Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിൽ വിമാനം ഇറങ്ങാൻ ഇനിയും ഒരു കൊല്ലം കൂടിയെങ്കിലും വേണം; ജനുവരിയോടെ ഓഫീസുകൾ തുടങ്ങും; എയർ ഇന്ത്യയും ജെറ്റ് എയർവേസും ഇൻഡിഗോയും ആദ്യം പറക്കും

കണ്ണൂരിൽ വിമാനം ഇറങ്ങാൻ ഇനിയും ഒരു കൊല്ലം കൂടിയെങ്കിലും വേണം; ജനുവരിയോടെ ഓഫീസുകൾ തുടങ്ങും; എയർ ഇന്ത്യയും ജെറ്റ് എയർവേസും ഇൻഡിഗോയും ആദ്യം പറക്കും

കണ്ണൂർ: സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതാണ്. വിമാനവും പറന്നുയർന്നു. എന്നാൽ, വിമാനത്താവളമായോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയ വിമാനത്താവള ഉദ്ഘാടന ചടങ്ങ് തന്നെ ഏറെ വിവാദത്തിലായിരുന്നു. എന്തായാലും വിമാനത്താവളം സജ്ജമാകാൻ ഇനിയും ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും വേണ്ടി വരുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇടതു സർക്കാർ അതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനായി സർവീസ് നടത്താൻ തയ്യാറുള്ള വിമാനക്കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. മൂന്ന് കമ്പനികളാണ് ഇപ്പോൾ സമ്മതം അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ, ജറ്റ് എയർവേയ്സ്, ഇൻഡിഗോ എന്നീ കമ്പനികളാണിത്. കൂടുതൽ കമ്പനികളുമായും ചർച്ചകൾ നടത്തും. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ശേഷം അനുമതികൾ ലഭിച്ചാലേ അന്താരാഷ്ട്ര സർവീസുകൾ ലഭിക്കുന്നത്.

2017 മാർച്ചോടെ വിമാനത്താവളം പൂർണരീതിയിൽ സജ്ജമക്കാനാണ് നീക്കം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസിനായുള്ള നടപടികളും തുടങ്ങി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, കംസ്റ്റംസ്, എമിഗ്രേഷൻ, എയർപോർട്ട് അഥോറിറ്റി, മെറ്റീരിയോളജിക്കൽ വിഭാഗം എന്നിവയ്ക്കുള്ള ക്രമീകരണം ഒരുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയായാൽ മാത്രമേ ഡി.ജി.സി.എ. ലൈസൻസ് ലഭിക്കുകയുള്ളൂ. 2017 ജനവരിയാകുമ്പോഴേക്കും വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട എല്ലാ ഏജൻസികൾക്കുമുള്ള സൗകര്യമൊരുങ്ങും.

വിമാനത്താവളത്തിലേക്കുള്ള നാല് റോഡുകൾ വീതികൂട്ടുന്നുണ്ട്. ഇതിൽ മൂന്നെണ്ണത്തിന് ഭരണാനുമതി കിട്ടി. വായന്തൊടി, അഞ്ചരക്കണ്ടി, പഴശ്ശി കനാൽ എന്നീ മേഖലയിൽനിന്നായി വിമാനത്താവളത്തിലേക്കുള്ള റോഡുകളാണിത്. വയനാട്ടിൽനിന്ന് മട്ടന്നൂരിലേക്കുള്ള റോഡും ഇതോടൊപ്പം വീതി കൂട്ടേണ്ടതുണ്ട്. ധർമശാല-ചാലോട്-മട്ടന്നൂർ, കണ്ണൂർ-മട്ടന്നൂർ എന്നീ റോഡുകളുമാണ് വീതികൂട്ടാനുള്ള മറ്റു മൂന്നെണ്ണം. ഇതിന് മൂന്നിനുമായി 45 കോടിരൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവയെല്ലാം രണ്ടുവരിപ്പാതകളാണ്. വിമാനത്താവളത്തിലേക്കുള്ള ഗ്രീൻഫീൽഡ് റോഡ് നാലുവരിപ്പാതയാണ്. പക്ഷേ, ഇതിന്റെ നിർമ്മാണകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

വിമാനത്താവള അനുബന്ധ റോഡുകളുടെ കാര്യത്തിൽ ബജറ്റിൽ പ്രത്യേക പരാമർശമില്ലാത്തതും നടപടി വൈകിപ്പിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഒറ്റ പാക്കേജായി പൂർത്തിയാക്കുമെന്നാണ് ബജറ്റിലുള്ളത്. ഇതിനായി പദ്ധതി തയ്യാറാക്കേണ്ടിവരും. കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-മട്ടന്നൂർ നാലുവരിപ്പാത നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള ഡി.പി.ആർ. ഉടൻ തയ്യാറാക്കും.

കിയാൽ എം.ഡി.യായി ചുമതലയേറ്റ ടി.തുളസീദാസ് കഴിഞ്ഞദിവസം കണ്ണൂരിൽ പ്രത്യേക യോഗം വിളിച്ച് പുരോഗതി വിലയിരുത്തി. റൺവേ 4000 മീറ്ററാക്കാനുള്ള നടപടി ഇപ്പഴേ തുടങ്ങാനാണ് തീരുമാനം. ഇതിനായി 150 ഏക്കർ ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് സർക്കാരിനെ അറിയിക്കും. 3400 മീറ്ററാക്കണമെങ്കിൽ 68 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. റൺവേ നാലായിരമാക്കുകയാണ് സർക്കാർ തീരുമാനമെങ്കിൽ 150 ഏക്കർതന്നെ ഏറ്റെടുക്കാനുള്ള അനുമതി നല്കണമെന്നാണ് കിയാലിന്റെ ആവശ്യം.

കണ്ണൂർ, കാസർകോട് ജില്ലകളിലെയും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിലെയും വയനാട്ടിലെയും കർണാടകയിലെ കുടകിലെയും ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാദുരിതത്തിന് വിമാനത്താവളം സജ്ജമാകുന്നതോടെ അറുതിയാകും. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഈ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ആശ്രയിക്കുന്നത്. ദുബൈയിൽ നിന്ന് വിമാനത്തിൽ കരിപ്പൂരിലെടുക്കാൻ എടുക്കുന്ന സമയത്തേക്കാളധികം വീട്ടിലത്തൊൻ വേണ്ടിവരുന്നുണ്ട് ഇവർക്കിപ്പോൾ. മഴക്കാലത്തും മറ്റും റോഡുകളുടെ അവസ്ഥ മോശമാകുമ്പോൾ യാത്രാദുരിതം ഇരട്ടിയാകും. കണ്ണൂർ വിമാനത്താവളം തുറക്കുന്നതോടെ വിമാനമിറങ്ങിയാൽ എത്രയും വേഗം വീട്ടിലത്തൊൻ കഴിയുമെന്ന പ്രതീക്ഷയും പ്രവാസികൾക്കുണ്ട്.

മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ ഒരുങ്ങുന്ന വിമാനത്താവളം കണ്ണൂർ ജില്ലയുടെ വികസനത്തിനും വഴിതെളിക്കും. കണ്ണൂർ മുതൽ മട്ടന്നൂർ വരെ നഗരത്തിന്റെ ഭാഗമായി മാറും. വിമാനത്താവളത്തോടനുബന്ധിച്ച് പുതിയ സംരംഭങ്ങൾ ഉയർന്നുവരും. കൂടുതൽ ടൂറിസ്റ്റുകൾ ഉത്തര മലബാറിലേക്ക് ഒഴുകും. അനേകം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. നെടുമ്പാശേരി വിമാനത്താവളം തുറന്നശേഷം കൊച്ചി നഗരത്തിനുണ്ടായ വളർച്ചക്ക് സമാനമായിരിക്കും ഇത്.

1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവിൽ വ്യോമയാനമന്ത്രിയായിരുന്ന കണ്ണൂരുകാരൻ കൂടിയായ സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. സിവിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിമാനത്താവളം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാറിനൊപ്പം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഏറെ പ്രയത്‌നിച്ചു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് വിമാനത്താവളം നിർമ്മിക്കുന്നത്. സർക്കാർ- പൊതുമേഖലക്ക് 51 ശതമാനം ഓഹരിയും സ്വകാര്യ-സഹകരണ മേഖലക്ക് 49 ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്. പ്രമുഖ വ്യവസായികൾ അടക്കം ധാരാളം പ്രവാസി മലയാളികൾ ഓഹരികളെടുത്തു. മൂന്നുവർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് ശിലാസ്ഥാപന വേളയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോയി. ഇതിനിടെയാണ് യുഡിഎഫ് പരീക്ഷണ പറക്കാൽ നടത്തുന്നത്.

അതേസമയം, കണ്ണൂർ വിമാനത്താവളം തുറക്കുമ്പോൾ കരിപ്പൂരിന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴുമെന്ന യാഥാർഥ്യവുമുണ്ട്. വലിയൊരു വിഭാഗം യാത്രക്കാർ കണ്ണൂരിലേക്ക് മാറുമ്പോൾ കരിപ്പൂരിന്റെ വരുമാനത്തിൽ വൻ തോതിൽ കുറവുണ്ടാകും. അറ്റകുറ്റപണി മൂലം വലിയ വിമാനങ്ങൾ ഇപ്പോൾ തന്നെ കരിപ്പൂരിൽ ഇറങ്ങുന്നില്ല. യാത്രക്കാർ കുറയുമ്പോൾ കരിപ്പൂരിനോടുള്ള അവഗണനയുടെ ആഴം വർധിക്കുമെന്ന ആശങ്കയിലാണ് ഒരുവിഭാഗം പ്രവാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP