Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ മന്ത്രി കെ ബാബുവും രാജിവച്ചു; എക്‌സൈസ് മന്ത്രിയുടെ രാജി വിജിലൻസ് കോടതിയുടെ രൂക്ഷമായ വിമർശനത്തിനൊടുവിൽ; രാജിപ്രഖ്യാപനം നീണ്ട പത്രസമ്മേളനം കഴിഞ്ഞ്; ബാബു ബാർ കോഴയിൽ കുടുങ്ങി രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ കടുത്ത പ്രതിസന്ധിയിൽ

ഒടുവിൽ മന്ത്രി കെ ബാബുവും രാജിവച്ചു; എക്‌സൈസ് മന്ത്രിയുടെ രാജി വിജിലൻസ് കോടതിയുടെ രൂക്ഷമായ വിമർശനത്തിനൊടുവിൽ; രാജിപ്രഖ്യാപനം നീണ്ട പത്രസമ്മേളനം കഴിഞ്ഞ്; ബാബു ബാർ കോഴയിൽ കുടുങ്ങി രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രി: തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ കടുത്ത പ്രതിസന്ധിയിൽ

കൊച്ചി: ബാർ കോഴ കേസിൽ കുടുങ്ങിയ മന്ത്രി കെ ബാബുവും രാജിവച്ചു. എഫ്‌ഐആർ ഇട്ട് മന്ത്രിക്കെതിരെ കേസെടുക്കാനുള്ള വിജിലൻസ് കോടതി ഉത്തരവിനെ തുടർന്നാണു മന്ത്രിയുടെ രാജി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എറണാകുളം ഗസ്റ്റ് ഹൗസിൽ സന്ദർശിച്ചശേഷം പ്രസ് ക്ലബ്ബിലെത്തിയാണു മന്ത്രി രാജി പ്രഖ്യാപിച്ചത്.

തന്നെ കുടുക്കാൻ നടന്ന ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നു വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. തന്റെ പേരിൽ എഫ്‌ഐആർ ഇതുവരെ കൈയിൽ കിട്ടിയിട്ടില്ല. വിധിപ്പകർപ്പു പോലും കണ്ടിട്ടില്ല. എങ്കിലും കോടതിവിധി മാനിച്ച് ധാർമികതയുടെ പേരിൽ രാജിവയ്ക്കുന്നുവെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്കെതിരെ സിപിഐ(എം) ഗൂഢാലോചന നടത്തിയെന്നും വി ശിവൻകുട്ടി എംഎൽഎയുടെ വീട്ടിലാണു ഗൂഢാലോചന നടത്തിയതെന്നും കെ ബാബു പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള പ്രമുഖ സിപിഐ(എം) നേതാക്കൾ ഡിസംബർ 15ന് നടന്ന യോഗത്തിൽ പങ്കെടുത്തു. കോടിയേരിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. തന്റെ മാന്യത കൊണ്ടാണ് ശിവൻകുട്ടിയുടെയോ കോടിയേരിയുടെയോ പേര് ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്നും ബാബു പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പു യുഡിഎഫ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയുടെ രാജിയാണ് ഇന്നു കേരളം കണ്ടത്. രാജിപ്രഖ്യാപനത്തിനായി ശ്വാസമടക്കിപ്പിടിച്ചു കേരളം ടെലിവിഷനു മുന്നിൽ കാത്തിരിക്കവെയാണ് രാജിക്കത്തു മുഖ്യമന്ത്രിക്കു കൈമാറിക്കഴിഞ്ഞുവെന്നു കെ ബാബു അറിയിച്ചത്.

കോടതിവിധി വന്നതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കെ ബാബു രാജിസന്നദ്ധത അറിയിച്ചിരുന്നു. അതിനുശേഷമായിരുന്നു വൈകിട്ടു 3.30ഓടെ ബാബു മാദ്ധ്യമങ്ങളെ കണ്ടത്.

ബാബുവിനെതിരായും ബിജു രമേശിനെതിരേയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു മന്ത്രിയുടെ രാജി. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാർ കോഴ ആരോപണം സംബന്ധിച്ച ദ്രുത പരിശോധന (ക്വിക് വെരിഫിക്കേഷൻ) പൂർത്തിയാക്കുന്നതിന് ഒരു മാസം കൂടി അനുവദിക്കണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അതിരൂക്ഷമായ വിമർശനങ്ങളോടെ സർക്കാരിനെ വെട്ടിലാക്കുന്ന കോടതിയുടെ പരാമർശം എത്തിയത്.

ധനമന്ത്രിയായിരുന്ന കെ.എം മാണിക്കു പിന്നാലെയാണു ബാർ കോഴക്കേസിൽ അടിതെറ്റി എക്‌സൈസ് മന്ത്രി കെ ബാബുവും പുറത്തേക്കു പോകുന്നത്. അധികാരത്തിൽ കടിച്ചു തൂങ്ങാനില്ലെന്നാണു വാർത്താസമ്മേളനത്തിൽ ബാബു പറഞ്ഞത്. ഒരു കേസിലും ഈ നിമിഷം വരെ പ്രതിയല്ല. ആദ്യ വെളിപ്പെടുത്തലിന്റെ സമയത്തോ പിന്നീടോ തനിക്ക് പണം തന്നുവെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നും ബാബു അവകാശപ്പെട്ടു. സിപിഐ(എം) അധികാരത്തിൽ വന്നാൽ മദ്യനയത്തിൽ മാറ്റം വരുത്തുമോ എന്ന് വ്യക്തമാക്കണമെന്നും ബാബു പറഞ്ഞു.

കെ ബാബുവിനെതിരായ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുക. കേസ് പരിഗണിക്കവെ വിജിലൻസിനെതിരെ അതിരുക്ഷമായ പരാമർശവും കോടതി നടത്തിയിരുന്നു. കോടതി പരാമർശത്തോടെ കോൺഗ്രസിൽ തന്നെ ബാബുവിന്റെ രാജിക്കായി ആവശ്യമുയർന്നു. കോടതി പരാമർശം അതീവ ഗൗരവമുള്ളതാണെന്ന് സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഴിമതി ആരോപണം നേരിടുന്ന ബാബുവുമായി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുയർന്നു. തുടർന്ന് കെ. ബാബു, കെപിസിസി പ്രസിഡന്റിനെ രാജിസന്നദ്ധ അറിയിക്കുകയായിരുന്നു. സുധീരനുമായി ഫോണിൽ സംസാരിച്ച ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കളും ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതുവരെയുള്ള വിജിലൻസ് നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് അന്വേഷണത്തിൽ കോടതി നിരീക്ഷണവും ഉണ്ടാകും. വിജിലൻസിന് ആത്മാർഥതയും സത്യസന്ധതയുമില്ലെന്നും കോടതി പരാമർശിച്ചു. സർക്കാരിനെതിരെയും വിജിലൻസിനെതിരേയും രൂക്ഷ വിമർശമാണ് കോടതി നടത്തിയത്. ലോകായുക്തയുണ്ടെന്ന് കരുതി വിജിലൻസ് കോടതി അടച്ച് പൂട്ടാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചു. വിജിലൻസിന് ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാമായിരുന്നു. ഇത്ര ദിവസമുണ്ടായിട്ടും പ്രാഥമിക അന്വേഷണം നടത്താനോ റിപ്പോർട്ട് സമർപ്പിക്കാനോ വിജിലൻസ് തയ്യാറായിട്ടില്ല. കോടതി മണ്ടനാണന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ബാർ ലൈസൻസ് പുതുക്കാൻ ബിജു രമേശിൽനിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം. ടെലിവിഷൻ ചാനലുകളിൽ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഒരു മാസംകൂടി സമയം വേണമെന്നുമാണ് വിജിലൻസ് ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ലോകായുക്തയിലെന്നാണ് ഇതിന് വിജിലൻസ് കാരണമായി പറഞ്ഞത്. ഇതാണ് കോടതി തള്ളിയത്. കോടതിയുടെ പരാമർശങ്ങൾ അതിരൂക്ഷമാണ്. അതുകൊണ്ട് തന്നെ കെ ബാബു പ്രതിരോധത്തിലാകുകയായിരുന്നു. എക്‌സൈസ് മന്ത്രി സ്ഥാനം ബാബു രാജിവയ്‌ക്കേണ്ടി വന്നതോടെ ബാർ കോഴയിൽ സർക്കാർ വീണ്ടും സമ്മർദ്ദത്തിലായിരിക്കുകയാണ്. 

ബാബുവിന്റെ രാജിയിൽ തീരുമാനം വിജിലൻസ് കോടതി ഉത്തരവ് പരിശോധിച്ചശേഷമെന്നു മുഖ്യമന്ത്രി

കോട്ടയം: തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചശേഷമാകും കെ. ബാബുവിന്റെ രാജി സ്വീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതേസമയം, തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണു മന്ത്രി കെ ബാബു എന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺട്രാക്‌ടേഴ്‌സിൽ ചിലരും പ്രതിപക്ഷ കക്ഷികളിലെ ചിലരും ചേർന്ന് ആലോചന നടത്തിയെന്ന് നേരത്തെതന്നെ കെ. ബാബു പറഞ്ഞിരുന്നു. ആന്റണി ചാരായം നിരോധിച്ചതിനുശേഷം മദ്യ ലഭ്യത കുറയ്ക്കാൻ എടുത്ത ഏറ്റവും കടുത്ത ശ്രമമാണു മദ്യ നയം. ഇത് ആരോടുമുള്ള എതിർപ്പോ തീരുമാനമോ അല്ല. സമൂഹത്തിനുള്ള നന്മയായിരുന്നു. ഇതിൽ ചിലർക്ക് എതിർപ്പുണ്ട്. സ്വാഭാവികമായി സർക്കാരിനെതിരെ എതിർപ്പുവന്നു. അവർ ഗവൺമെന്റിന്റെ മന്ത്രിമാരെ അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തു വന്നാലും സർക്കാർ നിലപാടിൽനിന്നു പിന്നോട്ടുപോകില്ല. മദ്യ ലഭ്യത ക്രമേണ കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP