Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുൻസിഫ് കോടതി ബെഞ്ച് ക്ലെർക്കിനെതിരെ വകുപ്പുതല അന്വേഷണം; എൻക്വയറി ഓഫീസർ ജില്ലാ ജഡ്ജി

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുൻസിഫ് കോടതി ബെഞ്ച് ക്ലെർക്കിനെതിരെ വകുപ്പുതല അന്വേഷണം; എൻക്വയറി ഓഫീസർ ജില്ലാ ജഡ്ജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബെഞ്ച് ക്ലെർക്കിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മുൻസിഫ് കോടതിയിലെ ബെഞ്ച് ക്ലെർക്ക് ആറ്റിപ്ര ഹൗസ് നമ്പർ-16ൽ യേശുദാസ് ഫെർണാണ്ടസി (43)നെതിരെയാണ് അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബുവാണ് അന്വേഷണ അധികാരി.

തട്ടിപ്പിനിരയായ യുവതി ജില്ലാ ജഡ്ജിക്ക് നേരിട്ട് സമർപ്പിച്ച പരാതിയിലാണ് അന്വേഷണം. പൊതുമേഖലാ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയതിന് ശേഷം ജോലി വാങ്ങി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതി. പാരിപ്പള്ളി ബ്ലാക്ക് മെയിലിങ് കേസിൽ ഉൾപ്പെട്ട് റിമാന്റിൽ കഴിഞ്ഞതിനാൽ നിലവിൽ യേശുദാസ് സസ്‌പെൻഷനിൽ കഴിയുകയാണ്.

2017 സെപ്റ്റംബർ 22 നാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജില്ലാ ജയിലിൽ റിമാന്റിൽ കഴിഞ്ഞത്. കേസിൽ കൊട്ടിയം, കിളിമാനൂർ സ്വദേശികളായ രണ്ടു യുവതികളെയും വർക്കല സ്വദേശിയും പറവൂർ പെൺവാണിഭ കേസിലെ പ്രതിയുമായ ജനതാ വിജയകുമാറിനെ (58)യും അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഇവരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതോടെയാണ് യേശുദാസിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. കൊട്ടിയത്തെ യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് യേശുദാസിൽ എത്തുന്നത്.

ബ്യൂട്ടലേസർ ചികിത്സാ ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പാരിപ്പള്ളി സ്വദേശിയായ വയോധികനായ പ്രവാസി, തിരുവനന്തപുരത്ത് ബിസിനസ് ചെയ്യുന്ന എറണാകുളം സ്വദേശി എന്നിവരെ കബളിപ്പിച്ച് യുവതിയും സംഘവും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. രണ്ടു യുവതികളെയും വൃദ്ധനായ പാരിപ്പള്ളി സ്വദേശിയായ പ്രവാസി ഒരേ ദിവസം വിവാഹം കഴിച്ചെന്ന വ്യാജരേഖ സംഘം ചമച്ചതായാണ് പൊലീസ് കേസ്. യേശുദാസിന്റെ സഹായത്താടെയാണ് നരുവാമൂട്ടിലെ സമുദായ സംഘടനയുടെ വ്യാജ ലെറ്റർപാഡ് തയ്യാറാക്കിസംഘം വിവാഹ രേഖ ചമച്ചത്.

രേഖകളുടെ പിൻബലത്തിൽ പാരിപ്പള്ളി സ്വദേശിയെ അപായപ്പെടുത്തി സ്വത്ത് തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. യുവതിയുടെ വീട്ടിൽ നിന്നാണ് വ്യാജ വിവാഹ രേഖകൾ പൊലീസ് കണ്ടെടുത്തത്. ഇതിനൊപ്പം പിടിച്ചെടുത്ത പെൻഡ്രൈവ്, ലാപ്‌ടോപ് എന്നിവയും ഫോറൻസിക് പരിശോധനാ ലാബിലയച്ച് ഫലം ലഭ്യമാക്കിയിട്ടുണ്ട്. കുമാരപുരത്തെ ഒരു ബിൽഡറെ ചതിച്ച് 15 ലക്ഷത്തോളം തട്ടിയെടുത്തതിന് കൊട്ടിയം സ്വദേശിയായ യുവതിക്കെതിരെ തിരുവനന്തപുരം മെഡിക്കൽ പൊലീസ് വഞ്ചിയൂർ അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടന്നു വരികയാണ്. കൂടാതെ വിദേശത്ത് ലീഗൽ അഡൈ്വസറായി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിയൂർ ബാറിലെ ഒരഭിഭാഷകനെ ചതിച്ച് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് ഇതേ യുവതിക്കെതിരെ വഞ്ചിയൂർ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്രേട്ട് കോടതി -11 മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ പരാതിയിൽ 2014-ൽ യേശുദാസിനെതിരെ വകുപ്പുതല നടപടിയുണ്ടായിരുന്നു. ഭൂമിയേറ്റെടുക്കൽ നഷ്ടപരിഹാരക്കേസിൽ (എൽ.എ.ആർ) ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തിയെന്നായിരുന്നു കളക്ടറുടെ പരാതി. മുൻ സിബിഐ കോടതി ജഡ്ജി രഘുവായിരുന്നു അന്ന് വകുപ്പു തല അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ ജഡ്ജിക്ക് കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP