Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ; ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്മാർക്ക്; ആണും പെണ്ണും ഒരുമിച്ചിരിക്കണം എന്ന് പറയുന്നത് ഒളിയമ്പ്; ലിംഗസമത്വ വാദം ഇസ്‌ലാമിനെയും സംസ്‌കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: വിവാദ പ്രസ്താവനയുമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ

സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ; ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്മാർക്ക്; ആണും പെണ്ണും ഒരുമിച്ചിരിക്കണം എന്ന് പറയുന്നത് ഒളിയമ്പ്; ലിംഗസമത്വ വാദം ഇസ്‌ലാമിനെയും സംസ്‌കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: വിവാദ പ്രസ്താവനയുമായി കാന്തപുരം അബൂബക്കർ മുസ്ല്യാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്ത്രീവിരുദ്ധ നിലപാടുകൾ സ്ഥിരമായി കൈക്കൊണ്ട് കുപ്രസിദ്ധനായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്ത്രീവിരുദ്ധമായ വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. ലിംഗസമത്വം വാദം ശക്തിയായി ഉയരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ നിശിത വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് കാന്തപുരം പ്രസ്താവന നടത്തിയത്. ഫാറൂഖ് കോളേജിലെ ഒന്നിച്ചിരിക്കൽ സമരവും മദ്രസകളിലെ പീഡനങ്ങളെ കുറിച്ച് മാദ്ധ്യമപ്രവർത്തക വി പി റെജീന എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ദേശീയ തലത്തിൽ വരെ ശ്രദ്ധയായ സാഹചര്യത്തിലാണ് കാന്തപുരം ലിംഗ നീതി വാദത്തിനെതിരെ രംഗത്തെത്തിയത്.

ലിംഗസമത്വം ഇസ്‌ലാമികവും മനുഷ്യത്വപരവും ബുദ്ധിപരവും അല്ലെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. ആണ്ണും പെണ്ണും ഒന്നിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഒളിയമ്പാണ്. ഇത് ഇസ്‌ലാമിനെയും സംസ്‌കാരത്തേയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ സംഘടനയായ എസ്എസ്എഫ് ക്യാംപസ് പഠന ക്യാംപിലാണ് കാന്തപുരത്തിന്റെ വിവാദ പ്രതികരണം.

സ്ത്രീ-പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമാണ്. സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ. പെറ്റു പോറ്റാനും ഭർത്താവ് വരുമ്പോൾ ശീതളാ പാനീയങ്ങൾ നൽകുന്നതുമാണ് സ്ത്രീകളുടെ കടമ. ലോകത്തിന്റെ നിയന്ത്രണശക്തി പുരുഷന്മാർക്കാണ്. വലിയ ശസ്ത്രക്രിയകൾ നടത്താൻ സ്ത്രീകൾക്ക് മനോധൈര്യമില്ല. പ്രതിസന്ധിയുണ്ടാകുമ്പോൾ സ്ത്രീ വിറച്ച് പോകും. ഡോക്ടർമാരുടെ കാര്യം തന്നെ എടുത്തുനോക്കിയാൽ ആയിരം പുരുഷ ഡോക്ടർമാർ ഉണ്ടെങ്കിൽ അവിടെ ഒരു സ്ത്രീ ഡോക്ടറെ ഉണ്ടാകുകയുള്ളൂ. വലിയ ഓപ്പറേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാൻ സ്ത്രീക്ക് മനക്കരുത്തില്ല. അതിന് പുരുഷൻ തന്നെ വേണം. ഹൃദയ ശസ്ത്രക്രിയ നടത്താൻ കെൽപ്പുള്ള ഒരു വനിതയെങ്കിലുമുണ്ടോ എന്നും പ്രസംഗത്തിനിടെ അദ്ദേഹം ചോദിച്ചു.

പുരുഷൻ അധ്വാനിച്ച് വീട്ടിൽ വരുമ്പോൾ അവന് ആഹാരം ഉണ്ടാക്കിക്കൊടുക്കേണ്ടവളാണ് സ്ത്രീ. അതാണ് സ്ത്രീയുടെ ചുമതല. ലോകനടത്തിപ്പ് തന്നെ അതാണ് കാണിക്കുന്നത്. പ്രവാചകനേയും ഖലീഫമാരേയും എടുത്തുനോക്കിയാൽ അതിലൊന്നും ഒരു സ്ത്രീയെപ്പോലും കാണാൻ സാധിക്കില്ല. ഒരു യുദ്ധത്തിലും സ്ത്രീ ഉണ്ടായിരുന്നില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

ആണും പെണ്ണും ഒരേബെഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് പ്രകൃതിവിരുദ്ധവും അതേപോലെ ഇസ്ലാമിക വിരുദ്ധവുമാണെന്നും കാന്തപുരം പറഞ്ഞു. ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന് പഠിക്കുയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ക്ലാസുകളിൽ ഒരേ ബഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെതിരെയുള്ള ഒളിയമ്പാണ്. മദ്രസകളിൽ ഒരു തരത്തിലുള്ള പീഡനങ്ങളും നടക്കുന്നില്ല, ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണമെന്നും കാന്തപുരം പറഞ്ഞു. ചുംബനസമരം പ്രകൃതിവിരുദ്ധമാണെന്ന് താൻ നേരത്തെ തന്നെ പറഞ്ഞതാണെന്നും നേതാക്കൾ പിടിയിലായതോടെ അത് വ്യക്തമായെന്നും കാന്തപുരം പറഞ്ഞു. ഇസ്ലാമിക സദാചാരമൂല്യത്തിന് എതിരാണ് ചുംബനസമരമെന്നും കാന്തപുരം പറഞ്ഞു.

ഇതാദ്യമായാല്ല കാന്തപുരം സ്ത്രീവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത്. സ്ത്രീക്കൾക്ക് ആർത്തവുണ്ടാകുന്ന വേളയിൽ പുരുഷന് ലൈംഗിക ശമനം ഉണ്ടാക്കാൻ വേണ്ടി ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാം എന്ന തത്വം പരസ്യമായി പറഞ്ഞും അതിൽ മുറുകെ പിടിച്ചും വിവാദ പുരുഷനായിരുന്നു കാന്തപുരം. സ്ത്രീകൾ പുരുഷനെ അപേക്ഷിച്ച് കഴിവുകൾ കുറഞ്ഞവരാണ്. ഇത് പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കും. സ്ത്രീകളെ പൊതുഭരണം ഏൽപ്പിക്കുന്നത് നാടിന്റെ തകർച്ചക്ക് കാരണമാകുമെന്നും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വേളയിലും 50 ശതമാനം വനിതാ സംവരണത്തിനെതിരെ കാന്തപുരം രംഗത്തെത്തിയിരുന്നു. കാര്യപ്രാപ്തിയുടെ കാര്യത്തിൽ സ്ത്രീകൾ പിന്നിലാണെന്നും എല്ലായിടത്തും സ്ത്രീകൾ വെറുതെയിരിക്കുകയും തൊട്ടടുത്ത സീറ്റിലിരുന്ന് പുരുഷന്മാർ ഭരണം നടത്തുന്നതുമാണ് നമ്മൾ കാലങ്ങളായി കാണുന്നതെന്നും കാന്തപുരം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 50 ശതമാനം വനിതാ സംവരണം എന്നത് കൂടിപ്പോയെന്നും സംവരണം ഇനിയും കൂടുതലായാൽ അത് ദോഷം ചെയ്യുമെന്നും കാന്തപുരം പറയുകയുണ്ടായി.

സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് പാണക്കാട് തങ്ങൾ

കൊച്ചി: സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വനിതകൾ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും ഇത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വനിതാ ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP