Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി കലബുർഗിയിലേക്കില്ല; ഇനിയാർക്കും തന്റെ വേദനയുണ്ടാകാതിരിക്കാൻ കുറ്റക്കാർ ശിക്ഷിക്കപ്പെടണം; ഫിനോയിൽ കുടുപ്പിച്ചത് ആതിരയും ലക്ഷ്മിയും ചേർന്നെന്നും വിശദീകരണം; നഴ്‌സിങ് കോളേജിൽ റാഗിങ് പീഡനത്തിന് ഇരയായ അശ്വതി വീട്ടിൽ തിരിച്ചെത്തി

ഇനി കലബുർഗിയിലേക്കില്ല; ഇനിയാർക്കും തന്റെ വേദനയുണ്ടാകാതിരിക്കാൻ കുറ്റക്കാർ ശിക്ഷിക്കപ്പെടണം; ഫിനോയിൽ കുടുപ്പിച്ചത് ആതിരയും ലക്ഷ്മിയും ചേർന്നെന്നും വിശദീകരണം; നഴ്‌സിങ് കോളേജിൽ റാഗിങ് പീഡനത്തിന് ഇരയായ അശ്വതി വീട്ടിൽ തിരിച്ചെത്തി

എടപ്പാൾ: കർണാടകയിലെ കലബുറഗിയിലെ നഴ്‌സിങ് കോളജിൽ റാഗിങ്ങിന് ഇരയായ എടപ്പാൾ കണ്ടനകം കളരിക്കൽ പറമ്പിൽ അശ്വതി (18) വീട്ടിൽ തിരിച്ചെത്തി. 49 ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അശ്വതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തത്. അശ്വതിക്ക് ഇനി വായിലൂടെ ഭക്ഷണം കഴിക്കാം. ഇതുവരെ കുഴൽവഴി ദ്രവരൂപത്തിലുള്ള ആഹാരം നൽകുകയായിരുന്നു.

പഠിച്ചിരുന്ന കലബുറഗി അൽഖമർ കോളജ് ഓഫ് നഴ്‌സിങ്ങിലേക്ക് ഇനിയില്ലെന്ന തീരുമാനത്തിലാണ് അശ്വതി. സീനിയർ വിദ്യാർത്ഥികൾ അശ്വതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ശുചിമുറിയിൽ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിച്ചെന്നുമാണ് കേസ്. റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ഓർമകൾ മറക്കാൻ ശ്രമിക്കുകയാണെന്നും ഇനി കലബുറഗി കോളജിലേക്ക് പഠിക്കാനില്ലെന്നും അശ്വതി പറഞ്ഞു. കലബുറഗി കോളജിൽ നിന്ന് ഇതുവരെ ഒരാൾപോലും വിവരം തിരക്കിയിട്ടില്ല. സർട്ടിഫിക്കറ്റുകളെല്ലാം കോളജിലാണെന്നും കേരളത്തിലെ ഏതെങ്കിലും നഴ്‌സിങ് കോളജിൽ പഠിക്കാനാണ് ആഗ്രഹമെന്നും അശ്വതി പറഞ്ഞു.

താൻ വളരെ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇനിയാർക്കും ഈ അനുഭവമുണ്ടാകാതിരിക്കാൻ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും അശ്വതി പറഞ്ഞു. കോളേജിൽ എത്തിയതു മുതൽ താനുൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികൾ റാഗിങ്ങിന് വിധേയമായിട്ടുണ്ടെന്നും അശ്വതി പറഞ്ഞു. തന്നെ ഫിനോയിൽ കുടിപ്പിച്ചത് സീനിയർ വിദ്യാർത്ഥിനി ആതിരയുടെ നേതൃത്വത്തിലാണെന്നും അശ്വതി പറഞ്ഞു. ലക്ഷ്മിയും ആതിരയുടെ സഹായത്തിനുണ്ടായിരുന്നു. മുമ്പ് കൃഷ്ണപ്രിയയും ശിൽപയും റാഗിങ്ങിന് ഇരയാക്കിയിട്ടുണ്ടെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.

ജൂൺ രണ്ടിനാണ് അശ്വതിയെ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു മുൻപ് കലബുറഗിയിലെയും എടപ്പാളിലെയും ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. വിവാദം ആളിക്കത്തിയതോടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തു. അപകടനില തരണംചെയ്ത അശ്വതി കഴിഞ്ഞ ദിവസം മുതൽ ദ്രവരൂപത്തിലുള്ള ഭക്ഷണം വായിലൂടെ കഴിച്ചിരുന്നു. ഏതാനും മാസങ്ങൾകൂടി വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കേസിൽ മൂന്നു മലയാളി വിദ്യാർത്ഥിനികൾ പിടിയിലായി. മറ്റൊരു മലയാളിവിദ്യാർത്ഥിനിക്കുവേണ്ടി അന്വേഷണം തുടരുകയാണ്.

റാഗിങ്ങിന്റെ ഭാഗമായി ടോയ്‌ലറ്റ് ക്‌ളീനർ കുടിപ്പിച്ചതിനെ തുടർന്ന് അന്നനാളത്തിന് ഗുരുതര പൊള്ളലേറ്റ അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കർണ്ണാടക ഡിവൈ.എസ്‌പി വി. ജാൻവി, സി.ഐ ശങ്കർ ഗൗഡ പാട്ടീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശ്വതിയെ ചികിത്സിച്ച ആശുപത്രികളിലും വീട്ടിലുമത്തെി വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസം ഒന്നാകാറായിട്ടും റിപ്പോർട്ട് ഇതുവരെയും സമർപ്പിച്ചിട്ടില്ല.

അതേസമയം, കേസിൽ അറസ്റ്റിലായ രണ്ടു വിദ്യാർത്ഥിനികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കലബുറഗി ബെഞ്ചിനു മുമ്പാകെ ജാമ്യാപേക്ഷ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP