Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനം ലാൻഡ് ചെയ്തത് അൽപം പോലും ഇന്ധനമില്ലാതെ; ആശുപത്രികളും ആംബുലൻസുകളും ദുരന്തബാധിതരെ കാത്തിരുന്നു; ജെറ്റ് എയർവെയ്‌സ് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് തന്നെ

വിമാനം ലാൻഡ് ചെയ്തത് അൽപം പോലും ഇന്ധനമില്ലാതെ; ആശുപത്രികളും ആംബുലൻസുകളും ദുരന്തബാധിതരെ കാത്തിരുന്നു; ജെറ്റ് എയർവെയ്‌സ് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് തന്നെ

തിരുവനന്തപുരം: ലാഭമുണ്ടാക്കാനുള്ള ജെറ്റ് എയർവേയ്‌സിന്റെ അമിതാഗ്രഹമാണോ തിരുവനന്തപുരത്ത് വിമാന ദുരന്തത്തിന് തൊട്ട് അടുത്ത് എത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം. അതിനിടെ ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തര ലാൻഡിൻഡിംഗിനിടെ വിമാനം പൊട്ടിത്തെറിക്കുമെന്ന് തിരുവനന്തപുരം എയർപോർട്ടിലെ ഉദ്യോഗസ്ഥർ നൂറു ശതമാനം ഉറപ്പാക്കിയിരുന്നു. അതിന് അനുസരിച്ചുള്ള മുൻകരുതലും എടുത്തു. എന്നാൽ ഭാഗ്യം തുണച്ചപ്പോൾ 142 യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടു. ഇതെങ്ങനെ സാധിച്ചെന്ന് പറയാൻ ആർക്കും കഴിയുന്നുമില്ല

വ്യോമയാന നിർദേശങ്ങൾ അവഗണിച്ചു കഴിഞ്ഞദിവസം പൈലറ്റുമാർ തിരുവനന്തപുരത്തേക്കു വിമാനം തിരിച്ചുവിട്ടപ്പോൾ തലസ്ഥാന വിമാനത്താവളം കാത്തിരുന്നതു വൻ ദുരന്തം നേരിടാനുള്ള തയ്യാറെടുപ്പോടെയാണെന്നാണ് വ്യക്തമാകുന്നത്. ഇന്ധനം തീരുന്നതിനു തൊട്ടടുത്തെത്തിയ അവസ്ഥയിൽ, 142 യാത്രക്കാരുമായി വിമാനം ലാൻഡിങ്ങിനു ശ്രമിച്ചപ്പോഴായിരുന്നു ഇത്. തീർത്തും പ്രതികൂലമായ കാലാവസ്ഥയിൽ റൺവേ ശരിയായി കാണാത്ത നിലയായിരുന്നു. മറ്റെങ്ങോട്ടും പറക്കാനുള്ള ഇന്ധനം വിമാനത്തിൽ ബാക്കിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിന് ഉത്തരവാദി ജെറ്റ് എയർവേയ്‌സ് ആണെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ 18നു ദോഹയിൽനിന്നു കൊച്ചിയിലേക്കുള്ള ജെറ്റ് എയർവേയ്‌സ് വിമാനമാണു പ്രതികൂല കാലാവസ്ഥ കാരണം കൊച്ചിയിൽ ഇറങ്ങാനാകാതെ തിരുവനന്തപുരത്തെത്തിയത്. വിമാനം തകരാൻ വരെ സാധ്യതയുള്ള അത്യന്തം അപായസൂചന നൽകുന്ന സന്ദേശം (മെയ്‌‌ഡേ) വിമാനത്തിന്റെ പൈലറ്റ് നൽകിക്കഴിഞ്ഞിരുന്നു. വിമാനത്താവളത്തിൽ ആംബുലൻസുകൾ തയാറാക്കി നിർത്തുകയും അഗ്‌നിശമനസേനയ്ക്കു വിവരം കൈമാറുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തു രണ്ടുതവണ ലാൻഡിങ്ങിനു ശ്രമിച്ചു പരാജയപ്പെട്ടശേഷം മൂന്നാം തവണയാണു വിമാനം ഇടിച്ചിറക്കിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് വിമാനം തകരാത്തത്.

ദോഹയിൽ നിന്നു കൊച്ചിയിലേക്കെത്തിയ വിമാനം പ്രതികൂല കാലാവസ്ഥ മൂലം ലാൻഡിങ്ങിനുള്ള കാഴ്ച ലഭിക്കാത്ത സാഹചര്യത്തിലാണു പൈലറ്റുമാർ തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടത്. ഇവിടേയും പ്രതികൂല കാലാവസ്ഥയായിരുന്നു. ഇതോടെ ബെംഗളൂരുവിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശം എത്തി. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുക്കാൻ പൈലറ്റ് തയ്യാറായത്. പൈലറ്റുമാരുടെ നടപടി വൻ പിഴവാണെന്നു വ്യോമയാന മന്ത്രാലയം കണ്ടെത്തി. രണ്ടു പൈലറ്റുമാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പൈലറ്റുമാർക്കും വിമാനക്കമ്പനിക്കും എതിരെ അന്വേഷണമുണ്ടാവും. വിമാനത്തിൽ കൃത്യം ഇന്ധനവുമായെത്തിയതാണ് പ്രശ്‌നകാരണം. അതിന് പിന്നിൽ ജെറ്റ് എയർവെയ്‌സിന്റെ കച്ചവടക്കണ്ണ് ആണെന്നാണ് ആരോപണം.

കൊച്ചിയിൽ നിന്ന് വിമാനം തിരിച്ചുവിടുമ്പോൾ ഇന്ധനം തീരുന്നകാര്യം പൈലറ്റുമാർ അറിയിച്ചില്ല. വേണ്ടത്ര ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും പൈലറ്റുമാരാണ്. യാത്ര തുടങ്ങുന്നതിന് മുമ്പ്് അതുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പൈലറ്റുമാരും പ്രതിക്കൂട്ടിലാകുന്നത്. അതിനിടെ ദുരന്തം ഒഴിവാക്കിയത് മലയാളി പൈലറ്റായ മനോജ് രാമവാര്യരുടെ മനക്കരുത്ത് മാത്രമാണ്. എന്നാൽ പിഴവിന്റേ പേരിൽ മലയാളി പൈലറ്റും സസ്‌പെൻഷനിലായി.

തിരുവനന്തപുരം വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ 6.50 നാണ് സംഭവം. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കൊച്ചിയിൽ കനത്ത മൂടൽമഞ്ഞായതിനാൽ വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തെത്തി ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടൽ മഞ്ഞായിരുന്നു. മാത്രമല്ല ഇൻസ്ട്രുമെന്റൽ ലാൻഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടർന്ന് വിമാനമിറങ്ങാതെ വീണ്ടും പറന്നു. ഇങ്ങനെ മൂന്നുതവണ ശ്രമിച്ചെങ്കിലും ഇറങ്ങാൻ കഴിഞ്ഞില്ല. നാലാം തവണ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഇന്ധനം തീർന്നുവരുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു.

മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് 'മെയ്‌ ഡേയ്' എന്ന അവസാന സന്ദേശവുമറിയിച്ചു. തുടർന്ന് എയർട്രാഫിക് കൺട്രോൾ വിമാനത്താവളത്തിൽ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിർദ്ദേശം നൽകി. ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തിൽ അഗ്‌നിശമനസേന, ആംബുലൻസ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങൾ എന്നിവ സജ്ജമാക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാൻ വിമാനകമ്പനി അധികൃതർക്കും നിർദ്ദേശം നൽകി. ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തിൽ നിന്ന് 'മെയ്‌ ഡേ' സന്ദേശം ലഭിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ സജ്ജീകരണങ്ങൾക്കും പുറമേ മെഡിക്കൽ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും ആംബുലൻസും സജ്ജമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP