Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാവോസ്റ്റുകൾക്ക് വേണ്ടി പൊലീസ് ചെലവാക്കിയതിൽ ഭൂരിപക്ഷവും പാഴായി; മിക്കയിടങ്ങളും നിരീക്ഷിച്ചു മെനക്കെട്ടത് സിപിഐ എംഎല്ലുകാരെ!

മാവോസ്റ്റുകൾക്ക് വേണ്ടി പൊലീസ് ചെലവാക്കിയതിൽ ഭൂരിപക്ഷവും പാഴായി; മിക്കയിടങ്ങളും നിരീക്ഷിച്ചു മെനക്കെട്ടത് സിപിഐ എംഎല്ലുകാരെ!

തൃശൂർ: കേരളാ പൊലീസിന്റെ മാവോയിസ്റ്റുകളെ വലയിലാക്കാനുള്ള രഹസ്യ നീക്കമെല്ലാം പാഴായി എന്ന് സൂചന. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ സിപിഐ(എം എൽ)കാരുടെ പിറകെ നടക്കുകയായിരുന്നു പൊലീസ്. മാവോയിസ്റ്റ് എന്നാൽ സിപിഐഎംഎല്ലുകാരല്ലെന്ന് പൊലീസ് തിരിച്ചറിയുകയാണ് ഇപ്പോൾ. ഇതിനായി വൻ തുകയും പൊലീസ് ചെലവഴിച്ചു.

അപ്പോൾ സിപിഐ (എംഎൽ) എന്നാൽ മാവോയിസ്റ്റുകളല്ല അല്ലേ? എന്ന ചോദ്യമാണ് പൊലീസുകാർ ഇപ്പോൾ പരസ്പരം ചോദിക്കുന്നത്. സിപിഐ (എംഎൽ) പ്രവർത്തകരെ നിരീക്ഷിച്ചു വരുന്നതിനിടെയാണു പൊലീസ് സേനയിൽ മാവോയിസ്റ്റുകളെ സംബന്ധിച്ച് ആശയക്കുഴപ്പം രൂപപ്പെട്ടിരിക്കുന്നത്. ഇനി കാട്ടിലും നാട്ടിലുമുള്ള യഥാർഥ മാവോയിസ്റ്റുകളെക്കുറിച്ചുള്ള പൂർണമായ വിവരം ശേഖരിച്ചിട്ടേ വിശ്രമമുള്ളൂ എന്ന തീരുമാനത്തിലാണു കേരള പൊലീസ്. ഇതിനായും കോടികൾ പൊട്ടിക്കുമെന്ന് സാരം.

ഇതുവരെ മാവോയിസ്റ്റുകൾക്കായി സിപിഐ (എംഎൽ) പ്രവർത്തകരുടെ വീടുകളിൽ നടത്തിയ തിരച്ചിൽ നടത്തുകയായിരുന്നു പൊലീസ്. ഇഥ് പാഴായെന്നും ജനങ്ങളുടെ എതിർപ്പിന് ഇതു കാരണമായെന്നുമാണു സംസ്ഥാന പൊലീസിന്റെ വിലയിരുത്തൽ. മാവോയിസ്റ്റുകൾ കേരളത്തിൽ ദളം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഭീഷണി നേരിടാൻ കേരള പൊലീസ് ശ്രമം ആരംഭിച്ചത്. മാവോയിസ്റ്റുകളുമായി ബന്ധമുള്ളവരെന്ന ധാരണയിലാണു സിപിഐ (എംഎൽ) പ്രവർത്തകരെ നോട്ടമിട്ടത്. എന്നാൽ ഇവർക്കൊന്നും നിലവിൽ മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പൊലീസിന് മനസ്സിലായത്.

കേരളമടക്കം തമിഴ്‌നാട്, കർണാടക അതിർത്തിയിൽ മാവോയിസ്റ്റുകൾ ഗറില്ല യൂണിറ്റുകൾ ആരംഭിച്ചു എന്ന വിവരം കൂടി ലഭിച്ചതോടെ തണ്ടർബോൾട്ട് സംഘം ഉൾപ്പെടെ പരിശീലനം നേടിയ പൊലീസുകാരെ കാട്ടിലടക്കം തിരച്ചിലിനു നിയോഗിക്കുകയായിരുന്നു. സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്‌പെഷൽ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗറില്ല യൂണിറ്റുകൾ ആരംഭിച്ചത്. എന്നാൽ ഇതിന് പിന്നിൽ സിപിഐ(എംഎൽ)ആണെന്നായിരുന്നു പൊലീസിന്റെ നിഗമനം. അതുകൊണ്ട് കൂടിയാണ് മാവോയിസ്റ്റ് വേട്ട അക്ഷരാർത്ഥത്തിൽ പാളിയത്.

ഇതു സംബന്ധിച്ചു ലഭിച്ച സന്ദേശത്തിൽനിന്നു സേനയിലെ പ്രമുഖർ പലരും ധരിച്ചതു സിപിഐ മാവോയിസ്റ്റ് എന്നാൽ സിപിഐ (എംഎൽ) എന്നാണ്. ഇവർക്ക് അതിവിപ്ലവകാരികൾ എന്ന ലേബൽ കൂടിയുള്ളതിനാൽ ഇതുറപ്പിച്ചു. ഇവരുടെ വീടുകളിൽ രാത്രികാലങ്ങളിൽ പരിശോധന നടത്തുക, ഇവർ പങ്കെടുക്കുന്ന സമരങ്ങൾ സംബന്ധിച്ചു വിവരം ശേഖരിക്കുക തുടങ്ങിയവ നടന്നു വന്നു. ഇതിനിടയിൽ യഥാർഥ മാവോയിസ്റ്റുകൾ തങ്ങളുടെ പ്രവർത്തനം വിപുലമാക്കി. അങ്ങനെ ഇവരുടെ നീക്കങ്ങൾ ശക്തമായി. സായുധ ആക്രമണങ്ങളും നടന്നു.

തിരുനെല്ലിയിലും കൊച്ചിയിലെ നീറ്റ ജലറ്റിൻ ഓഫിസിലും അടക്കം മാവോയിസ്റ്റ് അക്രമങ്ങൾ നടത്തി. ഒടുവിൽ വയനാട്ടിലെ വെള്ളമുണ്ടയിൽ പൊലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. അട്ടപ്പാടിയിലും ആക്രമണം ഉണ്ടായി. സിപിഐ (എംഎൽ) മുഖപത്രമായ 'സഖാവ് വായിച്ചും ഇവരുടെ വെബ് സൈറ്റിൽ വരുന്ന സന്ദേശങ്ങൾ ശേഖരിച്ചും കണ്ടെത്തലുകൾ നടത്തിയപ്പോൾ ഇവർക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ കേരളത്തിൽ മാവോവാദികൾ ആശയ പ്രചാരണത്തിനു ലക്ഷ്യമിടുന്ന ഏഴു സംഘടനകൾ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP