Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിന്റെ 'ചിറകൊടിഞ്ഞ കിനാവുകൾ'! വെളിപ്പെടുത്തലുകൾ നടത്തിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയിൽ അരിശംപൂണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കെ.സി. ജോസഫും; രഹസ്യനിയമം ലംഘിച്ച് പുസ്തകം എഴുതിയെന്ന പരാതിയിൽ പ്രകാശനം റദ്ദാക്കി; പുലിവാലു പിടിക്കുമെന്നായപ്പോൾ മുഖ്യമന്ത്രിയും മുങ്ങി

ജേക്കബ് തോമസിന്റെ 'ചിറകൊടിഞ്ഞ കിനാവുകൾ'! വെളിപ്പെടുത്തലുകൾ നടത്തിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയിൽ അരിശംപൂണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കെ.സി. ജോസഫും; രഹസ്യനിയമം ലംഘിച്ച് പുസ്തകം എഴുതിയെന്ന പരാതിയിൽ പ്രകാശനം റദ്ദാക്കി; പുലിവാലു പിടിക്കുമെന്നായപ്പോൾ മുഖ്യമന്ത്രിയും മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ ആത്മകഥയിൽ പരാതിയുമായി ഐഎഎസ് ഉദ്യോഗസ്ഥരും മുൻ മന്ത്രി കെ.സി. ജോസഫും. അവധിയിൽപ്പോയ വിജിലൻസ് ഡയറക്ടർ എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയുടെ പ്രകാശനത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറി. ഇതിനെ തുടർന്ന് ഇന്ന് വൈകിട്ട് അഞ്ചിന് നിശ്ചയിച്ചിരുന്ന പ്രകാശന കർമം റദ്ദാക്കി. ജേക്കബ് തോമസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് ആരോപണം.

ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മുന്മന്ത്രി കെ ബാബുവിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ചിലർ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്. ജേക്കബ് തോസമിന്റെ പുസ്തകം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയതിനിടെയാണ് പരാതിയുമായി ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ജേക്കബ് തോമസിന് പുസ്തകം എഴുതാൻ സർക്കാർ അനുമതി നല്കിയിരുന്നില്ലെന്ന് കേ.സി. ജോസഫും ചൂണ്ടിക്കാട്ടി.

വിജിലൻസിന്റെ തലപ്പത്തിരുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളുമായാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർ പരാതി നല്കിയത്. ജേക്കബ് തോമസിന്റെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കരുതെന്ന് കെ.സി. ജോസഫും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. ഇതിനു പിന്നാലെ ചടങ്ങ് റദ്ദാക്കി.

ഐപിഎസ് ഉദ്യോഗസ്ഥർക്ക് ബാധകമായ Police Forces ( Restrictions) Act 1966 ലെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ അഭിമുഖം നല്കുന്നതിനും പുസ്തകം എഴുതുന്നതിനും കേന്ദ്രാനുമതി ആവശ്യമാണ്. ജേക്കബ് തോമസിന്റെ ആത്മകഥയിൽ പല പ്രമുഖ നേതാക്കളെ തുറന്നു കാണിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ട്. സർവീസ് നിയമം അനുസരിച്ച് ഇത്തരമൊരു ബുക്ക് എഴുതാൻ പാടില്ലെന്നാണ് നിമയവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എൻ.കെ. ജയകുമാർ ഇക്കാര്യം ഇന്നു രാവിലെ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുത്താൻ പുലിവാലു പിടിക്കുമെന്നു ബോധ്യപ്പെട്ട പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

സിപിഐയുടെ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരാണ് ജേക്കബ് തോമസിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത്. അതേസമയം സിപിഐയുടെ സി ദിവാകരൻ മുമ്പ് ഭക്ഷ്യമന്ത്രിയായിരിക്കേ, സപ്ലൈക്കോയിൽ നടന്ന അഴിമതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച കാര്യവും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

ബാർ കോഴക്കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി കെ.ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചവർ കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നാണ് പുസ്തകത്തിലെ ഒരു ആരോപണം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടിരുന്നില്ലെന്നും വ്യക്തമാക്കുന്ന ആത്മകഥയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിക്കാണാൻ താൻ നേരത്തെ ആഗ്രഹിച്ചിരുന്നുവെന്നും ജേക്കബ് തോമസ് വെളിപ്പെടുത്തുന്നു.

ബാർകേസിനെക്കുറിച്ചു പരാമർശിക്കുന്ന അധ്യായത്തിലാണ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിൽ രൂപപ്പെട്ട ഐക്യമില്ലായ്മയെക്കുറിച്ചും അട്ടിമറി ശ്രമങ്ങളെക്കുറിച്ചും പറയുന്നത്. കെ.ബാബുവിനെ പിന്തുണയ്ക്കുന്നവരാണ് അന്വേഷണം മുന്നോട്ടുനീങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരെടുത്തു പറയാതെ സൂചിപ്പിക്കുന്നു. ബാർ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയിൽ 45 പേജ് കെ.ബാബുവിന് എതിരായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് അന്വേഷണത്തോട് വിയോജിപ്പുണ്ടായിരുന്നില്ലെന്നും പുസ്തകത്തിലുണ്ട്. അഗ്നിശമന സേനയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വാശിപിടിച്ചപ്പോഴാണ് തന്നെ മാറ്റിയതെന്നും ജേക്കബ് തോമസ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു. ഇക്കാലത്ത് ഉമ്മൻ ചാണ്ടി പരസ്യമായിത്തന്നെ ജേക്കബ് തോമസിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്.

ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ച് നിന്നുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. പൊലീസിലെ പ്രധാന ചുമതലകളിൽ നിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നു. വിജിലൻസ് ഡയറക്ടർ എന്ന നിലയിൽ അഴിമതിക്കെതിരായ തന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പിന്തുണ സംബന്ധിച്ചും പുസ്തകത്തിലുണ്ട്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറുന്നത് വരെ ഒരിക്കൽപ്പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നാണ് ജേക്കബ് തോമസ് ആത്മകഥയിൽ പറയുന്നത്. ചില കേസുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയും വിശദാംശങ്ങൾ മനസിലാക്കുകയും ചെയ്യുന്നതിനപ്പുറം അന്വേഷിക്കരുത് എന്നൊരു വാക്ക് ഒരിക്കൽപ്പോലും മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായിട്ടില്ല. പകരം ഒട്ടുമിക്ക പ്രതിസന്ധി ഘട്ടത്തിലും അദ്ദഹം പിന്തുണച്ചിട്ടേയുള്ളൂ എന്നും ജേക്കബ് തോമസ് പറയുന്നു. ഐഎഎസ് അസോസിയേഷനിലെ ചില മുതിർന്ന അംഗങ്ങൾ തനിക്കെതിരെ ഉറഞ്ഞുതുള്ളിയപ്പോൾ കുറച്ചുപേർ ബഹളം വെയ്ക്കുന്നുണ്ടല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു, നേരെയാകുമെന്നായിരുന്നു തന്റെ മറുപടി.

വിജിലൻസ് ഡയറക്ടറായിരിക്കെ യുഡിഎഫ് സർക്കാരിൽ നിന്നുണ്ടായ അനുഭവങ്ങളും പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നു. യുഡിഎഫ് സർക്കാർ കാലത്ത് വിജിലൻസിൽ എഡിജിപി ആയിരിക്കെ പാറ്റൂർ കേസ്, ടിഒ സൂരജ് കേസ്, ബാർ കോഴ കേസ് തുടങ്ങിയവയുടെ അന്വേഷണത്തിൽ താൻ നേരിട്ടും അല്ലാതെയും പങ്കാളിയായിരുന്നു. അതുകൊണ്ട് തന്നെ താൻ വിജിലൻസിൽ തുടരുന്നത് നല്ലതല്ലെന്ന് ഭരണതലത്തിൽ വിലയിരുത്തലുണ്ടായി. ബാർ കോഴ കേസ് അന്വേഷണത്തിന് വ്യക്തമായ ആക്ഷൻ പ്ലാൻ താൻ നൽകിയിരുന്നുവെന്നും ജേക്കബ് തോമസ് അവകാശപ്പെടുന്നു.

ക്രിമിനൽ നടപടി ചട്ടത്തിലെ 164ാം വകുപ്പ് പ്രകാരം ബിജു രമേശ് നൽകിയ മൊഴിയിൽ അഞ്ച് പേജ് മന്ത്രി കെ ബാബുവിനെക്കുറിച്ചായിരുന്നു. ഈ മൊഴിയുടെ തുടർനടപടിയായാണ് എറണാകുളം യൂണിറ്റിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ താൻ തീരുമാനിച്ച രീതിയിൽ അന്വേഷണം പുരോഗമിക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടായി. ബാബുവിനെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവരാണ് ഈ തീരുമാനമെടുത്തത്. അന്വേഷണം തന്റെ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഭ്യന്തരമന്ത്രിക്ക് വിയോജിപ്പില്ലായിരുന്നു.

കെ ബാബു, കെഎം മാണി എന്നിവരുടെ കേസിന്റെ വിഷയങ്ങളിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നും ഇടപെടലൊന്നുമുണ്ടായില്ല. ഇടപെടലുകൾ നടത്തിയവരാണെങ്കിൽ വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ ചെയ്തത്. സ്വന്തം ഫോണിൽ നിന്ന് വിളിക്കുക പോലുമില്ലായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. കറന്റ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എഎസ്‌പിയായി സർവീസിൽ പ്രവേശിച്ച് വിജിലൻസ് ഡയറക്ടറുടെ പദവിയിൽ നിന്ന് അവധിയിൽ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തിൽ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പിൽ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP