Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറിൽ ഡീലക്സ് ബാറിലെ സൗകര്യങ്ങൾ; വിവാദമായപ്പോൾ പ്രവേശനം വൈകുന്നേരമാക്കി ചുരുക്കി; വിമർശനവുമായി മാധ്യമവും: എല്ലാം അറിയാമായിട്ടും ഒന്നും അറിയാതെ എക്‌സൈസ് മന്ത്രി

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനധികൃത ബാറിൽ ഡീലക്സ് ബാറിലെ സൗകര്യങ്ങൾ; വിവാദമായപ്പോൾ പ്രവേശനം വൈകുന്നേരമാക്കി ചുരുക്കി; വിമർശനവുമായി മാധ്യമവും: എല്ലാം അറിയാമായിട്ടും ഒന്നും അറിയാതെ എക്‌സൈസ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

പാവപ്പെട്ടവന്റെ കയ്യബദ്ധം പോലും ഒന്നാം പേജിൽ വാർത്തയാക്കുന്ന മാധ്യമ വിചാരണക്കാർ എത്ര മറച്ച് വയ്ക്കാൻ ശ്രമിച്ചിട്ടും മറയാതെ പ്രസ് ക്ലബ്ബിലെ അനധികൃത ബാർ വിവാദം പുറത്തേക്ക് വരുന്നു. തലസ്ഥാനത്തെ എല്ലാ പ്രമുഖ വ്യക്തികളും വന്നു പോകുന്ന പ്രസ് ക്ലബ് മന്ദിരത്തിലെ അണ്ടർഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അനധികൃത ബാറിനെക്കുറിച്ചുള്ള മറുനാടൻ മലയാളി റിപ്പോർട്ട് വൻ കോളിളക്കം സൃഷ്ടിച്ചതോടെ മാധ്യമം ദിനപ്പത്രവും സംഭവത്തിൽ ഇടപെട്ടു. മാധ്യമത്തിന്റെ ഒന്നാം പേജിൽ തന്നെ പ്രസ് ക്ലബ്ബിലെ അനധികൃത ബാറിന്റെ ഫോട്ടോയും വാർത്തയും വന്നിരിക്കുകയാണ്. ഇതോടെ വിവാദം ഫേസ്‌ബുക്ക് ചർച്ചകളിൽ നിന്നും മാറി പൊതുസമൂഹത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

മദ്യനിരോധന നിയമത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമം ലേഖിക സുനിതാ ദേവദാസ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് പ്രസ് ക്ലബ്ബിലെ അനധികൃത ബാറിന്റെ വിവരം ആദ്യം ചർച്ചയാക്കിയത്. സുനിതയുടെ പോസ്റ്റിനെ തെറിവിളിച്ച് തലസ്ഥാനത്തെ ഒരുകൂട്ടം പത്രപ്രവർത്തകർ രംഗത്ത് വന്നതിനെത്തുടർന്നായിരുന്നു മറുനാടൻ മലയാളി ഇത് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്നാണ് സംസ്ഥാനത്തെമ്പാടുമുള്ള മാദ്ധ്യമപ്രവർത്തകർ ഇത് വൻ ചർച്ചയാക്കി മാറ്റിയത്. മൂല്യങ്ങൾ കൈവിടാതെ പ്രവർത്തിക്കുന്ന പത്രക്കാർ ഒറ്റക്കെട്ടായി അനധികൃത ബാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബാർ അടച്ച് പൂട്ടാൻ നിയമനടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് ചിലർ ഈ ദിവസങ്ങളിൽ എക്‌സൈസ് മന്ത്രിയെ കാണുമെന്നാണ് റിപ്പോർട്ട്.

ഇതിനിടയിൽ പ്രസ്‌ക്ലബിലെ ബാറിന്റെ ഫോട്ടോ അടക്കമുള്ള കാര്യങ്ങൾ പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്. ത്രീസ്റ്റാർ സൗകര്യമുള്ള ഒരു ബാറിന്റെ പ്രതീതിയിലാണ് 'സങ്കേതം' എന്നു വിളിക്കപ്പെടുന്ന ബാർ സ്ഥാപിച്ചിരിക്കുന്നത്. മേശയും കസേരയും മാത്രമല്ല ഭംഗിയായി അലങ്കരിച്ച ചുവരുകളും ദൃശ്യമാണ്, ബാർ കൗണ്ടറിൽ സാധാരണ ബാറിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭിത്തിയിൽ ഒരിടത്ത് വൈകിട്ടെന്താ പരിപാടി എന്നു ഭംഗിയായി എഴുതിവച്ചിട്ടുമുണ്ട്. മോഹൻലാലിന്റെ വിവാദമായ മദ്യപരസ്യത്തിലെ വാചകമാണ് ഇത്. ഇവയൊക്കെ വാങ്ങിയത് പ്രസ് ക്ലബ്ബ് ഫണ്ടിൽ നിന്നാണ് എന്നതാണ് ഏറെ കൗതുകകരം.

പ്രസ് ക്ലബ്ബ് അംഗത്വം ഉള്ളവർക്കാണ് സങ്കേതത്തിൽ പ്രവേശനം അനുവദിക്കുക. എല്ലാ അംഗങ്ങൾക്കും ഒരു അതിഥിയെക്കൂടി കൊണ്ട് വരാം. തലസ്ഥാനത്തെ പത്രക്കാരുടെ ഇഷ്ടക്കാർ ഇങ്ങനെ ഇവിടെ സ്ഥിരം മദ്യപാനത്തിനായി എത്താറുണ്ട്. സ്വകാര്യമായി വാങ്ങുന്ന മദ്യം സൂക്ഷിക്കാനും ഇവിടെ സൗകര്യമുണ്ട്. മദ്യം വാങ്ങി സൂക്ഷിക്കുന്നവർക്ക് ആവശ്യത്തിന് വന്ന് കഴിക്കാനും ഇവിടെ സൗകര്യമുണ്ട്. അതേസമയം ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങിയ മദ്യം ബാറിലേത് പോലെത്തന്നെ ഇവിടെ വിൽക്കുന്നുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ ബാർ അടുത്തകാലത്താണ് പുതുക്കിപ്പണിത് ഡീലക്‌സ് ബാറിന്റെ പ്രൗഢി വരുത്തിയത്. വിവാദം ചൂട് പിടിച്ചതോടെ പകൽ സമയത്ത് മദ്യം വിതരണം നിലച്ചിരിക്കുകയാണ്. പകൽ മുഴുവൻ അടച്ചിടുന്ന ബാർ വൈകുന്നേരത്തോടെ തുറക്കും.

വിവാദം ഇത്രയും ചൂട് പിടിച്ചിട്ടും എക്‌സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. ചില മാദ്ധ്യമപ്രവർത്തകർ തന്നെ ഇതിന് മുമ്പ് ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മദ്യനിരോധന പ്രഖ്യാപനം നടന്ന സമയത്ത് ജോൺ പി തോമസ് എന്ന റിപ്പോർട്ടർ എക്‌സൈസ് മന്ത്രിയോട് പരസ്യമായി തന്നെ ഈ ചോദ്യം ചോദിച്ചിരുന്നു. അതിന്റെ പേരിൽ ജോണിനെതിരെ പ്രസ് ക്ലബ്ബ് അച്ചടക്ക നടപടി എടുക്കാൻ ആലോചന നടന്നുവരുമ്പോൾ ആണ് ഇത് വിവാദമായത്. ജോണിനെതിരെ നടപടി ആവശ്യപ്പെട്ട് ചില അംഗങ്ങൾ പ്രസ് ക്ലബ്ബിൽ പരാതി നൽകിയിട്ടുണ്ട്. 

തലസ്ഥാനത്തെ പ്രസ് ക്ലബ്ബിന്റെ പ്രധാന മന്ദിരത്തിന് താഴെ അണ്ടർഗ്രൗണ്ടിലാണ് ഇത് പ്രവർത്തിക്കുന്നത്. തൊട്ട് ചേർന്ന് പുതിയ മന്ദിരം പണിതീർക്കും വരെ ഈ ബാറിന് മുകളിൽ ആയിരുന്നു പ്രസ് ക്ലബ്ബിന്റെ ജേർണലിസം സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ പുതിയ മന്ദിരം വന്നതോടെ സ്‌കൂൾ അങ്ങോട്ട് മാറ്റിയിട്ടുണ്ട്. എന്നാൽ ബാറിന് തൊട്ട് മുമ്പിലൂടെ തന്നെ വേണം സ്‌കൂളിലേക്ക് കയറി പോകാൻ. മന്ത്രിമാരും ചലച്ചിത്ര ബിസിനസ് മേഖലയിലെ പ്രമുഖരും അടക്കമുള്ള എല്ലാവരും പത്രസമ്മേളനം നടത്താൻ എത്തുന്നത് ഈ പടികടന്നാണ്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുപ്പതിൽ അധികം ക്ലബ്ബുകൾക്ക് മദ്യം വിളമ്പാൻ ലൈസൻസ് ഉണ്ട്. പുതിയ ഉത്തരവിലും ക്ലബ്ബുകളെ ഒഴിവാക്കിയിട്ടില്ല. പ്രതിവർഷം 25 ലക്ഷം രൂപ ലൈസൻസ് ഫീസ് നൽകിയാണ് ക്ലബ്ബുകൾ ബാർ നടത്തുന്നത്, എന്നാൽ പ്രസ് ക്ലബ്ബിലെ ബാറിന് യാതൊരു വിധ ലൈസൻസും ഇല്ല. പ്രായപൂർത്തിയായ രണ്ട് പേർ ഉഭയസമ്മതത്തോടെ ഒരുമിച്ച് താമസിച്ചാൽ അവരെ അറസ്റ്റ് ചെയ്ത് ഫോട്ടോ എടുത്ത് നൽകുന്ന പൊലീസോ അത് ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളോ ഈ വാർത്തയോട് മൗനം പാലിക്കുകയാണ്. പത്രക്കാർ എല്ലാ നിയമങ്ങൾക്കും അതീതരാണ് എന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP