Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാസർകോട് കോട്ട വിൽപ്പനയ്ക്കു പിന്നിലെ ഗൂഢാലോചന തെളിഞ്ഞു; ഭൂമി വ്യാജരേഖ ചമച്ചു വിറ്റതു നഗരസഭ മുൻ ചെയർമാനും അഭിഭാഷകനും ചേർന്നെന്നു വിജിലൻസ്

കാസർകോട് കോട്ട വിൽപ്പനയ്ക്കു പിന്നിലെ ഗൂഢാലോചന തെളിഞ്ഞു; ഭൂമി വ്യാജരേഖ ചമച്ചു വിറ്റതു നഗരസഭ മുൻ ചെയർമാനും അഭിഭാഷകനും ചേർന്നെന്നു വിജിലൻസ്

കാസർകോട്: കാസർകോട് കോട്ട വിൽപ്പനയുമായി ബന്ധപ്പെട്ടു നടന്നതു വലിയ ഗൂഢാലോചനയെന്നു വിജിലൻസ്. ചരിത്ര സ്മാരകമായ കാസർകോട് കോട്ടയുൾപ്പെടുന്ന 5.41 ഏക്കർ ഭൂമി വ്യാജരേഖ ചമച്ചു വിൽപന നടത്തിയതിനു പിന്നിൽ കാസർകോട് നഗരസഭ മുൻ ചെയർമാനും അഭിഭാഷകനുമാണെന്നാണു വിജിലൻസ് കണ്ടെത്തൽ.

ഭൂമിയുടെ യാഥാർഥ ഉടമകളായ ചന്ദാവർക്കർ കുടുംബത്തിൽ ഒരാളുടെ സഹായത്തോടെയാണു കാസർകോട് നഗരസഭാ മുൻ ചെയർമാൻ എസ്.ജെ. പ്രസാദും പ്രമുഖ അഭിഭാഷകൻ വെങ്കട്ടരമണ ഭട്ടും ചേർന്നു ഭൂമി വ്യാജരേഖ ചമച്ച് വിൽപന നടത്തിയത്. ഭൂമി വാങ്ങുന്നതിനായി കേരള കോൺഗ്രസ് നേതാവ് സജി ചെറിയാൻ, സിപിഐ(എം), സിപിഐ അനുഭാവികളും കരാറുകാരുമായ ഗോപിനാഥൻ നായർ, കൃഷ്ണൻ നായർ എന്നിവരെ കൂടെ ചേർത്തു. ഭൂമിയുടെ ഒരു ഭാഗം എസ്.ജെ. പ്രസാദിന് ലഭിക്കുകയും ചെയ്തു.

ചന്ദാവർക്കർ കുടുംബത്തിന് ഭൂമി പാട്ടത്തിന് നൽകിയത് 1903ലാണ്. പിന്നീട് വിൽപനാധികാരമില്ലാതെ പട്ടയം കിട്ടി. പട്ടയം ലഭിച്ചകാര്യം പുറത്തറിഞ്ഞാൽ കോട്ടഭൂമിയിലെ കുടിയാന്മാർക്ക് ഭൂമി നൽകേണ്ടിവരും എന്നതിനാൽ ഇക്കാര്യം മറച്ചുവച്ച് 1903ലെ പാട്ട ഭൂമിയെന്ന നിലയിൽ ഭൂമിയുടെ നടത്തിപ്പ് അവകാശമുള്ള അശ്വിൻ ചന്ദാവർക്കർക്കുവേണ്ടി വെങ്കിട്ടരമണ ഭട്ട് കേസ് നടത്തി.

1932ൽ പട്ടയം നൽകിയതായി കാസർകോട് താലൂക്ക് ഓഫിസ് രേഖകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഒറിജിനൽ രേഖ ലഭ്യമല്ല. പൂർണ അധികാരത്തിൽ ഭൂമി നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഭൂമി പിന്നീട് സർക്കാറിന്റെ നിയന്ത്രണത്തിലായി.
1996ൽ സിപിഐ(എം) നേതാവ് എസ്.ജെ. പ്രസാദ് കാസർകോട് നഗരസഭാ ചെയർമാനായപ്പോഴാണ് ഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന നടന്നതെന്ന് വിജിലൻസ് സംഘം പറഞ്ഞു.

വെങ്കട്ടരമണ ഭട്ടും അശ്വിൻ ചന്ദാവർക്കറും സജി ചെറിയാനും കരാറുകാരും ചേർന്ന് സർക്കാർ ഭൂമിക്ക് നികുതി അടച്ച് ഉടൻ തന്നെ വിൽപനയും നടത്തി. കേസിൽ പ്രതികളായ ചന്ദാവർക്കർ കുടുംബത്തിലെ അശ്വിൻ ചന്ദാവർക്കർ, ആനന്ദ റാവു, ദേവിദാസ്, മഞ്ജുള എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. അശ്വിനും വെങ്കിട്ടരമണ ഭട്ടും എസ്.ജെ. പ്രസാദും ചേർന്ന് നടത്തിയ വിൽപന തങ്ങൾ അറിഞ്ഞിരുന്നില്‌ളെന്ന് അശ്വിൻ ഒഴികെയുള്ളവർ വിജിലൻസിന് മൊഴി നൽകി. കുടുംബത്തിലെ മറ്റു പ്രതികളായ ലളിതാ ചന്ദാവർക്കർ, രാജരാമ റാവു, അനൂപ എന്നിവർ മരിച്ചു. അശ്വിനും മഞ്ജുളയും കാസർകോട് വന്ന് വിജിലൻസിന് മൊഴി നൽകി. മറ്റുള്ളവരെ ബംഗളൂരുവിൽ പോയാണ് ചോദ്യം ചെയ്തതെന്ന് വിജിലൻസ് ഡിവൈ.എസ്‌പി കെ.വി. രഘുനാഥൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP