Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മംഗൾയാൻ ചൊവ്വയെ വലംവച്ചപ്പോൾ നമ്പി നാരായണൻ നീതിക്ക് വേണ്ടി അലയുന്നു; ചാരക്കേസിന്റെ പേരിൽ ബലിയാടായ നിരപരാധിയായ ശാസ്ത്രജ്ഞന് വേണ്ടി ഒടുവിൽ കോടതിയുടെ ഇടപെടൽ; കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം

മംഗൾയാൻ ചൊവ്വയെ വലംവച്ചപ്പോൾ നമ്പി നാരായണൻ നീതിക്ക് വേണ്ടി അലയുന്നു; ചാരക്കേസിന്റെ പേരിൽ ബലിയാടായ നിരപരാധിയായ ശാസ്ത്രജ്ഞന് വേണ്ടി ഒടുവിൽ കോടതിയുടെ ഇടപെടൽ; കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി: ചെയ്യാത്ത കുറ്റത്തിന് രാജ്യദ്രോഹിയെന്ന് മുദ്രകുത്തി പീഡിപ്പിക്കപ്പെട്ട നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന് ഇനിയെങ്കിലും നീതി കിട്ടുമോ? രാഷ്ട്രീയക്കളിക്ക് ഇരയായി കെട്ടിച്ചമച്ച ചാരക്കേസിൽ നമ്പിനാരായണനെ പ്രതിയാക്കിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ നിലപാട് തള്ളി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യൻ ബഹിരാകാശ രംഗത്തെ മുന്നേറ്റത്തിന് പോലും തടയിട്ട ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണന്റെ കണ്ണീരിൽ വീണ്ടും പുനർജ്ജനിക്കുന്നു.

ചാരക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് സർക്കാർ നേരത്തെ കൈക്കൊണ്ടത്. സർക്കാർ തീരുമാനം പുനഃപരിശോധിച്ച് 3 മാസത്തിനുള്ളിൽ അറിയിക്കണമെന്നും കേസ് കെട്ടിച്ചമച്ചവർക്കെതിരെ നടപടി വേണ്ടെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാരകേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സിബിഐ സംഘം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വ, സ്‌പെഷ്യൽ ബ്രാഞ്ച് സിഐ എസ് വിജയൻ എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു.

ഉദ്യോഗസ്ഥർക്കെതിരെ നടപടിയും, നഷ്ടപരിഹാരവുമാവശൃപ്പെട്ട്, നമ്പി നാരായണനും, കോടതിയെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുകയുമുണ്ടായി. കേസ് വിശദമായി പരിശോധിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയാവശ്യമില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് 2011 ജൂൺ 29 ന് ഉത്തരവുമിറങ്ങി. അന്വേഷണത്തിൽ വീഴ്ചയുണ്ടായി എന്നല്ലാതെ എന്ത് വീഴ്ചയുണ്ടായി എന്ന് സിബിഐ പറയുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ നമ്പി നാരായണന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ചാരക്കേസിലെ അന്വേഷണ ഉദ്യോസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ചാരവൃത്തിക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സിബിഐ നിർദ്ദേശിച്ചിരുന്നു. എന്നാൽ സിബിഐ റിപ്പോർട്ട് സർക്കാർ ഗൗരവമായെടുത്തില്ലെന്ന് കോടതി വിമർശിച്ചു. ബഹിരാകാശ ദൗത്യങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച നമ്പിനാരായണൻ, മംഗൾയാൻ ചൊവ്വയെ വലവെക്കുമ്പോഴും ഇവിടെ നീതിക്കു വേണ്ടി അലയുകയാണെന്നും കോടതി നിരീക്ഷിച്ചു. നമ്പിനാരായണന്റെ ഹർജ്ജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയാണ് സർക്കാർ നടപടി റദ്ദാക്കിയത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരിൽ പലരും ഇപ്പോൾ സർവീസിൽ നിന്നും വിരമിച്ചു. മറ്റ് ചിലർ മറ്റ് തസ്തികകളിൽ പ്രവർത്തിക്കുകയാണ് തുടങ്ങി. കരാണങ്ങളായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന നിലപാട് സർക്കാർ കൈക്കൊള്ളാൻ കാരണമായത്. നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും അന്വേഷണ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി വിധി നീതിയുടെ വിജയമാണെന്ന് നമ്പി നാരായണൻ പ്രതികരിച്ചു. കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നത് വരെ താൻ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

നമ്പി നാരായണൻ ഉൾപ്പടെയുള്ളവർ കേസിൽ പ്രതികളല്ലെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. കേസിൽ പീഡനത്തിനിരയായ നമ്പി നാരായണന് ലഭിച്ച ഇടക്കാല നഷ്ടപരിഹാരത്തുകയിൽ പകുതി കോർട്ട് ഫീയായി നൽകണമെന്ന കീഴ്‌കോടതി ഉത്തരവും മുമ്പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സർക്കാർ ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നൽകിയത്.

കെ കരുണാകരന്റെ കാലത്തേതു പോലെ ഏകീകൃത സ്വഭാവത്തോടെ ഐ ഗ്രൂപ്പ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട വേളയിൽ തന്നെയാണ് ചാരക്കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി നിർദ്ദേശിച്ചതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ഗ്രൂപ്പ് യുദ്ധങ്ങളുടെ ആയുധമായി കേസ് മാറിയേക്കുമെന്ന സൂചനയും പുറത്തു വന്നിരുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് വെറുതേയായെന്ന് കെ മുരളീധരൻ നേരത്തെ തന്നെ അഭിപ്രായപ്പെടുകയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP