Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ കൗൺസിൽ പ്രതിനിധി നിയമനത്തിലും ആരോഗ്യമന്ത്രിയുടെ ഇടപെടൽ; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ പട്ടിക തള്ളി മന്ത്രി നിയമിച്ചത് ഇഷ്ടക്കാരനെ; മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം

മെഡിക്കൽ കൗൺസിൽ പ്രതിനിധി നിയമനത്തിലും ആരോഗ്യമന്ത്രിയുടെ ഇടപെടൽ; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ പട്ടിക തള്ളി മന്ത്രി നിയമിച്ചത് ഇഷ്ടക്കാരനെ; മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമന വിവാദത്തിൽ കുടുങ്ങിയ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് മേൽ കുരുക്കുകൾ മുറുകുന്നു. മെഡിക്കൽ കൗൺസിലിലേക്കുള്ള സംസ്ഥാന പ്രതിനിധിയെ നിയമിക്കുന്ന കാര്യത്തിലും മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന കാര്യം പുറത്തുവന്നതോടെയാണ് സർക്കാർ കൂടുതൽ പ്രതിരോധത്തിലായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ പട്ടിക തള്ളിയാണ് മന്ത്രി കെ.കെ. ശൈലജ മറ്റൊരു ഡോക്ടറെ ഇതിനായി നിർദേശിച്ചത്.

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ പ്രസിഡന്റായ ഡോ. റാണി ഭാസ്‌കരനെയാണ് മന്ത്രി നിർദേശിച്ചത്. നിലവിൽ ഇവർ മെഡിക്കൽ കൗൺസിൽ അംഗമാണ്. ഇവരുടെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ പ്രതിനിധിയെ നിർദേശിക്കണം. ഇവരെത്തന്നെ വീണ്ടും പ്രതിനിധിയായി നിയമിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഫയൽ നിയമനനടപടികളുടെ ഭാഗമായി ഇപ്പോൾ വിജിലൻസിന്റെ പരിഗണനയിലാണ്. വിജിലൻസിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ശുപാർശ മെഡിക്കൽ കൗൺസിലിന് കൈമാറും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പതോളജി വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.പി. അരവിന്ദൻ, മെഡിസിൻ വിഭാഗം മുൻ പ്രൊഫസർ കെ.പി. ശശി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. തോമസ് ഐപ് എന്നിവരുടെ പേരുകളാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ശുപാർശചെയ്തിരുന്നത്. ഡോക്ടർമാരുടെ പട്ടിക സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ എന്തു തീരുമാനം കൈക്കൊണ്ടെന്ന് അറിയില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

റാണി ഭാസ്‌കരനെ നിയമിക്കുന്നതിൽ ഒരുവിഭാഗം ഡോക്ടർമാർ എതിർപ്പുമായി രംഗത്തു വന്നിട്ടുണ്ട്. മുഴുവൻ മെഡിക്കൽ കോളേജുകളുടെയും നിയന്ത്രണാധികാരമുള്ള കൗൺസിലിലേക്ക് സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അവർ പറയുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രമുഖരായ ഡോക്ടർമാരെ തഴഞ്ഞാണ് റാണി ഭാസ്‌കരന്റെ നിയമനമെന്നും ഇവർ ആരോപിക്കുന്നു.

നേരത്തെ ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനവും കെ.എച്ച്.ആർ.ഡബ്ല്യു.എസ്. മാനേജിങ് ഡയറക്ടർ നിയമനവും വിവാദമായിരുന്നു. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി മാനേജിങ് ഡയറക്ടർ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.) നിയമനത്തിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ ജി. അശോക് ലാലിനാണ് മന്ത്രി ഇടപെട്ട് ഡെപ്യൂട്ടേഷൻ നിയമനം നൽകിയത്. അശോക് ലാൽ ഇതിനായി പ്രത്യേക അപേക്ഷ നൽകിയിരുന്നില്ല. നിയമന ഉത്തരവ് നൽകാൻ മന്ത്രി രേഖാമൂലം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ജയരാജൻ ചെയ്തപോലെ ലെറ്റർഹെഡിൽ നിയമന ഉത്തരവ് നൽകിയാണ് മന്ത്രി ഈ നിയമനം നടത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ഇക്കാര്യം അറിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുൻ ആരോഗ്യ ഡയറക്ടറുമായിരുന്ന ഡോ. പി.കെ. ജമീലയെ ആരോഗ്യവകുപ്പിനു കീഴിലെ ആർദ്രം പദ്ധതിയുടെ കൺസൾട്ടന്റായി നിയമിച്ചതിലും ആരോഗ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണമുണ്ട്. അതേസമയം അച്ചടക്ക നടപടി നേരിടുന്ന ജൂനിയർ ഡോക്ടർക്ക് മന്ത്രിയുടെ സ്വന്തക്കാരനായതിനാൽ ഉന്നത നിയമനം ലഭിച്ചതായി ആരോപണവും ഉയരുന്നുണ്ട്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്ര് നൽകിയതിന് നടപടി നേരിടുന്ന കണ്ണൂർ ജില്ലാ ആശുപത്രിയിലെ ആർ.എം.ഒ ഡോ . കെ. വി ലതീഷിനെ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിച്ചത് മന്ത്രി കെ.കെ. ശൈലജ താല്പര്യമെടുത്താണെന്നാണ് ആക്ഷേപം.

നിരവധി പേർക്ക് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്ര് നൽകിയതിന് ഡോ. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡി.എച്ച്. എസ്, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ ഫയലിൽ കുറിച്ചതാണ്. എന്നാൽ ലതീഷിന് ലഭിച്ചത് യോഗ്യതയുള്ള നിരവധി പേരെ മറികടന്ന് കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ അധികാരമുള്ള ഉന്നത പദവിയാണ്.

കതിരൂർ മനോജ് വധക്കേസിലെ പ്രതി കെ.വി.വിക്രമനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ഒ.പി യിൽ പരിശോധിക്കുകയോ ചെയ്യാതെ മനോരോഗത്തിന് നിംഹാൻസിൽ ഉന്നത ചികിത്സയ്ക്ക് റഫർ ചെയ്യുന്ന കത്ത് നൽകിയത് ഡോ. ലതീഷായിരുന്നു. ഇത്തരം കത്ത് നൽകേണ്ടത് ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് രേഖകളിൽ പെടുത്താതെ രോഗിക്ക് ആശുപത്രി ലെറ്റർ ഹെഡ്ഡിൽ സർട്ടിഫിക്കറ്ര് നൽകിയത് കുറ്റകരമാണെന്നായിരുന്നു ഇത്

അന്വേഷിച്ച ആരോഗ്യ വകുപ്പ് അഡി.ഡയറക്ടർ (വിജിലൻസ് )ഡോ. നീത വിജയന്റെ റിപ്പോർട്ട്. ആശുപത്രി ലെറ്റർ ഹെഡ്ഡിൽ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ചികിത്സാ രേഖകൾ തയ്യാറാക്കിയതിന് ഡോക്ടർക്കെതിരെ നടപടി ആരംഭിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ.ലതീഷിനെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നത്. മന്ത്രി കണ്ണൂരിലെത്തിയാൽ എപ്പോഴും കൂടെയുണ്ടാവുന്ന ലതീഷ് അനധികൃതമായി ജോലിക്ക് ഹാജരാവാത്തതിനും നടപടി നേരിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP