Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ പ്രഖ്യാപനം വന്നദിവസം രാത്രി പല ജൂവലറികളും കള്ളപ്പണം വാങ്ങി പാതിരാകഴിഞ്ഞും സ്വർണം വിറ്റു; കൊച്ചിയിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നത് 15 ജൂവലറികൾ; ഇടപാടുകാരുടെ വിവരം ശേഖരിക്കാൻ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു; മൂന്നുകിലോ വിറ്റിരുന്ന ചിലർ അന്ന് വിറ്റത് 30 കിലോ വരെ

മോദിയുടെ പ്രഖ്യാപനം വന്നദിവസം രാത്രി പല ജൂവലറികളും കള്ളപ്പണം വാങ്ങി പാതിരാകഴിഞ്ഞും സ്വർണം വിറ്റു; കൊച്ചിയിൽ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നത് 15 ജൂവലറികൾ; ഇടപാടുകാരുടെ വിവരം ശേഖരിക്കാൻ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു; മൂന്നുകിലോ വിറ്റിരുന്ന ചിലർ അന്ന് വിറ്റത് 30 കിലോ വരെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോട്ടുകൾ അസാധുവാക്കിയ ദിവസം രാത്രി ജൂവലറികളിൽ വ്യാപകമായി കള്ളപ്പണം നൽകി സ്വർണം വാങ്ങൽ നടന്നുവെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജൂവലറികൾക്കും കറൻസി നിരോധനം വന്ന ദിവസത്തെയുൾപ്പെടെയുള്ള കുറച്ചു ദിവസത്തെ വിൽപനയുടെ വിവരം നൽകാനാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകി. നിരോധത്തിന് മുമ്പും പിൻപുമുള്ള നാലുദിവസങ്ങളിലെ ഇടപാടുകളുടെ വിവരങ്ങൾ നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ജൂവലറികളിലെ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൊച്ചിയിലെ ഒരു ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തതായാണ് സൂചന.

രാജ്യത്തെ ജൂവലറികളിൽ കോടിക്കണക്കിന് രൂപയുടെ രഹസ്യവ്യാപാരം നടന്നെന്ന പരാതിയെ തുടർന്ന് രാജ്യത്തെ പ്രമുഖ ജൂവലറികളിൽ കസ്റ്റംസ് വിഭാഗം പരിശോധന തുടങ്ങിക്കഴിഞ്ഞു. മോദിയുടെ പ്രഖ്യാപനം വന്ന നവംബർ എട്ടിന് രാത്രി പന്ത്രണ്ടുമണിവരെ പല ജൂവലറികളിലും വിൽനപ നടന്നുവെന്നും ഇതെല്ലാം നിരോധിച്ച കറൻസി ഉപയോഗിച്ചാണ് നടന്നതെന്നും നേരത്തേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കൊച്ചി, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇത്തരത്തിൽ കച്ചവടം നടന്നതായാണ് വിവരം. തലേന്നത്തെ കണക്കിൽപ്പെടുത്തി ചിലയിടങ്ങളിൽ പഴയ കറൻസി വാങ്ങി നവംബർ ഒമ്പതിനും വിൽപന നടക്കുകയും കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുകയും ചെയ്തുവെന്ന വിവരവും പരിശോധിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി കൊച്ചിയിലെ 15 ജൂവലറികളിലാണ് കസ്റ്റംസ് അധികൃതർ റെയ്ഡ് നടത്തിയതെന്നാണ് വിവരം. നോട്ട് നിരോധിച്ച നവംബർ എട്ടിന് രാത്രിമുതലുള്ള സിസിടിവി ദൃശ്യങ്ങളും വിൽപ്പന രജിസ്റ്ററും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. വലിയ ശൃംഖലയുള്ള ഒരു ജൂവലറി ഗ്രൂപ്പിന്റെ കടയിൽനിന്നും ഒരാൾ അഞ്ച് കോടിയുടെയും മറ്റൊരാൾ അന്ന് രാത്രി ഒരുകോടി രൂപയ്ക്കും സ്വർണം വാങ്ങിയെന്ന റിപ്പോർട്ടും ഉണ്ടായിരുന്നു. ഒമ്പതാംതീയതി പുലർച്ചെവരെ കുറച്ചു സെയിൽസ്മാന്മാരെ മാത്രംവച്ച് കച്ചവടം നടത്തിയെന്നും പറയുന്നു.

ഗ്രാമിന് 2860 രൂപയായിരുന്നു അന്നത്തെ നിരക്കെങ്കിലും കള്ളപ്പണം വെളുപ്പിച്ച് നൽകുന്നതിന്റെ പ്രത്യുപകാരമായി ഗ്രാമിന് അയ്യായിരം രൂപവരെ ഉയർത്തിയാണ് നൽകിയത്. അരലക്ഷത്തിന്റെ കറൻസിക്ക് പത്തു ഗ്രാം സ്വർണം എന്ന ഒറ്റവിലയ്ക്കായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ നടന്നത്. എൻഫോഴ്‌സ്‌മെന്റും ഇത്തരത്തിൽ നടന്ന കച്ചവടത്തിന്റെ വിവരങ്ങൾ ശേഖരിച്ചുവരുന്നതിനിടെയാണ് കസ്റ്റംസ് ജൂവലറികൾക്ക് കുറച്ചു ദിവസങ്ങളിലെ കച്ചവടത്തിന്റെ കണക്കുനൽകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

നിരോധന പ്രഖ്യാപനം വന്ന ദിവസങ്ങളിൽ മാത്രം കൂടിയ വിൽപന കാണിക്കുന്ന ജൂവലറികളുടെ ഇടപാടുകൾ വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കും. അനധികൃത ഇടപാട് വ്യക്തമായാൽ കടുത്ത നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ ദിവസങ്ങളിൽ രണ്ടുമുതൽ നാലുകിലോ വരെ വിൽപന നടത്തിയിരുന്ന ജൂവലറികളിൽ ആ ദിവസങ്ങളിൽ എത്ര കിലോയുടെ കച്ചവടം നടന്നുവെന്ന് വ്യക്തമായാൽ തന്നെ കള്ളത്തരം പൊളിയുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ചിലയിടങ്ങളിൽ മുപ്പതു കിലോ സ്വർണംവരെ വിറ്റതായി കണ്ടെത്തിയെന്നാണ് അറിയുന്നത്.

അതേസമയം, കേരളത്തിൽ മാത്രമല്ല ബാംഗഌർ, മുംബൈ, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലും വൻ കച്ചവടം ജൂവലറികളിൽ നവംബർ എട്ടിന് രാത്രിയും ഒമ്പതിന് പുലർച്ചെയായും നടന്നിരുന്നു. ഡൽഹിയിലെ ഒരു ജൂവലറിയിൽ പുറത്ത് ക്യൂവരെ നിരോധനം വന്നയന്ന രാത്രി പ്രത്യക്ഷപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ എളുപ്പമാർഗമെന്ന നിലയിൽ പലരും മഞ്ഞലോഹത്തിന്റെ സഹായം തേടിയതായും മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയുള്ള മണിക്കൂറുകളിൽ തന്നെ വലിയൊരു ശതമാനം വൻകിടക്കാരുടെ കൈവശമുണ്ടായിരുന്ന കള്ളപ്പണം സ്വർണമായി മാറിയെന്നുമാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്ത്, 25 പ്രധാന നഗരങ്ങളിലെ 400ലേറെ ജൂവലറികളിലെ വ്യാപാരത്തെ കുറിച്ച് സംശയമുണർന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇവയിലും തുടർന്ന ്മറ്റു ജൂവലറികളിലും പരിശോധന നടത്താൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. പാൻ കാർഡ് ഉൾപ്പടെയുള്ള രേഖയുടെ പരിധിയിൽ വരാത്ത വിധം 2,49,000 രൂപയിൽ കുറഞ്ഞ വിവിധ ബില്ലുകളാക്കി സ്വർണം നൽകിയതായാണ് സൂചനകൾ. ഇതോടെ ഇടപാടുകാരൻ ആരെന്ന് ചോദിച്ചാൽ കൈമലർത്താനുള്ള സാധ്യതയാണ് ജൂവലറി ഉടമകൾ മുതലെടുത്തിരിക്കുന്നത്. ഇതോടെ ഇടപാടുകാരെ കണ്ടുപിടിക്കാനായാണ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP