Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യോ നമ്മൾ ഈ പാവത്തെ സംശയിച്ചല്ലോ! പറന്നു പോയ ഹാൾ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചത് തെറ്റിധരിച്ചെന്ന വാദം ഉയർത്തി കോപ്പിയടിച്ച ഐജി രംഗത്ത്

അയ്യോ നമ്മൾ ഈ പാവത്തെ സംശയിച്ചല്ലോ! പറന്നു പോയ ഹാൾ ടിക്കറ്റ് എടുക്കാൻ ശ്രമിച്ചത് തെറ്റിധരിച്ചെന്ന വാദം ഉയർത്തി കോപ്പിയടിച്ച ഐജി രംഗത്ത്

കോട്ടയം: തൃശൂർ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസ് എഎൽഎം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് കണ്ടുപിടിച്ചാൽ തന്നെ സർവകലാശാലയ്ക്കു ശിക്ഷ വിധിക്കാനാകുന്നത് 500 രൂപ പിഴയാണ്. ഇതുവരെ നടന്ന അഞ്ചു സിൻഡിക്കറ്റ് ഉപസമിതി സിറ്റിങ്ങുകൾക്കും ഇനി നടക്കാൻ പോകുന്നതിനും മറ്റ് അന്വേഷണങ്ങൾക്കുമായി ഏകദേശം ഒരു ലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്. ഇതിനൊപ്പമാണ് 500 രൂപ പിഴ പോലും കിട്ടാനാവത്ത രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത്. പ്രശ്‌നത്തിൽ ജോസിനെ സമിതി കുറ്റവിമുക്തനാക്കുമെന്നാണ് സൂചന.

''കോപ്പിയടിച്ചില്ലെന്നും പൊലീസിൽതന്നെ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയും അപകീർത്തിപ്പെടുത്താൻ എംജി സർവകലാശാലയെ മറയാക്കുകയും ചെയ്തുവെന്നും ഐജി ടി.ജെ. ജോസ് എംജി സർവകലാശാലയുടെ സിൻഡിക്കറ്റ് ഉപസമിതിക്കു മുൻപാകെ മൊഴി നൽകി. ഇത് വിശ്വസിക്കാമെന്ന നിഗമനത്തിൽ തന്നെയാണ് ഉപസമിതിയും. മൂന്നു മണിക്കൂർ നേരം നീണ്ട മൊഴിയെടുപ്പിൽ 24 ചോദ്യങ്ങൾക്കാണ് ഐജി ഉത്തരം നൽകിയത്. കർച്ചീഫിനുള്ളിൽ മടക്കി വച്ച് കോപ്പിയടിച്ചുവെന്നായിരുന്നു ഐജിക്കെതിരായ ആരോപണം.

'' കർച്ചീഫിനുള്ളിൽ ഉണ്ടായിരുന്നത് ഹാൾടിക്കറ്റായിരുന്നു. ഹാൾടിക്കറ്റ് ആദ്യം പറന്നുപോയി. തുടർന്ന് ഇതെടുത്ത് കർചീഫിനുള്ളിൽ വയ്ക്കുകയായിരുന്നു. തറയിൽ നിന്ന് ഇത് കുനിഞ്ഞെടുക്കുന്നതു കണ്ട ഉദ്യോഗസ്ഥർ കോപ്പിയെന്നു തെറ്റിദ്ധരിച്ചതാണ്. തലേന്ന് പുലർച്ചെ മൂന്നുമണിവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പരീക്ഷയ്ക്ക് കാര്യമായി തയ്യാറെടുക്കാൻ സാധിച്ചില്ല. മനസ്സിൽ തോന്നിയത് ചിലത് എഴുതി. എഴുതിയ േപപ്പറുകൾ പരിശോധിച്ചാൽ കോപ്പിയടിച്ചതല്ലെന്നു ബോധ്യപ്പെടും.

അധികം എഴുതാൻ സാധിക്കാത്തതുകൊണ്ടാണ് പരീക്ഷാ ഹാളിൽനിന്നു നേരത്തേ പോയത്. ചോദ്യപേപ്പർ തിരികെ കൊടുത്തിട്ടാണ് പോയത്. ഹാൾടിക്കറ്റ് നൽകണമെന്ന് ആരും ആവശ്യപ്പെട്ടില്ല '' ഐജി വിശദീകരിച്ചു. ഐജിയോടൊപ്പം പരീക്ഷയെഴുതിയ ഏതാനും വിദ്യാർത്ഥികളുടെ മൊഴികൾ ജൂൺ 11നുമുൻപ് രേഖപ്പെടുത്തുമെന്ന് ഉപസമിതി പറഞ്ഞു. ഇവരും ഐജിക്ക് എതിരെ മൊഴി കൊടുക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇൻവിജിലേറ്ററിന്റെ കർച്ചീഫിലൈ കടലാസിന് ന്യായീകരണം നൽകി തന്നെ ഐജിയെ രക്ഷിച്ചെടുക്കാനും കഴിയും.

ഐജി കോപ്പിയടിച്ചത് കണ്ടതായി ഇതുവരെ ആരും മൊഴി കൊടുത്തില്ല. പരീക്ഷാ ഹാളിലുണ്ടായിരുന്ന 11 പേരുടെ മൊഴിയെടുത്തെങ്കിലും ആരും കോപ്പിയടി കണ്ടില്ലെന്നാണ് അറിയിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഇൻവിജിലേറ്റർമാരും കോപ്പിയടി കണ്ടതായി ഉപസമിതിക്കു റിപ്പോർട്ട് നൽകിയില്ല. സി.എച്ച്. അബ്ദുൽ അസീസ് കൺവീനറായി ഡോ. കെ.വി. നാരായണ കുറുപ്പ്, സതീഷ് കൊച്ചുപറമ്പിൽ, ഡോ. ജയകുമാർ, ഡോ. സി.വി. തോമസ്, ഡോ. വിജയകുമാർ, പി.കെ. ഫിറോസ് എന്നിവരടങ്ങിയ ഉപസമിതിയാണ് ഐജിയുടെ മെഴി രേഖപ്പെടുത്തിയത്.

സുരക്ഷാ ഭീഷണിയുള്ളതിനാൽ സർവകലാശാലാ ആസ്ഥാനത്ത് തെളിവെടുപ്പിനെത്താനാകില്ലെന്ന് ഐജി ജോസ് വൈസ് ചാൻസലർക്ക് സന്ദേശം അയച്ചിരുന്നു. പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ തെളിവെടുപ്പിന്റെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർവകലാശാല ഇതിനു മറുപടി നൽകിയില്ല. തുടർന്നാണ് ഐജി ഇന്നലെ മൊഴികൊടുക്കാനെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP