറെ മാറ്റണമെന്ന ആവശ്യം സിപിഎമ്മിൽ സജീവമാണ്. അതിനിടെ ഐഎഎസുകാർ കൂടി രംഗത്ത് വന്നത് പിണറായിയിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന് പരാതി ലഭിച്ചാൽ ഇക്കാര്യം സർക്കാരിനെ ബോധ്യപ്പെടുത്തുകയും തുടർനടപടികൾക്ക് അനുമതി വാങ്ങുകയും വേണമെന്നു ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ചെയ്യാതെ ഡിവൈ.എസ്‌പിമാരെക്കൊണ്ട് കേസെടുപ്പിക്കുകയും എഫ്.ഐ.ആർ. തയാറാക്കി കള്ളന്മാരെപ്പോലെ കണക്കാക്കി നടപടികളുമായിമുന്നോട്ടുപോകുകയുമാണ് വിജിലൻസ് ചെയ്യുന്നതെന്നാണ് ഐഎഎസുകാരുടെ പരാതി.

ജേക്കബ് തോമസ് ആവശ്യപ്പെടുന്നതുപോലെ പൊലീസ് സ്‌റ്റേഷനുകളിൽ ലോക്കപ്പ് കൂടിയായാൽ ഉദ്യോഗസ്ഥരെ അതിനകത്താക്കുകയും ചെയ്യാമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ജോലിയുടെ ഭാഗമായോ മറ്റോ വിരോധമുള്ള ആർക്കും തങ്ങൾക്കെതിരെ പരാതി നൽകി ഇത്തരത്തിൽ പക തീർക്കാമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഐ.എ.എസുകാർ അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യുന്ന അന്തരീക്ഷം കേരളത്തിൽ മാത്രമേയുള്ളുവെന്നും അവർ പറയുന്നു. ജേക്കബ് തോമസ് നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ തങ്ങൾക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കണം. അല്ലാത്തപക്ഷം ദീർഘകാലം സംസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചശേഷം കൊള്ളക്കാരാണെന്ന പേരുദോഷത്തോടെ പുറത്തുപോകേണ്ടിവരും.

ധനമന്ത്രി തോമസ് ഐസക്കുമായും അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഇക്കാര്യം ചർച്ച നടത്തിയിരുന്നു. മലബാർ സിമെന്റ്‌സ് അഴിമതിക്കേസിൽ ഉൾപ്പെടുത്താൻ ജേക്കബ് തോമസ് ശ്രമിക്കുന്നതായാണ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ആക്ഷേപം. പ്രതികാരം ചെയ്യുന്നതുപോലെയാണ് വിജിലൻസ് ഡയറക്ടർ പെരുമാറുന്നതെന്നും ഇവർ പരാതിപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP