Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാഗ്രതാ നിർദേശങ്ങൾ തുണയാകുമെന്ന് വിശ്വസിച്ചിടത്ത് തുടങ്ങിയ പിഴവ്; റെഡ് അലർട്ട് വന്നിട്ടും വീടുവിട്ട് പോകാൻ മടിച്ചവർ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി; കണക്കുകൂട്ടലുകളൊക്കെ തകർത്തെറിഞ്ഞ് വെള്ളം പാഞ്ഞെത്തിയപ്പോൾ ഒഴിപ്പിക്കൽ നടപടിയും കൈവിട്ടുപോയി; പ്രളയദുരന്തം കേരളത്തിന് നൽകുന്ന പാഠങ്ങൾ നിരവധി

ജാഗ്രതാ നിർദേശങ്ങൾ തുണയാകുമെന്ന് വിശ്വസിച്ചിടത്ത് തുടങ്ങിയ പിഴവ്; റെഡ് അലർട്ട് വന്നിട്ടും വീടുവിട്ട് പോകാൻ മടിച്ചവർ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി; കണക്കുകൂട്ടലുകളൊക്കെ തകർത്തെറിഞ്ഞ് വെള്ളം പാഞ്ഞെത്തിയപ്പോൾ ഒഴിപ്പിക്കൽ നടപടിയും കൈവിട്ടുപോയി; പ്രളയദുരന്തം കേരളത്തിന് നൽകുന്ന പാഠങ്ങൾ നിരവധി

കൊച്ചി: കേരളത്തെ മുക്കിയ പ്രളയം വരുത്തിവെച്ചത് വലിയ കെടുതികളാണ്. ദുരന്തനിവാരണം എന്ന കാര്യത്തിൽ കാര്യമായ കരുതൽ പോലും കേരളത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇത്രയും കെടുതികൾ വരാൻ ഇടയാക്കിയതും. പ്രളയജലം കുത്തിയൊഴുകിയപ്പോൾ ജാഗ്രതാ മുന്നറിയിപ്പ് തുണയാകുമെന്നാണ് നാം കരുതിയത് എന്നാൽ, അതുണ്ടായില്ല. ചെങ്ങന്നൂരിനെ വെള്ളത്തിന് അടിയിലാക്കിയത് പമ്പാറിൽ നിന്നും ഒലിച്ചെത്തിയ പ്രളയജലമാണ്. രക്ഷാപ്രവർത്തനം നടത്തുന്ന കാര്യത്തിലും ഏകോപനത്തിലും വീഴ്‌ച്ചകളും ഉണ്ടായെങ്കിലും ഭാവിയിൽ എങ്ങനെയാണ് ഇത്തരം ഒരു പ്രതിസന്ധിയെ നേരിടേണ്ടത് എന്ന ഉത്തരം നൽകുന്നതാണ് ഇപ്പോഴത്തെ അനുഭവങ്ങൾ.

സമഗ്രമായ സുരക്ഷാ പദ്ധതിയുടെ അഭാവമാണ് ഇപ്പോൾ ലോകവുമായി ബന്ധമില്ലാതെ പമ്പാതടത്തിലെ വീടുകളിലും ടെറസിലും ഒറ്റപ്പെട്ട് അഞ്ചാം ദിവസവും കഴിയുന്നു ആയിരങ്ങളെ ആ അവസ്ഥയിലാക്കിയത്. പതിവെന്ന മട്ടിൽ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ കണ്ടതും പിഴവായി. ചെങ്ങന്നൂരിലെയും കുട്ടനാട്ടിലെയും ഒരുവിധം സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന വീടുകളിൽ കഴിഞ്ഞിരുന്നവരുടെ പ്രതീക്ഷ തെറ്റിക്കുന്നതായിരുന്നു ഈ സംഭവം.

കണക്കുകൂട്ടലുകളൊക്കെ തകർത്തെറിഞ്ഞ് വെള്ളം പാഞ്ഞെത്തി. ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കാനുള്ള പ്രവർത്തനം കൃത്യസമയത്ത് വേണ്ടപോലെ ഏകോപിപ്പിക്കാനായില്ല. ജില്ലതിരിച്ച് സ്‌പെഷൽ ഓഫിസറും ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വം നൽകലും പോരാതെ വന്നു. ഭൂമിശാസ്ത്രത്തിലെ ജില്ല തിരിച്ചല്ല വെള്ളം പടർന്നുകയറിയത്. പമ്പാതടത്തിനാകെ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ, വിവിധ സേനാവിഭാഗങ്ങളെ നിയന്ത്രിക്കാനും നിർദ്ദേശം നൽകാനും അധികാരമുള്ള ഉദ്യോഗസ്ഥൻ, ഐടി ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ കഴിയുന്നയാൾ, കാലാവസ്ഥാ വിദഗ്ധൻ, സമാന സാഹചര്യം നേരിടുന്ന ജില്ലകളിലെ കലക്ടർമാർ എന്നിങ്ങനെയുള്ളവർ ഉൾപ്പെട്ട ദൗത്യസംഘം വേണ്ടിയിരുന്നുവെന്ന് പറയുന്നവർ ഒട്ടേറെപ്പേരുണ്ട്. അണക്കെട്ടു തുറക്കുംമുൻപേ എത്രയും വേഗത്തിൽ അങ്ങനെയൊരു സംവിധാനമുണ്ടാകേണ്ടിയിരുന്നു. അണക്കെട്ടു തുറന്ന് ദുരന്തം ഉണ്ടാകുമെന്നു ബോധ്യമായ സമയത്തെങ്കിലും അത്തരമൊരു ഇടപെടൽ വേണ്ടിയിരുന്നു.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കുടുങ്ങിയ രോഗികളെ രക്ഷിക്കാനെത്തിയ നാവികസേനാ സംഘം ആലപ്പുഴ കലക്ടറുടെ മറുപടിക്കായി കാത്തുനിന്നതുപോലുള്ള സംഭവങ്ങളുണ്ടായി. ചെങ്ങന്നൂരിലെ ദുരന്ത നിവാരണത്തിനെത്തിയ സംഘം അടൂരിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന ബോട്ടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം ലഭ്യമല്ലാതെ രക്ഷാപ്രവർത്തനം മുടങ്ങുന്ന നിലയുണ്ടായി.

ഒരേസമയം എത്ര ഹെലികോപ്ടറുകൾ, ബോട്ടുകൾ, സേനാവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവയുടെ സേവനം രക്ഷാപ്രവർത്തനങ്ങൾക്കുണ്ടെന്ന് ഇപ്പോഴും ജില്ലാ ഭരണകൂടങ്ങൾക്കു വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഇത്തരം കാര്യങ്ങൾ ജില്ലാ അതിർത്തി നോക്കാതെ കൃത്യമായി ഏകോപിപ്പിക്കുകയും സഹായം വേണ്ട കേന്ദ്രങ്ങളിൽ ഇവരെ വേണ്ടതുപോലെ വിന്യസിക്കുകയും ചെയ്യാൻ കഴിയാതെ പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP