Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തിൽ നിന്നും മന്ത്രിമാരുടെ ഒഴിഞ്ഞുപോക്ക് വീണ്ടും; കസ്തൂരി രംഗന്റെ ഭാവി നിർണ്ണയിക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നും പങ്കെടുത്തത് ഒരു ഐഎഎസുകാരൻ മാത്രം; വാദം ഉയർത്തിയത് ക്വാറികളെ രക്ഷിക്കാൻ

കേരളത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തിൽ നിന്നും മന്ത്രിമാരുടെ ഒഴിഞ്ഞുപോക്ക് വീണ്ടും; കസ്തൂരി രംഗന്റെ ഭാവി നിർണ്ണയിക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നും പങ്കെടുത്തത് ഒരു ഐഎഎസുകാരൻ മാത്രം; വാദം ഉയർത്തിയത് ക്വാറികളെ രക്ഷിക്കാൻ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ കേരളത്തിൽ ഏറ്റവും കത്തിനിന്ന വിഷയമായിരുന്നു കസ്തൂരിരംഗൻ റിപ്പോർട്ടിനെ ചൊല്ലിയുള്ള വിവാദം. മലയോര മേഖലയിലെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടിനെതിരെ കേരളത്തിലെ രാഷ്ട്രീയക്കാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മലയോര മേഖല പ്രക്ഷ്ബുദ്ധമാകുകയും ചെയ്തു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വിഷയം ഒരു ചർച്ചാവിഷയം പോലുമല്ലാത്ത വിധത്തിലേക്ക് മാറി. മന്ത്രിമാരും എംപിമാരും അവരുടെ വഴിനോക്കി പോയപ്പോൾ സമര രംഗത്തുണ്ടായിരുന്നവരും കൈവിട്ടു. ഏറ്റവും ഒടുവിൽ കേരളത്തെ ബാധിക്കുന്ന വിഷയത്തിൽ നിന്നും വഴിമാറി നടക്കാനാണ് രാഷ്ട്രീയക്കാരുടെ നീക്കം. കസ്തൂരി രംഗന്റെ ഭാഗി നിർണ്ണയിക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നും പങ്കെടുത്തത് ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു. അദ്ദേഹം യർത്തിയ വാദമാകാട്ടെ ക്വാറികളെ സംരക്ഷിക്കാൻ വേണ്ടിയുമായിരുന്നു.

കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദുർബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോർട്ട് നൽകാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം സെപ്റ്റംബർ വരെ നീട്ടാനും ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി. കസ്തൂരിരംഗൻ റിപ്പോർട്ടിനെച്ചൊല്ലി മലയോര ജനതയുടെ ആശങ്കയ്ക്കു പരിഹാരമില്ലാതെയാണ് പരിസ്ഥിതി മന്ത്രാലയം ഇന്നലെ വിളിച്ചുചേർത്ത യോഗവും അവസാനിച്ചത്. തന്ത്രപ്രധാന യോഗമായിട്ടും കേരളത്തിൽ നിന്നു മന്ത്രിക്കു പകരം പ്രിൻസിപ്പൽ സെക്രട്ടറിയാണു പങ്കെടുത്തത്.

അന്തിമ വിജ്ഞാപനം സെപ്റ്റംബറിൽ പുറത്തിറക്കാനാണു തീരുമാനമെങ്കിലും അതിനു മുൻപ് കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയുകയാണെങ്കിൽ നിയമം പ്രാബല്യത്തിൽ വരുമോയെന്ന ആശങ്കയുണ്ട്. അന്തിമ തീരുമാനം വൈകുന്നതിനാൽ സ്ഥലം വിൽപ്പനയടക്കം നടക്കാതെ മലയോര മേഖല സാമ്പത്തിക മാന്ദ്യത്തിലുമാണ്. റിപ്പോർട്ടിന്റെ പരിധിയിൽ വരുന്ന ആറു സംസ്ഥാനങ്ങളിലെയും പരിസ്ഥിതി മന്ത്രിമാരെ പങ്കെടുപ്പിച്ച് അടുത്ത മാസം യോഗം നടത്താനും തീരുമാനമായി.

റിപ്പോർട്ട് നടപ്പാക്കുന്നതിനെച്ചൊല്ലി ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഉപജീവനത്തെ ബാധിക്കുന്ന യാതൊരു ഇടപെടലും ഉണ്ടാകില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ഉറപ്പു നൽകുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. റിപ്പോർട്ടിൽ സൂചിപ്പിച്ച പരിസ്ഥിതി ദുർബല മേഖലയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ക്വാറികളുടെ പ്രവർത്തനം നിരോധിക്കുമെന്നും മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ ശാലകൾക്ക് പൂട്ടുവീഴുമെന്നും മന്ത്രി ഉറപ്പിച്ചുപറയുന്നുമുണ്ട്. ഇതൊരിക്കലും ചെറുകിട ക്വാറികളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായശാലകളും മൈനിങ് മേഖലകളും തരംതിരിക്കുന്നതിലെ മാനദണ്ഡങ്ങളാണ് ആശങ്കയ്ക്കു കാരണമാകുന്നത്.

സംസ്ഥാനത്തെ 123 വില്ലേജുകൾ പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിച്ച 2013 നവംബർ 13 ലെ ഉത്തരവ് പൂർണമായും റദ്ദാക്കണമെന്നാണ് മലയോര സമരസംഘടനകളുടെ ആവശ്യം. ഈ ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയിൽ മാത്രം 47 വില്ലേജുകൾ പരിസ്ഥിതി ദുർബല മേഖലയിലാണ്. ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും തോട്ടം മേഖലകളെയും റിപ്പോർട്ടിൽനിന്നു മാറ്റണമെന്നും ആവശ്യമുയർന്നിരുന്നു. ഇതെല്ലാം അന്തിമ വിജ്ഞാപനത്തിൽ ഏതു വിധത്തിലാണ് ഉൾപ്പെടുത്തുകയെന്ന ആശങ്കയിലാണ് മലയോര മേഖല.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുകയും സംസ്ഥാന സർക്കാർ വഴി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് പരിസ്ഥിതി ദുർബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആർഎസ്എസ്. ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ബിജെപി. ഘടകത്തിന്റേതും ഇതേ നിലപാടായിരുന്നു. തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിലും തുടർന്നു വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലും സംസ്ഥാനത്ത് നേട്ടം കൊയ്യാൻ പദ്ധതി തയാറാക്കുന്നതിനിടയിൽ ബിജെപി. മലയോര ജനതയുടെ എതിർപ്പിനിടയാക്കുന്ന തരത്തിൽ റിപ്പോർട്ട് നടപ്പാക്കുമോയെന്നതു കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP