Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമാ മേഖലയും ലഹരിമരുന്നു കച്ചവടവും ഇഴചേർന്ന കണ്ണികളോ? ലഹരിയിൽ മുങ്ങിയ നിശാപാർട്ടികൾ കണ്ടിട്ടും കാണാതെ അധികൃതർ

സിനിമാ മേഖലയും ലഹരിമരുന്നു കച്ചവടവും ഇഴചേർന്ന കണ്ണികളോ? ലഹരിയിൽ മുങ്ങിയ നിശാപാർട്ടികൾ കണ്ടിട്ടും കാണാതെ അധികൃതർ

കൊച്ചി: സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനത്തു നടക്കുന്ന ലഹരി നുരയുന്ന നിശാപാർട്ടികളുമായി സിനിമാരംഗത്തിന് ഒഴിവാക്കാനാകാത്ത ബന്ധമോ? വമ്പൻ സ്രാവുകൾ നടത്തുന്ന ആഡംബര നിശാപാർട്ടികളിൽ ലഹരി പതയുമ്പോൾ പൊലീസ് കണ്ണടയ്ക്കുകയാണ് എന്നതാണ് യാഥാർഥ്യം.

പലതവണ ഇത്തരം നിശാപാർട്ടികളിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും തുടർന്നുള്ള അന്വേഷണം അട്ടിമറിക്കപ്പെടുകയാണുണ്ടായത്. നക്ഷത്രഹോട്ടലിലും ആഡംബര നൗകയിലും നടത്തിയ ഇത്തരം പാർട്ടികൾ കണ്ടെത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചും മയക്കുമരുന്നു പാർട്ടികൾ സജീവമാണെന്നു തന്നെയാണ് യുവനടൻ ഷൈൻ ടോം ചാക്കോയുടെ അറസ്‌റ്റോടെ തെളിയുന്നത്. നഗരം ഐടി ഹബായി മാറിയതോടെയാണ് നിശാപാർട്ടികളും ഏറിയത്. നക്ഷത്ര ഹോട്ടലുകളിലായിരുന്നു ആദ്യ ഘട്ടങ്ങളിലെ ഒത്തുചേരലുകൾ. അതിനു പിന്നാലെ ഇത് ലഹരി മരുന്ന് പാർട്ടികളായി മാറി.

ആഴ്ചകൾക്കുമുമ്പ് നഗരത്തിലെ നക്ഷത്ര ഹോട്ടൽ റെയ്ഡ് ചെയ്ത ഷാഡോ പൊലീസ് കഞ്ചാവ് കണ്ടെടുത്തിരുന്നു. പാർട്ടിക്കായി എത്തിയവർ കൊണ്ടുവന്നതായിരുന്നു ഇത്. റെയ്ഡ് മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. എന്നാൽ, ഈ അന്വേഷണവും പിന്നീട് വഴിതെറ്റി. കഞ്ചാവ് വന്ന വഴി കണ്ടെത്താനായില്ലെന്നാണ് ഇപ്പോൾ പറയുന്നത്. ഇതോടെയാണ് രാപ്പാർട്ടികൾ കടലിലേക്ക് മാറിയത്.

കൊച്ചി തീരത്തു നിന്ന് പുറപ്പെടാനൊരുങ്ങിനിന്ന ആഡംബര നൗകയിൽനിന്നും ലഹരിമരുന്ന് കണ്ടെടുത്തതും ഏറെ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. പാർട്ടി സംഘടിപ്പിച്ച യുവതിയടക്കമുള്ളവർ പിടിയിലാകുകയും ചെയ്തു. നഗരത്തിലെ കുപ്രസിദ്ധനായ സിനിമാ നിർമ്മാതാവാണ് ആഴിയിലെ നിശാപ്പാർട്ടിക്ക് പിന്നിലെന്ന് പൊലീസ് ആദ്യം തന്നെ പറഞ്ഞിരുന്നു. അതോടെ എല്ലാ അന്വേഷണവും അവസാനിച്ചു. തെളിവില്ലെന്ന പേരിൽ പിടിയിലായവരുടെ തലയിൽ എല്ലാം കെട്ടിവച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എവിടെനിന്ന് ലഹരിമരുന്ന് എത്തിയെന്ന അന്വേഷണം മുന്നോട്ടുപോയില്ല.

ഹോട്ടലുകളും നൗകകളും മാത്രമല്ല കൊച്ചിയിലെ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ചും ലഹരിമരുന്ന് പാർട്ടികൾ സജീവമാണെന്നു തന്നെയാണ് ഇന്നുണ്ടായ സംഭവവും വ്യക്തമാക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോയടക്കമുള്ളവർ മയക്കുമരുന്നു കൈവശം വച്ചതിനു പിടിയിലായത് സിനിമാമേഖലയിൽ ഇത്തരം സംഭവങ്ങളുടെ താക്കോൽ ഉണ്ടെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

തന്റെ കൈയിൽ കൊക്കെയ്ൻ ഉണ്ടായിരുന്നില്ലെന്ന് പൊലീസിന്റെ പിടിയിലായ യുവനടൻ പിന്നീട് പ്രതികരിച്ചു. കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തിട്ടുമില്ലെന്നും പറഞ്ഞ ഇയാൾ നിസാമുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് പ്രതികരിച്ചില്ല. പൊലീസ് ജീപ്പിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈൻ.

എന്നാൽ, 10 പായ്ക്കറ്റുകളിലായാണ് കൊക്കെയ്ൻ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകിയതായാണ് പൊലീസ് പറഞ്ഞത്. മോഡൽ രേഷ്മയും സഹ സംവിധായിക ബ്ലെസിയും ചേർന്നാണ് കൊക്കെയ്ൻ കൊണ്ടുവന്നത്. പുതുവൽസര ആഘോഷത്തിന് ഗോവയിൽ പോയപ്പോൾ വാങ്ങിയതെന്നാണ് ഇവർ മൊഴി നൽകിയത്. എന്നാൽ ഈ മൊഴി വിശ്വസിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP