Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻകൂർ ജാമ്യമെടുത്തയാളെ വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തു; അറസ്റ്റിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി കരുനാഗപ്പള്ളി എസ്‌ഐയെ എഡിജിപി സസ്പെന്റ് ചെയ്തു; അടിപിടിക്കേസ് ഒത്തു തീർപ്പാക്കാൻ വിസമ്മതിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ

മുൻകൂർ ജാമ്യമെടുത്തയാളെ വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്തു; അറസ്റ്റിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി കരുനാഗപ്പള്ളി എസ്‌ഐയെ എഡിജിപി സസ്പെന്റ് ചെയ്തു; അടിപിടിക്കേസ് ഒത്തു തീർപ്പാക്കാൻ വിസമ്മതിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ

ആർ പീയൂഷ്

കരുനാഗപ്പള്ളി: കേരളത്തിൽ പൊലീസിനെ കടിഞ്ഞാണൂരി അഴിച്ചു വിട്ടിരിക്കുകയാണ്. എങ്ങും പൊതു ജനത്തിന് മേൽ അനാവശ്യ കടന്നുകയറ്റം നടത്തി ജന ജീവിതം ദുസ്സഹമാക്കുകയാണ്. കരുനാഗപ്പള്ളിയിൽ കേസ് ഒത്തു തീർപ്പാക്കാൻ വിസമ്മതിച്ച ആളെ മുൻകൂർ ജാമ്യം ഉണ്ടായിട്ടും അറസ്റ്റ് ചെയത് ലോക്കപ്പിലിട്ടാണ് പൊലീസിന്റെ അതിക്രമം.

ഇത് സംബന്ധിച്ച് എ.ഡി.ജി.പി ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസ്‌ഐ മനാഫിനെ സസ്പെന്റ് ചെയ്തു. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചതായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ കോർട്ട് ഡ്യൂട്ടി ഓഫിസറിന് നേരത്തെ അറിയാമായിരുന്നു. ഈ വിവരം പൊലീസ് സ്റ്റേഷന് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കരുനാഗപ്പള്ളി ഐ.ആർ.ഇ സെറ്റിൽമെന്റ് കോളനിയിലെ താമസക്കാരനായ സൗന്തനെയാണ് പൊലീസ് കോടതി ജാമ്യം ഉണ്ടായിട്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19നാണ് സംഭവം നടന്നത്. പണമിടപാടിനെച്ചൊല്ലി ബന്ധുവുമായുണ്ടായ അടിപിടി കേസിൽ സൗന്തനെതിരെ കരുനാഗപ്പള്ളി പൊലീസ് വധശ്രമത്തിന് 24നാണ് കേസെടുത്തത്. തിങ്കളാഴ്ച കൊല്ലം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. ഇത് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം രാത്രി ഓട്ടിസം ബാധിച്ച മകനൊപ്പം ഉറങ്ങിക്കിടക്കവെ സൗന്തനെ കരുനാഗപ്പള്ളി എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം സംബന്ധിച്ച് സൗന്തൻ കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് കൊല്ലം റൂറൽ എസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തി.

കേസ് ഒത്തുതീർപ്പാക്കാൻ തയാറാകാത്തതിലെ വൈരാഗ്യമാണ് അറസ്റ്റിന് കാരണമെന്ന് സൗന്തൻപറഞ്ഞു. അടിപിടി കേസ് ഒത്തുതീർപ്പാക്കാൻ കരുനാഗപ്പള്ളി സിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അഞ്ചു മണി വരെ സമയം നൽകി. എന്നാൽ സൗന്തൻ അതിന് തയ്യാറായില്ല. തനിക്ക് നീതി കിട്ടിയില്ലെങ്കിൽ താനും കുഞ്ഞും ആത്മഹത്യ ചെയ്യുമെന്നും സൗന്തൻ വ്യക്തമാക്കി. പുലർച്ചെ രണ്ടോടെ സൗന്തന്റെ ബന്ധുക്കൾ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചുവെങ്കിലും ഇത് വകവെക്കാതെ പൊലീസ് തങ്ങളോട് മോശമായി പെരുമാറിയതായി ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസിന്റെ നടപടികൾ ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിഞ്ഞ് കഴിവുള്ള മറ്റാരെയെങ്കിലും ഏൽപിക്കണമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ട മുഖ്യമന്ത്രിയുടെ കീഴിൽ പൊലീസ് അരാജകത്വത്തിനു നേതൃത്വം നൽകുകയാണ്. പൊലീസ് സേനയെ നിയന്ത്രിക്കാൻ ഡിജിപിക്കു കഴിയുന്നില്ല. കോടതി ഉത്തരവു ലംഘിക്കാൻ കരുനാഗപ്പള്ളിയിലെ പൊലീസിന് ആരാണ് അധികാരം കൊടുത്തത്. എസ്ഐയെ സസ്പെൻഡ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ശകുന്തനു മുൻകൂർ ജാമ്യം ലഭിച്ചുവെന്നറിഞ്ഞിട്ടും അർധരാത്രി വീട്ടിൽ കയറി ഓട്ടിസം ബാധിതനായ കുട്ടിയുടെ മുന്നിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നു ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. കെ.സി.രാജൻ, സി.ആർ.മഹേഷ്, എൻ.അജയകുമാർ, നീലികുളം സദാനന്ദൻ, കെ.ജി.രവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്, എം.അൻസാർ എന്നിവർ പ്രസംഗിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP