Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ ചിത്രം സത്യമാണ്... എന്നാൽ ബിജെപിയിൽ അംഗത്വം എടുത്തുവെന്ന വാർത്ത തെറ്റാണ്! ജൈവകർഷകൻ കെ എം ഹിലാൽ ബിജെപിയിൽ അംഗത്വമെടുത്തെന്ന പ്രചരണം വ്യാജം; സ്റ്റേജിൽ കയറി കണ്ണന്താനത്തെ കണ്ടത് സൗഹൃദം പുതുക്കാനെന്ന് ഹിലാൽ

ആ ചിത്രം സത്യമാണ്... എന്നാൽ ബിജെപിയിൽ അംഗത്വം എടുത്തുവെന്ന വാർത്ത തെറ്റാണ്! ജൈവകർഷകൻ കെ എം ഹിലാൽ ബിജെപിയിൽ അംഗത്വമെടുത്തെന്ന പ്രചരണം വ്യാജം; സ്റ്റേജിൽ കയറി കണ്ണന്താനത്തെ കണ്ടത് സൗഹൃദം പുതുക്കാനെന്ന് ഹിലാൽ

തിരുവനന്തപുരം: ജൈവകർഷകൻ കെ എം ഹിലാൽ ബിജെപിയിൽ അംഗത്വമെടുത്തു എന്ന വിധത്തിലുള്ള പ്രചരണങ്ങൾ തുടങ്ങിയിട്ട് ഏതാനം മണിക്കൂറുകളായി. അൽഫോൻസ് കണ്ണന്താനത്തിന്് സ്വീകരണം ഒരുക്കുന്ന വേദിയിൽ അദ്ദേഹവും എത്തിയ സാഹചര്യത്തിലാണ് ഇത്തരം പ്രചരണങ്ങൾ തുടങ്ങിയത്. ബിജെപി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ഈ പ്രചരണങ്ങൾ തള്ളി ഹിലാൽ തന്നെ രംഗത്തെത്തി. താൻ ബിജെപിയിൽ ചേർന്നെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലാത്തതാണെന്നും സുഹൃത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് വേദിയിൽ കയറിയതെന്നും ഹിലാൽ പറഞ്ഞു. കണ്ണന്താനതത്തോടുള്ള പരിചയം പുതുക്കാനാണ് വേദിയിൽ കയറിയതെന്നും അല്ലാതെ ബിജെപയിൽ ചേർന്നിട്ടില്ലെന്നും ഹിലാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഹിലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ഞാൻ BJP യിൽ അംഗത്വമെടുത്തതായി വാട്‌സ് ആപിൽ വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നു. അത് സത്യമല്ല. ഈ ചിത്രം സത്യമാണ് താനും. സംഭവം ഇതാണ്:
ഇന്ന് കോട്ടയം ജില്ലയിലെ വിവിധ പരിപാടികൾക്കിടയിൽ വൈകുന്നേരം പള്ളിക്കത്തോട് എത്തി. അപ്പോഴാണ് അവിടെ ബഹു.കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നടന്നുകൊണ്ടിരുന്നത്.


1998 ൽ ഞാൻ കോട്ടയത്തെ 'ജനബോധന സാക്ഷരതായജ്ഞത്തിൽ പങ്കെടുത്ത നാളുകളിൽ ആ പദ്ധതിക്ക് നേതൃത്വം വഹിച്ച ശ്രീ. കണ്ണന്താനത്തോട് സ്‌നേഹവും ബഹുമാനവും പുലർത്തിയിരുന്നു. അക്കാലത്തെ അദ്ദേഹവുമായുള്ള നേരിയ പരിചയം ഒന്ന് പുതുക്കാമെന്ന് അത്തരുണത്തിൽ കരുതി. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതി കൃഷി പ്രചാരണങ്ങൾക്കും പരിസ്ഥിതി രംഗത്തെ ഇടപെടലുകൾക്കും അകമഴിഞ്ഞ പിന്തുണയും സഹായവും നൽകിയ BJP അദ്ധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരനും അവിടെ സന്നിഹിതനായിരുന്നു.

പരിപാടി നടന്ന സ്റ്റേജിന് സമീപത്തേക്ക് ഇരുവരുമായി കുശലം പറഞ്ഞ് നീങ്ങിയ എന്നെ ഒന്നാദരിക്കണമെന്ന് ബഹു. കുമ്മനം രാജശേഖരൻ ആഗ്രഹം പ്രകടിപ്പിക്കുകയും ഞാനതിന് സമ്മതം മൂളുകയും ചെയ്തു. വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലത്ത് ഇടതു വിദ്യാർത്ഥി സമരത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ശ്രീ നോബിൾമാത്യുവാണ് അവിടെ പരിപാടികൾ നിയന്ത്രിച്ചു കൊണ്ടിരുന്നത്. അദ്ദേഹം മൈക്കിലൂടെ ക്ഷണിച്ചതനുസരിച്ച് ബഹു. അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിദ്ധ്യത്തിൽ ശ്രീകുമ്മനം രാജശേഖരൻ എന്നെ ഷാൾ അണിയിക്കുകയും ആശ്ശേഷിക്കുകയും ചെയ്തു. ഉടൻ തന്നെ ശ്രീകണ്ണന്താനവും എന്നെ തിരിച്ചറിഞ്ഞ് അടുത്തേക്ക് വന്ന് ആശ്ലേഷിച്ചു.

അതിനിടയിൽ പള്ളിക്കത്തോട്ടിലെ ഒരു DYFI പ്രവർത്തകൻ BJP അംഗത്വമെടുക്കുന്ന ഒരു ചടങ്ങും അവിടെ നടന്നു. ഇത് വീക്ഷിച്ചവരിൽ ചിലർ ഉടൻ തന്നെ ചിത്രങ്ങളെടുത്ത് ഞാൻ BJP അംഗത്വമെടുത്തതായി വാട്ട്‌സ് ആപ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഞാൻ ഇപ്പോൾ BJP യിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ അംഗത്വമെടുക്കാൻ തീരുമാനിച്ചിട്ടില്ല എന്ന് ഇത്തരുണത്തിൽ അറിയിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള നിരവധി പേർ സുഹൃത്തുക്കളായി എനിക്കുണ്ട്. ആ സുഹൃദ് ബന്ധവും സഹകരണങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടുള്ള ആഭിമുഖ്യമായി കാണേണ്ടതില്ലെന്ന് അപേക്ഷിക്കുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യമില്ലെന്ന് ബോധ്യപ്പെടുത്താനായി അവരിലെ സുഹൃത്തുക്കളിൽ നിന്ന് അകന്ന് നിൽക്കാനോ BJP, CPI(M), CPI, കോൺഗ്രസ്, കേരളകോൺഗ്രസ്, മുസ്ലിം ലീഗ്, SDPI തുടങ്ങി ഏതൊരു പാർട്ടികളുടേയും വേദി പങ്കിടാതിരിക്കുന്നതിനോ ഞാൻ തയാറല്ലെന്നും താഴ്മയായി അറിയിക്കുന്നു.

സർവമതങ്ങളിലെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും നല്ലവരായ ആളുകളുമായുള്ള സൗഹൃദം തുടർന്നും തുടരുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു.
സ്‌നേഹപൂർവം,
ഹിലാൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP