Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പറഞ്ഞ് കേട്ട അറിവ് മാത്രമുള്ള അച്ഛനെ കുറിച്ചുള്ള ഹ്രസ്വചിത്രം കാണാൻ ഒന്നര വയസ്സുകാരി മീനാക്ഷി എത്തി 22കാരിയായ അമ്മയുടെ തോളിൽ ചാഞ്ഞ്; സിയാച്ചനിലെ ഹിമപാതത്തിൽ ജീവൻ പൊലീഞ്ഞ സൈനികതൻ സുധഷ് മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഭാര്യയ്ക്ക് ജോലി നൽകാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല

പറഞ്ഞ് കേട്ട അറിവ് മാത്രമുള്ള അച്ഛനെ കുറിച്ചുള്ള ഹ്രസ്വചിത്രം കാണാൻ ഒന്നര വയസ്സുകാരി മീനാക്ഷി എത്തി 22കാരിയായ അമ്മയുടെ തോളിൽ ചാഞ്ഞ്; സിയാച്ചനിലെ ഹിമപാതത്തിൽ ജീവൻ പൊലീഞ്ഞ സൈനികതൻ സുധഷ് മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഭാര്യയ്ക്ക് ജോലി നൽകാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല

കൊച്ചി: അച്ഛൻ എന്നത് കുഞ്ഞ് മീനാക്ഷിക്ക് പറഞ്ഞ് കേട്ട അറിവ് മാത്രമാണ്. ഒന്നര വയസ്സുകാരി മീനാക്ഷിയെ എടുത്ത് ലാളിക്കാനോ ആ കുഞ്ഞ് കവിളിൽ ഉമ്മവയ്ക്കാനോ ഇനി ഒരിക്കലും അവളുടെ അച്ഛൻ എത്തുകയുമില്ല. ആ അച്ഛന്റെ മരണത്തിൽ നമ്മൾ മലയാളികളും ഒരുപാട് മനസ് നൊന്തതാണ്. മകൾക്ക് നാലു മാസം മാത്രം പ്രായമുള്ളപ്പോൾ ഒരു നോക്കു കാണാൻ പോലും അനുവദിക്കാതെയാണ് വിധി സുധീഷ് എന്ന സൈനികന്റെ ജീവിതം തട്ടി എടുത്തത്. അങ്ങിനെ ആ അച്ഛനും ഒരിക്കലും തന്റെ പൊന്നോമന മകളുടെ മുഖം ഒരു നോക്കു പോലും കാണാതെ ഈ ലോകത്ത് നിന്നും യാത്രയായി.

ഇന്നവൾക്ക് ഒന്നരവയസായി. രാജ്യസുരക്ഷാ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച അച്ഛൻ സുധീഷിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ഹ്രസ്വചിത്രം കാണാൻ ഇന്നലെ അവളും അമ്മയോടൊപ്പം എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ എത്തി. സിയാച്ചിനിൽ ഹിമപാതത്തിൽ മരിച്ച സൈനികൻ സുധീഷിന്റെ ഓർമകൾ നിറഞ്ഞ വേദിയിൽ വിതുമ്പലൊതുക്കിയ ഹൃദയവുമായാണു ഭാര്യ സാലുമോളും മകൾ മീനാക്ഷിയും ആദരവ് ഏറ്റുവാങ്ങിയത്. അമ്മയുടെ കണ്ണീരോർമ്മകൾക്കു മുന്നിൽ മീനാക്ഷി ഫോട്ടോയ്ക്കു പോസ് ചെയ്തു.

2016 ഫെബ്രുവരി മൂന്നിനു സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞുവീണു മരിച്ച ജവാൻ കൊല്ലം മൺറോത്തുരുത്തുകൊച്ചടുക്കത്ത് വീട്ടിൽ ബി. സുധീഷിന്റെ സ്മരണയ്ക്കായി ഒരുക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനാണു സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രനൊപ്പം സാലുമോളും മീനാക്ഷിയുമെത്തിയത്.

പിതാവ് മരിച്ചതോടെ 22കാരി സാലുമോളുടെ ജീവിതം ഇപ്പോൾ മകൾക്കു വേണ്ടിയാണ്. സുധീഷിന്റെ മാതാപിതാക്കളായ ബ്രഹ്മപുത്രനും പുഷ്പവല്ലിക്കുമൊപ്പമാണ് സാലുമോൾ താമസിക്കുന്നത്. സുധീഷ് മരിച്ചപ്പോൾ ആശ്രിതനിയമനം വഴി സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തജോലി ഇതുവരെയും സാലു മോൾക്ക് കിട്ടാത്തതാണ് ഈ കുടുംബത്തെ ഇപ്പോൾ കുഴയ്ക്കുന്നത്. വയോധികരായ മാതാപിതാക്കൾക്കൊപ്പം കുഞ്ഞ് മകളുമായി താമസിക്കുന്ന ഈ പെൺകുട്ടിക്ക് ജോലി ലഭിക്കാത്തതും ഈ കുടുംബത്തെ ചില്ലറയല്ല വലയ്ക്കുന്നത്.

സുധീഷ് മരിച്ചപ്പോൾ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പ്രത്യേക പരിഗണന നൽകി സാലുമോൾക്ക് ഉടൻ നിയമനം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നതായി ബ്രഹ്മപുത്രൻ പറഞ്ഞു. ഇതുസംബന്ധിച്ച് ഉത്തരവുമിറക്കിയിരുന്നു. തുടർന്ന് എൽ.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങൾ നേരിൽകണ്ടിരുന്നു. അടിയന്തരമായി പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ തുടർനടപടികൾ എന്തായി എന്നതിനെക്കുറിച്ച് ഈ കുടുംബത്തിനു വ്യക്തതയില്ല. നാട്ടിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ, വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതർക്കു ലഭിക്കുന്ന കേന്ദ്രസർക്കാർ ജോലിക്ക് അപേക്ഷ നൽകിയതുമില്ല.

കൊല്ലം എസ്.എൻ. കോളജിൽനിന്നു ബോട്ടണി ബിരുദം നേടിയ സാലുമോൾക്ക് ഫിഷറീസ് വകുപ്പിൽ നിയമനം നൽകാമെന്നു മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുന്നത് ഈ കുടുംബത്തെ ആശങ്കയിലാക്കുന്നു. ബ്രഹ്മപുത്രന്റെ മറ്റൊരു മകനും സൈന്യത്തിലാണ്. മകൾ സുരേഖ കുണ്ടറ കെ.എസ്.എഫ്.ഇയിൽ ജോലി ചെയ്യുന്നു.

ദി ആർട്ടിസ്റ്റ് സിനി പ്രഡക്ഷൻസിന്റെ ബാനറിൽ ജി.എസ്. ശ്രീകാന്ത് നിർമ്മിച്ച് ദേവ് ജി. ദേവൻ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് ഭാരതീയൻ ഇന്ത്യൻ സൈനികൻ. എറണാകുളം സെന്റ് തേരേസാസ് കോളജിൽ നടന്ന ചടങ്ങിൽ നടൻ ജയറാമും സംവിധായകൻ മേജർ രവിയും സംയുക്തമായി ചിത്രം പ്രകാശനം ചെയ്തു.

സീമാ ജി. നായർ, ജയിംസ് പാറക്കൽ, ജോയ് ജോൺ ആന്റണി, സരിത ബാലകൃഷ്ണൻ, ഷഫീഖ് മൊഹമ്മദ്, ബിജു അഗസ്റ്റിൻ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP