Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉദയംപേരൂർ ഐഒസി പ്ലാന്റിലെ സമരം ഒത്തുതീർന്നു; പാരിപ്പള്ളിയിൽ സമരം തുടരും; പാചകവാതകത്തിന് തെക്കൻ ജില്ലകൾ ബുദ്ധിമുട്ടും

ഉദയംപേരൂർ ഐഒസി പ്ലാന്റിലെ സമരം ഒത്തുതീർന്നു; പാരിപ്പള്ളിയിൽ സമരം തുടരും; പാചകവാതകത്തിന് തെക്കൻ ജില്ലകൾ ബുദ്ധിമുട്ടും

കൊച്ചി: ഉദയംപേരൂർ എൽപിജി ബോട്ട്‌ലിങ് പ്ലാന്റിൽ ഹൗസ് കീപ്പിങ് തൊഴിലാളികളും കയറ്റിറക്കു തൊഴിലാളികളും നടത്തിവന്ന സമരം പിൻവലിച്ചു. അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണു സമരം പിൻവലിക്കാൻ തൊഴിലാളികൾ തീരുമാനിച്ചത്.

തൊഴിലാളികൾക്ക് മൂന്നു മാസത്തേക്ക് 4000 രൂപ വീതം ഇടക്കാലാശ്വാസമായി നൽകും. ചൊവ്വാഴ്ച മുതൽ ജോലിക്കു കയറിത്തുടങ്ങുമെന്നു തൊഴിലാളികൾ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി തൊഴിലാളികൾ സമരത്തിലായതിനെത്തുടർന്ന് എട്ടു ജില്ലകളിൽ പാചകവാതക വിതരണം താറുമാറായിരുന്നു.

തിങ്കളാഴ്ച വൈകിട്ടാണ് അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. ചൊവ്വാഴ്ച മുതൽ തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കുമെന്നും പതിനഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പാചക വാതക വിതരണം പൂർവസ്ഥിതിയിലാവുമെന്നും അധികൃതർ പറഞ്ഞു.

ജനുവരി 31ന് കാലാവധി തീർന്ന സേവനവേതന കരാർ പുതുക്കി നിശ്ചയിക്കുക, ഇടക്കാലാശ്വാസമായി 10,000 രൂപ വീതം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങിയത്. അതേ സമയം പാരിപ്പള്ളി ഐഒസി പ്‌ളാന്റിലെ സമരം ഇതുവരെ തീർപ്പായിട്ടില്ല. സമരം മൂലം തെക്കൻ ജില്ലകളിൽ പാചക വാതക ക്ഷാമം രൂക്ഷമായി തുടരുകയാണ്.

ഉദയംപേരൂർ, പാരിപ്പള്ളി എൽപിജി പ്‌ളാന്റുകളിലെ സമരം സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാക്കിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊച്ചി ഉദയംപേരൂർ എൽ.പി.ജി ബോട്ട്‌ലിങ് പ്ലാന്റിലെ ഹൗസ് കീപ്പിങ് കയറ്റിറക്ക് തൊഴിലാളികളും കൊല്ലം പാരിപ്പള്ളിയിൽ ട്രക്കുകളുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ടുമാണ് സമരം. രണ്ട് പ്‌ളാന്റുകളിലും സമരം ശക്തമായതോടെ കേരളത്തിൽ പാചകവാതകം വിതരണം നിലച്ച പശ്ചാത്തലത്തിലാണ് സമരക്കാരെ ഇന്ന് വീണ്ടും ചർച്ചക്ക് വിളിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് പാരിപ്പള്ളിയിൽ നിന്നാണ് എൽപിജി സിലിണ്ടറുകൾ വിതരണത്തിനെത്തുന്നത്. പ്രതിദിനം ശരാശരി 90 ലോഡ് സിലിണ്ടറാണ് ഇവിടെ നിന്നും വിതരണത്തിനായി പൊയ്‌ക്കൊണ്ടിരുന്നത്. ഇതുനിലച്ചതോടെ ഈ ജില്ലകളിലെ പാചകവാതക വിതരണം താറുമാറായി. സമരം നേരിടുന്നതിന് സർക്കാർ ആത്മാർത്ഥമായി ഇടപെടൽ നടത്തുന്നില്ലെന്നാണ് ഗ്യാസ് ഏജൻസികളുടെയും ഉപഭോക്താക്കളുടെയും ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP