Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴാറ്റൂരിലെ ബൈപ്പാസിനെ എതിർക്കുന്ന വയൽ കിളികൾക്കെതിരെ ഭീഷണി; വയൽ സമരത്തിൽ പങ്കെടുത്തവരെ തീവ്രവാദികളെന്നു മുദ്ര കുത്തുന്നു; വിവാദങ്ങൾക്കിടെ നിർണായകമായ സിപിഎമ്മിന്റെ കീഴാറ്റൂരിലെ ബ്രാഞ്ച് സമ്മേളനം ഇന്ന്

കീഴാറ്റൂരിലെ ബൈപ്പാസിനെ എതിർക്കുന്ന വയൽ കിളികൾക്കെതിരെ ഭീഷണി; വയൽ സമരത്തിൽ പങ്കെടുത്തവരെ തീവ്രവാദികളെന്നു മുദ്ര കുത്തുന്നു; വിവാദങ്ങൾക്കിടെ നിർണായകമായ സിപിഎമ്മിന്റെ കീഴാറ്റൂരിലെ ബ്രാഞ്ച് സമ്മേളനം ഇന്ന്

രഞ്ജിത് ബാബു

കണ്ണൂർ: സിപിഐ.(എം) ന് ഏറെ തലവേദന സൃഷ്ടിച്ച തളിപ്പറമ്പ് കീഴാറ്റൂരിലെ ബ്രാഞ്ച് സമ്മേളനം ഇന്ന്. ഏറെ ഗൗരവത്തോടെയാണ് രാവിലെ ആരംഭിച്ച സമ്മേളനത്തെ ജില്ലാ നേതൃത്വം നോക്കിക്കാണുന്നത്. ദേശീയ പാതക്കു വേണ്ടി കീഴാറ്റൂരിലെ നെൽവയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധിക്കുന്ന് പാർട്ടി അംഗങ്ങളുൾപ്പെടെയുള്ള ബ്രാഞ്ച് സമ്മേളനമാണ് ഇന്ന് നടക്കുന്നത്. കീഴാറ്റൂർ ഗ്രാമത്തിൽ പാർട്ടിക്ക് രണ്ട് ബ്രാഞ്ച് കമ്മിറ്റികളാണ് ഉള്ളത്. പൂർണ്ണമായും പാർട്ടി ഗ്രാമമായ ഇവിടെ മഹാഭൂരിപക്ഷവും ചെങ്കൊടി പിടിക്കുന്നവരാണ്.

കഴിഞ്ഞ വാരം നടന്ന കീഴാറ്റൂരിലെ ഒന്നാം ബ്രാഞ്ച് സമ്മേളനത്തിൽ പാർട്ടി നിലപാടിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. ബൈപ്പാസ് വിഷയത്തിൽ വകുപ്പ് മന്ത്രി ജി.സുധാകരൻ തന്നെ ഇടപെട്ടതിൽ പ്രതിഷേധം തണുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐ.(എം). നേതൃത്വം.

സമൂഹമാധ്യമങ്ങളിൽ ബൈപ്പാസിനെ എതിർക്കുന്ന വയൽ കിളികൾക്കെതിരെ സഭ്യമല്ലാത്ത ഭാഷയിൽ ഭീഷണിയും വിമർശനങ്ങളും ഉയർന്ന് വന്നതോടെ പ്രശ്നം വീണ്ടും വഷളാവുകയാണ്. കീഴാറ്റൂർ വയൽ സമരത്തിൽ പങ്കെടുത്തവരെ തീവ്രവാദികളെന്നു മുദ്ര കുത്തി പ്രചാരണം നടക്കുന്നതും വയൽ കിളികളെ രോഷാകുലരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടാം ഘട്ട സമരത്തിന് നേതൃത്വം നൽകിയ സിപിഐ.(എം).

പ്രവർത്തക നമ്പ്രാടത്ത് ജാനകിയേയും മക്കളേയും തീവ്രവാദികളാക്കിയുള്ള ആരോപണങ്ങളുയർന്നു വരികയാണെന്ന് ജാനകി തന്നെ പറയുന്നു. ഇതിനെതിരെ ഇന്നലെ വൈകീട്ട് വയൽ കിളികൾ പൊതുയോഗം സംഘടിപ്പിച്ചതോടെയാണ് പ്രശ്നം വീണ്ടും പഴയ അവസ്ഥയിലേക്ക് പോകാൻ കാരണം.

വയലിൽ നിന്നും മാറി റോഡ് നിർമ്മിച്ചാൽ ഒട്ടേറെ വീടുകൾ നഷ്ടപ്പെടുമെന്ന് ഒരു നേതാവിന്റെ നേതൃത്വത്തിൽ പ്രചാരണം ആംഭിച്ചിരിക്കയാണെന്ന് വയൽകിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. എന്നാൽ ഇതിനൊന്നും വഴങ്ങാൻ വയൽകിളി കൂട്ടായ്മയിൽ ആരും തയ്യാറാകില്ലെന്നും പൊതുയോഗത്തിൽ തന്നെ അദ്ദേഹം വ്യക്തമാക്കി. നേരത്തെ അഞ്ചിടങ്ങളിൽ 52 വീടുകളാണ് നീക്കം ചെയ്യപ്പെടുന്നത്. എന്നാൽ അതിനു പകരം ഒരു സ്ഥലത്തു മാത്രം നൂറ് വീടുകൾ പൊളിക്കേണ്ടി വന്നാൽ അതിനെ നേരിടാനും വയൽ കിളികൾ ഒരുങ്ങുമെന്നും സുരേഷ് മുന്നറിയിപ്പ് നൽകി. ഒട്ടേറെ വീട്ടമ്മമാരും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

അതേ സമയം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ മുതലെടുപ്പ് രാഷ്ട്രീയവുമായി ബിജെപി.യും സിപിഐ.യും രംഗത്തുണ്ട്. സമര ആരംഭം മുതൽ തന്നെ വയൽകിളികളുമായി ആശയ വിനിമയം നടത്തുകയും പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഈ സംഘടനകൾ. സിപിഐ.(എം) ന്റെ സുശക്തമായ ഗ്രാമത്തിൽ നിന്നും ചിലരെയെങ്കിലും അനുഭാവികളാക്കാനുള്ള ശ്രമത്തിലാണ് ഈ സംഘടനകൾ. എന്നാൽ തങ്ങളുടെ എക്കാലത്തേയും ശക്തി ദുർഗ്ഗമായ കീഴാറ്റീരിനെ പാർട്ടി വിരുദ്ധ കേന്ദ്രമാക്കിമാറ്റാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം.

വയൽ സമരത്തിൽ നിന്നും പാർട്ടി പ്രവർത്തകർ പിൻതിരിയണമെന്ന് നേതൃത്വം അന്ത്യ ശാസനം നൽകിയിരുന്നു. വയൽ സമരത്തെ പിൻതുണക്കുന്നവരെ വികസന വിരോധികളായാണ് പാർട്ടി കാണുന്നത്. ഇന്നത്തെ ബ്രാഞ്ച് സമ്മേളനം സിപിഐ.(എം) നെ സംബന്ധിച്ച് നിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP