Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാരോപിച്ച് പിതാവ് അദ്ധ്യാപകനേയും കന്യാസ്ത്രീയേയും തല്ലി; ഇരുക്കൂട്ടർക്കുമെതിരെ കേസ്

വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാരോപിച്ച് പിതാവ് അദ്ധ്യാപകനേയും കന്യാസ്ത്രീയേയും തല്ലി; ഇരുക്കൂട്ടർക്കുമെതിരെ കേസ്

ശ്രീകണ്ഠപുരം: സ്‌കൂളുകളിലെ വിദ്യാർത്ഥി മർദ്ദനം കേരളത്തിന് പുതുമയല്ല ഇന്ന്. ഇതിനെതിരെ നിയമങ്ങളുണ്ട്. എന്നാൽ കുട്ടിയെ തല്ലിയതിനെതിരെ അച്ഛൻ തന്നെ നിയമം കൈയിലെടുക്കുന്നത് ശരിയാണോ? കുട്ടിയെ തല്ലുന്നതും കുട്ടിയുടെ അച്ഛൻ പ്രതികാരം തീർക്കാൻ അദ്ധ്യാപകരെ അടിക്കുന്നതും ഒരു പോലെ നിയമ ലംഘനമാണ്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടർക്കുമെതിരെ പൊലീസ് കേസ് എടുത്തു.

നടുവിൽ സെന്റ്  മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദ്ദിച്ചുവെന്ന പരാതിയെ തുടർന്നു കോൺവന്റിനു നേരെ ആക്രമണമുണ്ടായതായാണ് പരാതി. എന്നാൽ സ്‌കൂൾ വളപ്പിൽ അദ്ധ്യാപകനെ മർദ്ദിച്ചുവെന്നും സ്‌കൂളിനോടു ചേർന്ന കോൺവന്റിൽ രാത്രി അതിക്രമിച്ചു കയറി കന്യാസ്ത്രീയെ ആക്രമിച്ചുവെന്നുമാരോപിച്ചു കുട്ടിയുടെ അച്ഛനായ സജി കുഴിവേലിനെതിരെ കോൺവന്റ് അധികൃതരും കുടിയാന്മല പൊലീസിൽ പരാതി നൽകി.

കുട്ടിയുടെ അച്ഛന്റെ അടിയേറ്റ സ്‌കൂളിലെ സ്‌പോക്കൺ ഇംഗ്ലിഷ് അദ്ധ്യാപകൻ ഒഡിഷ സ്വദേശി ബൽവിന്ദർ സിങ്ങിനെയും(26) ബഥനി കോൺവന്റ് അംഗം സിസ്റ്റർ അഭിഷിക്തയെയും (32) മർദനമേറ്റ നിലയിൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജി കുഴിവേലിലിന്റെ മകനും സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ജെറിൻ ജോർജിനെ (11) മർദ്ദനമേറ്റ നിലയിൽ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകൻ ബൽവിന്ദർ സിങ്ങിനെതിരെ ജെറിന്റെ ബന്ധുക്കൾ കുടിയാന്മല പൊലീസിൽ പരാതി നൽകി.

വിദ്യാർത്ഥിയെ അദ്ധ്യാപകൻ മുഖത്തടിച്ചെന്നാണു പരാതി. തുടർന്നു ചിലർ സ്‌കൂളിലെത്തി അദ്ധ്യാപകനെ മർദ്ദിച്ചതായി പറയുന്നു. രാത്രി വീണ്ടും വാഹനത്തിലെത്തിയ സംഘം പ്രാർത്ഥനാ സമയത്തു കോൺവന്റിൽ അതിക്രമിച്ചു കടക്കുകയും കന്യാസ്ത്രീകളെ അസഭ്യം പറയുകയും ചെയ്തുവെന്നാണു കോൺവന്റ് അധികൃതരുടെ പരാതി. അതിനിടെ കുഴിവേലിൽ സജിയുടെ വീടിനു നേരെ രാത്രി ആക്രമണമുണ്ടായതായും പരാതിയുണ്ട്. വീടിന്റെ ജനൽചില്ലുകൾ അടിച്ചുതകർത്ത നിലയിലാണ്.

കോൺവെന്റിന് നേരെ നടന്ന ആക്രമണത്തിൽ വിവിധ ക്രൈസ്തവ സംഘടനകൾ പ്രതിഷേധിച്ചു. ബത്തേരി രൂപത വികാരിജനറൽ ഡോ. വർഗീസ് താന്നിക്കാക്കുഴി, ഫാ. ചെറിയാൻ മൂടമ്പള്ളി, ഫാ. ജോൺ പനച്ചിപ്പറമ്പിൽ, മദർ പരിമള എന്നിവർ കോൺവന്റ് സന്ദർശിച്ചു. നടുവിൽ സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്കാ പള്ളി പാരിഷ് കൗൺസിൽ, മലങ്കര കാത്തലിക് അസോസിയേഷൻ, യൂത്ത് മൂവ്‌മെന്റ്  എന്നീ സംഘടനകൾ അക്രമത്തിൽ പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP