Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ പാമ്പാടി എൻജിനിയറിങ് കോളജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിനു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ മർദനമേറ്റതായി സൂചന; മൃതദേഹത്തിൽ അടികൊണ്ട പാടുകൾ; പിആർഒ സഞ്ജിത് വിശ്വനാഥനും പങ്കുള്ളതായി ആരോപണം; കോളജ് അധികൃതരുടെ വാദങ്ങൾ പൊളിയുന്നു

നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ പാമ്പാടി എൻജിനിയറിങ് കോളജിൽ ആത്മഹത്യ ചെയ്ത ജിഷ്ണുവിനു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ മർദനമേറ്റതായി സൂചന; മൃതദേഹത്തിൽ അടികൊണ്ട പാടുകൾ; പിആർഒ സഞ്ജിത് വിശ്വനാഥനും പങ്കുള്ളതായി ആരോപണം; കോളജ് അധികൃതരുടെ വാദങ്ങൾ പൊളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള പാമ്പാടി എൻജിനിയറിങ് കോളജിൽ ആത്മഹത്യ ചെയ്ത ഒന്നാം വർഷ ബിടെക് വിദ്യാർത്ഥി ജിഷ്ണു പ്രാണോയി(18)ക്കു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ചു മർദനമേറ്റെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പൊലീസ് ഇനിയും നടപടി എടുക്കാൻ മടിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ മകനും കോളജിലെ പിആർഒയുമായ സഞ്ജിത് വിശ്വനാഥനും വിഷ്ണുവിന്റെ മരണത്തിൽ പങ്കുണ്ടെന്ന സൂചനയാണ് ബന്ധുക്കളിൽനിന്നും സഹപാഠികളിൽനിന്നും ലഭിക്കുന്നത്.

വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിടയിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതർ നടത്തിയ പീഡനത്തിനൊടുവിലാണ് വിഷ്ണു ആത്മഹത്യ ചെയ്തത്. ജിഷ്ണുവിന്റെ മുഖത്തും പുറത്തും ഉള്ളംകാലിലും മർദനമേറ്റതിന്റെ അടയാളമുള്ളതായി ബന്ധുക്കൾ പറഞ്ഞു. മൂക്കിന്റെ വലതുഭാഗത്തായി മുറിവിൽ രക്തം കനച്ചുകിടക്കുന്നുണ്ട്. പുറത്തെ മുറിവിൽ രക്തം വാർന്ന അടയാളങ്ങൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

പ്രവീൺ എന്ന അദ്ധ്യാപകനാണ് പരീക്ഷയ്ക്കിടെ കോപ്പിടയിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കോപ്പിയടി സംഭവം നടന്നാൽ അത് എക്സാം സെല്ലാണു കൈകാര്യം ചെയ്യേണ്ടത്. ജിഷ്ണു കോപ്പി അടിച്ചുവെന്ന് ഇൻവിജിലേറ്റർ അറിയിച്ചപ്പോൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കോളേജ് പിആർഒ ആയ സഞ്ജിത്തും എക്സാം സെല്ലിന്റെ ചുമതലയുള്ള രണ്ട് അദ്ധ്യാപകരും അടങ്ങുന്ന സംഘമാണു പരീക്ഷാ ഹാളിൽ വന്നു ജിഷ്ണുവിനേയും മറ്റൊരു വിദ്യാർത്ഥിയേയും പരിഹസിച്ചതും ചീത്തവിളിച്ചതും. കോളേജ് പിആർഒയ്ക്കു പരീക്ഷാ ഹാളിലെന്താണു കാര്യമെന്നാണു ജിഷ്ണുവിന്റെ സഹപാഠികൾ ചോദിക്കുന്നത്. തുടർന്ന് ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് ജിഷ്ണുവിനു മർദനമേറ്റുവെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.

കോളജ് അധികൃതരെ എതിർക്കുന്ന വിദ്യാർത്ഥികളെ കായികമായി നേടിടാൻ നേതൃത്വം നല്കുന്നത് പിആർഒ സഞ്ജിത് വിശ്വനാഥൻ ആണെന്ന് മുമ്പേ ആരോപണം ഉയർന്നിട്ടുള്ളതാണ്. വിദ്യാർത്ഥികളെ മർദിക്കാൻ മാത്രമായി കോളജിൽ ഒരു ഇടിമുറിയുണ്ടെന്നും പറയപ്പെടുന്നു.

എപ്പോഴും പോസിറ്റീവായി ചിന്തിക്കാറുള്ള വിഷ്ണു ചെറിയ കാര്യങ്ങൾക്കൊന്നും വിഷമിക്കാറില്ലെന്നും ബന്ധുക്കൾ പറയുന്നു. ജിഷ്ണുവിന്റെ മരണത്തിൽ നീതി തേടി നാളെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കുമെന്നും ബന്ധുക്കൾ അറിയിച്ചു.

കോപ്പിടയിക്കു പിടിക്കപ്പെട്ട ജിഷ്ണുവിനു താക്കീതു നല്കി വിട്ടെന്ന കോളജ് അധികൃതരുടെ വാദമാണ് ബന്ധുക്കൾ നിരത്തുന്ന തെളിവുകൾക്കു മുന്നിൽ പൊളിയുന്നത്. ജിഷ്ണു ഇങ്ങനെ ചെയ്യരുതായിരുന്നെന്നും യൂണിവേഴ്‌സിറ്റി പരീക്ഷയുടെ പവിത്രത നഷ്ടപ്പെടാതിരിക്കാനാണ് കോപ്പിയിച്ച അവനെ വിളിച്ച് ഉപദേശിച്ചതെന്നും ഇനി ഇങ്ങനെ ചെയ്യരുതെന്നു പറഞ്ഞ് അവനെ വിട്ടയ്ക്കുകയായിരുന്നുമെന്നുമാണ് പ്രിൻസിപ്പൽ എ.എസ്. വരദരാജൻ പറഞ്ഞത്.

ജിഷ്ണു ആത്മഹത്യക്കു ശ്രമിച്ചതിനു ശേഷം ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴും കോളേജിൽ നിന്നു ആരും സഹായത്തിനുണ്ടായിരുന്നില്ലെന്നാണു സഹാപാഠികൾ പറയുന്നത്. രാത്രി ഒരുമണിവരെ മൃതദേഹത്തിനൊപ്പം വിദ്യാർത്ഥികൾ മാത്രമായിരുന്നു. ഇന്നലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ ജിഷ്ണുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തിട്ടും അദ്ധ്യാപകരോ പ്രിൻസിപ്പലോ മറ്റു മാനേജ്മെന്റ് പ്രിതിനിധികളോ പങ്കെടുത്തില്ല. ഇവരാരും ഫോണിൽ വിളിച്ചു പോലും അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. കോളേജ് അധികൃതർ ഒരു റീത്തു പോലും സമർപ്പിച്ചിട്ടില്ലെന്നു ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP