Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കതിരൂർ മനോജിന്റെ കൊല നടന്നിടത്ത് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രകോപനം; 25 വീടുകൾ തല്ലിത്തകർത്തിട്ടും പൊലീസ് നിഷ്‌ക്രിയം; സ്ത്രീകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണി; ബോംബുകൾ ഇപ്പോഴും സുലഭം

കതിരൂർ മനോജിന്റെ കൊല നടന്നിടത്ത് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കി പ്രകോപനം; 25 വീടുകൾ തല്ലിത്തകർത്തിട്ടും പൊലീസ് നിഷ്‌ക്രിയം; സ്ത്രീകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണി; ബോംബുകൾ ഇപ്പോഴും സുലഭം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആർ.എസ്.എസ് ജില്ലാ മുഖ്യശിക്ഷക് ആയിരുന്ന ഇളന്തോടത്ത് മനോജിന്റെ ഒന്നാം ബലിദാന ദിനം ഇന്ന് ആചരിക്കവെ മനോജിനെ വാഹനമിടിച്ച് വീഴ്‌ത്തി വെട്ടിപ്പരിക്കേൽപ്പിച്ച സ്ഥലത്ത് തെരുവ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ. റോഡരികിലെ വൈദ്യുതി തൂണിലാണ് മൂന്ന് തെരുവ് നായ്ക്കളെ കൊലപ്പെടുത്തി തൂക്കിയ നിലയിൽ രാവിലെ കണ്ടെത്തിയത്. മനോജിന്റെ വധത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. വധക്കേസ് ഇപ്പോൾ സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

അതിനിടെ രാഷ്ട്രീയസംഘർഷങ്ങളരങ്ങേറുന്ന കണ്ണൂർ ജില്ലയിൽ സ്ത്രീകളുടെ നഗ്്‌നചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയും ആക്രമികൾ അഴിഞ്ഞാടി. മട്ടന്നൂർ നടുവനാടിൽ സിപിഐ(എം) പ്രവർത്തകന്റെ വീട്ടിലെത്തിയ അക്രമിസംഘമാണ് ഈ ഭീഷണി മുഴക്കിയത്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിനങ്ങളിലായി 25 വീടുകളാണു തകർത്തിരിക്കുന്നത്. ഇരുകൂട്ടരുടെയും വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്. അഴീക്കോടു മേഖലയിൽ മാത്രം 22 വീടുകൾ പ്രാകൃതരീതിയിൽ തകർക്കപ്പെട്ടു. കയറിക്കിടക്കാനാവാത്ത തരത്തിൽ വീടു തകർത്തിട്ടുണ്ട്, ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലും വീ്ട്ടിൽ കയറാനാവാത്ത അവസ്ഥ.

അക്രമികൾ ദിവസങ്ങളായി പകൽവെളിച്ചത്തിലും വീടു തകർത്തപ്പോഴും പൊലീസ് അതുതടയാനുള്ള ഒരുനടപടിയുമെടുത്തില്ലെന്നതാണു സ്ത്യം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അക്രമം വ്യാപിക്കാൻ കാരണമായത് ആഭ്യന്തര വകുപ്പിന്റേയും പൊലീസിന്റേയും വീഴ്ച തന്നെയാണ്. തിരുവോണ നാളിൽ കാസർഗോട്ടെ കാലിച്ചാനടുക്കത്ത് സിപിഐ(എം)പ്രവർത്തകൻ സി.നാരായണൻ കൊല്ലപ്പെട്ട സംഭവത്തെ പൊലീസ് ഗൗരവത്തോടെ കണ്ടില്ല. സംഘർഷം കാസർഗോഡ് ജില്ല വിട്ട് കണ്ണൂരിലേക്ക് പടർന്നപ്പോഴും പൊലീസ് നോക്കി നിൽക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ സംഘർഷത്തിന് കാരണമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ യഥാസമയം പൊലീസിന്റെ ശ്രദ്ധ പതിയാത്തതാണ് പ്രശ്‌നങ്ങൾ ഇത്രയും വഷളായത്. ബിജെപി, സിപിഐ(എം)സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ പൊലീസിന് ജാഗ്രതയുണ്ടായില്ല. ഇന്നു ചേരുന്ന സർവ്വകക്ഷിയോഗത്തിൽ പൊലീസിനു നേരെ കടുത്ത വിമർശനമുയരും.

ആയുധശേഖരം കണ്ടെത്തുന്നതിലും പിടികൂടുന്നതിലും പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകളുണ്ടായില്ല. ബോംബുകൾ നിർമ്മിക്കാനും ആയുധങ്ങൾ ശേഖരിക്കാനും ബിജെപി.യും സിപിഐ(എം) യും കണ്ണൂർ ജില്ലയിൽ മത്സരിക്കുകയാണെന്ന തിരിച്ചറിവ് പൊലീസിനുണ്ടെങ്കിലും നടപടികൾ ശക്തമായില്ല. ഈ അക്രമങ്ങളിലും ബോംബുകളും ആയുധങ്ങളും ഉപയോഗിച്ചാണ് ഇരുവിഭാഗവും നേരിട്ടത്. അഴീക്കോട്, മട്ടന്നൂർ മേഖലയിൽ പൊലീസ് നടപടിയുടെ അഭാവമാണ് കാര്യങ്ങൾ ഇത്രയധികം മോശമായത്. ചെറിയ സംഘർഷം ഉടലെടുക്കുമ്പോഴേക്കും ബോംബുകളും മറ്റ് ആയുധങ്ങളും കരുതിവയ്ക്കുന്ന രീതി അക്രമികൾ തുടരുന്ന സാഹചര്യത്തിൽ പൊലീസിന്റെ അന്വേഷണരീതിക്കും മാറ്റം വരേണ്ടതുണ്ട്. ബോംബുകളും മാരകായുധങ്ങളും കണ്ടെത്താൻ ശാസ്ത്രീയമായ സ്ഥിരം സംവിധാനം കണ്ണൂർ ജില്ലയിൽ ഉണ്ടാവേണ്ടതുണ്ട്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊലീസ് സംവിധാനമാണ് കണ്ണൂർ ജില്ലയിലുള്ളതെന്ന് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലൂടെ തെളിഞ്ഞിരിക്കയാണ്. തിരുവോണ ദിനത്തിൽ ആരംഭിച്ച അക്രമസംഭവങ്ങളെ അമർച്ച ചെയ്യാനുള്ള ശക്തമായ നടപടി എടുക്കാൻ പൊലീസിനു മൂന്നു ദിവസത്തിൽ കൂടുതൽ നോക്കി നിൽക്കേണ്ടി വന്നു. അക്രമങ്ങൾ ആസൂത്രിതമെന്നും സംഘട്ടനങ്ങളിൽ ഏർപ്പെടുന്നവരും മാദ്ധ്യമങ്ങളും ഉത്തരവാദികളാണെന്നുമുള്ള ആഭ്യന്തരമന്ത്രിയുടേയും ഡി.ജി.പി.യുടേയും പ്രസ്താവനകൾ അവർ എത്രമാത്രം ഗൗരവത്തോടെ പ്രശ്‌നങ്ങൾ കാണുന്നുവെന്നതിന് തെളിവാണ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കുറ്റകരമായ അനാസ്ഥ ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് തിരിച്ചറിയേണ്ടതുണ്ട്.

അഴീക്കോട് മേഖലയിൽ മാത്രം 22 വീടുകളാണ് അക്രമത്തിനിരയായത്. ഇതിൽ ഭൂരിഭാഗവും വാസയോഗ്യമല്ലാതായിരിക്കയാണ്. പത്തിലധികം പേർക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത്രയൊക്കെയായിട്ടും ആരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പൊലീസിന്റെ ഈ നിലപാട് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരിക്കയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളിൽ സായുധപൊലീസിനെ വിന്യസിച്ചു. പൊലീസ് ഔട്ട് പോസ്റ്റുകൾ ആരംഭിച്ചു. സായുധരായ അഞ്ചു കമാൻഡോകൾ അടങ്ങുന്നതാണ് ഓരോ പിക്കറ്റ് പോസ്റ്റും. ഇവ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കും. എന്നാൽ അക്രമം ഇപ്പോഴും തുടരുകയാണ്. ബോംബുകളുമായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരു സിപിഎമ്മുകാരനെ താഴെ ചൊവ്വയിൽ വച്ച് പിടികൂടി. ഇയാൾ മറ്റൊരു ബോംബേറു കേസിൽ പ്രതിയാണ്. പളിളിക്കുന്നിലും ചാലാടിലും തളാപ്പിലും കഴിഞ്ഞ രാത്രിയും വീടുകൾക്കു നേരെ അക്രമമുണ്ടായി ഒരാൾക്ക് വെട്ടേൽക്കുകയും ചെയ്തു.

അക്രമം ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ പിടികൂടാനും വളപട്ടണം സ്‌റ്റേഷൻ കേന്ദ്രീകരിച്ച് പ്രത്യേക കൺട്രോൾ റും തുറന്നിട്ടുണ്ട്. അക്രമം അരങ്ങേറിയ പള്ളിയാംമൂല പ്രദേശത്തും പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. ദ്രുതകർമ്മസേനയുടെ 120 അംഗ ടീം പ്രത്യേകമായെത്തിയിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് പത്ത് പുതിയ വാഹനങ്ങൾ കണ്ണൂരിലെത്തുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പി.എൻ. ഉണ്ണിരാജൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP