Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി; 344 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വരുന്ന കടുവാ സങ്കേതത്തിനായി 800 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ; പ്രക്ഷോഭത്തിന് ഒരുങ്ങി മലയോര ജനത

വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി; 344 ചതുരശ്ര കിലോമീറ്റർ പരിധിയിൽ വരുന്ന കടുവാ സങ്കേതത്തിനായി 800 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ; പ്രക്ഷോഭത്തിന് ഒരുങ്ങി മലയോര ജനത

തിരുവനന്തപുരം: വയനാട് കടുവാ സങ്കേതത്തിന് സംസ്ഥാന സർക്കാർ അംഗീകാരം തത്വത്തിൽ അംഗീകാരം നൽകി. 344 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ് കടുവാ സങ്കേതം വരുന്നത്. കടുവാ സങ്കേതത്തിന്റെ സമീപ പ്രദേശത്തെ 800 ൽ അധികം കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുമെന്നതിനാൽ കടുവാ സങ്കേതത്തിനെതിരെ കടുത്ത ജനവികാരമാണ് വയനാട്ടിൽ ഉള്ളത്. വയനാട്ടിലെ അറുപതിലേറെ വനഗ്രാമങ്ങളാണ് ഇതോടെ ആശങ്കയിലായത്.

സുൽത്താൻ ബത്തേരി, മുത്തങ്ങ, കുറിച്ചിയാട് എന്നീ റേഞ്ചുകളാണ് സങ്കേതങ്ങളാക്കുന്നത്. നിലവിൽ പെരിയാർ, പറമ്പിക്കുളം എന്നിങ്ങനെ രണ്ട് കടുവാ സങ്കേതങ്ങളാണുള്ളത്. കടുവ സങ്കേത കേന്ദ്രത്തിനുള്ള പദ്ധതി കേരളം സമർപ്പിച്ചാൽ സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കടുവാസങ്കേതമാക്കാൻ അനുവദിക്കില്ലെന്ന് ജനപ്രതിനിധികൾ ആവർത്തിച്ചു പറയുന്നതിനിടെയാണ് വയനാട് കടുവാ സങ്കേതത്തിന് തത്വത്തിൽ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. നേരത്തെ വയനാടിനോട് ചേർന്നു കിടക്കുന്ന അയൽ സംസ്ഥാനമായ കർണാടകയിലെ 123 ഗ്രാമങ്ങളാണ് ബഫർ സോണിന്റെ പരിധിയിൽ ഉൾപ്പെട്ടത്. ജനവാസ മേഖലയെ ബാധിക്കാത്ത തരത്തിലാവും സങ്കേതം ഒരുക്കുക. അതേസമയം പ്രദേശവാസികളുടെ എതിർപ്പ് ഇല്ലാതാക്കാൻ അവരെ ബോധവത്കരിക്കാനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം വന്യജീവി സങ്കേതം കടുവാസങ്കേതമാക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.

വനം പരിസ്ഥിതി മന്ത്രാലയം ഇതിനകം വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണം തിട്ടപ്പെടുത്തി കഴിഞ്ഞു. ഇന്ത്യയിൽ കടുവകൾ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം വംശവർധന നടത്തിയ സ്ഥലം മറ്റൊന്നില്ല എന്നാണ് പ്രോജക്ട് ടൈഗർ ടീം വിലയിരുത്തുന്നത്. എഴുപത് കടുവകളെയാണ് കർണാടകതമിഴ്‌നാട് വന അതിർത്തി പങ്കിടുന്ന വയനാട്ടിൽ കണ്ടെത്തിയത്. അതുകൊണ്ടു കൂടിയാണ് കടുവാ സങ്കേതത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതും.

കർണാടകയിൽ ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രമാണ് ഉയർന്നത്. എന്നാൽ ഇതിന് വിരുദ്ധമായി വയനാട്ടിൽ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രാജത്തെ ആദ്യത്തെ ബയോസ്ഫിയർ മേഖലയായ നീലഗിരിയിൽ മൂന്ന് ദേശീയ ഉദ്യാനങ്ങളും ഒരു വന്യജീവി സങ്കേതവുമാണ് ഉൾപ്പെടുന്നത്. കർണാടകയിലും തമിഴ്‌നാട്ടിലുമായുള്ള ദേശീയ ഉദ്യാനങ്ങൾ നിലവിൽ കടുവാസങ്കേതമാണ്. ഇതിനെ തൊട്ടുനിൽക്കുന്ന ഒറ്റവനമായി വനമന്ത്രാലയം ലിസ്റ്റുചെയ്യുന്ന വയനാട് വന്യജീവി സങ്കേതംമാത്രമാണ് ദേശീയ പാർക്കും കടുവാസങ്കേതവുമാവാൻ ബാക്കിയുണ്ടായിരുന്നത്.

കടുവകൾക്ക് ജീവിക്കാൻ പറ്റിയ ലോകത്തിലെ ഏറ്റവും നല്ല സ്ഥലം വയനാടാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നീലഗിരി ജൈവ മണ്ഡലത്തിന്റെ ഭാഗമായ വയനാട് വന്യജീവി സങ്കേതം 344.44 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ 32 ക്യാമറകളിൽ പതിച്ച ആയിരത്തിലധികം ചിത്രങ്ങളും കടുവകളുടെ കാല്പാടുകളും വിശകലനം ചെയ്ത് കണ്ടെത്തിയതാണ് 80 കടുവകളെ. കേരള വനവകുപ്പും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും നാഷണൽ ടൈഗർ കൺസർവേഷൻ പ്രോജക്ടും ചേർന്നാണ് സർവേ നടത്തിയത്.
2012 ലെ കടുവാ കണക്കെടുപ്പ് പ്രകാരം 777 ചതു. കിലോമീറ്റർ വിസ്തീർണമുള്ള പെരിയാർ കടുവാ സങ്കേതത്തിൽ 46 കടുവകളേയുള്ളൂ. 285 ചതു. കിലോമീറ്റർ വിസ്തീർണമുള്ള കേരളത്തിലെ മറ്റൊരു കടുവാ സങ്കേതമായ പറമ്പിക്കുളത്ത് 20 കടുവകളെ മാത്രമേ കണ്ടെത്തിട്ടുള്ളൂ. കടുവാ സങ്കേതം പോലുമില്ലാത്ത, കടുവകളുടെ സംരക്ഷിത മേഖലയുമല്ലാത്ത വയനാട്ടിൽ ഇത്രയധികം കടുവകളെ കണ്ടെത്തിയെന്ന റിപ്പോർട്ട് വസ്തുതാപരമാണോ ആശങ്ക നാട്ടുകാർ നേരത്തെ തന്നെ പങ്കുവച്ചിരുന്നു.

കടുവാ സങ്കേതമാകുന്നതോടെ ലഭിക്കുന്ന ഫണ്ടിലും മറ്റും കണ്ണുവച്ചാണ് വയനാട് കടുവകളുടെ സ്വർഗമാണ് എന്ന രീതിയിൽ വനം വകുപ്പ് വാർത്തകൾ നൽകുന്നതെന്ന പരാതിയും വ്യാപകമായിരുന്നു. ഏതാണ്ട് ആയിരത്തിലധികം കോടി രൂപയുടെ പ്രോജക്ടുകളാണ് കടുവാ സങ്കേത പദവിലഭിച്ചാൽ ഇവിടെക്ക് എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ കുടുവാ സങ്കേതത്തിന് എതിരെ ശക്തമായ എതിർപ്പാണ് ഉയർന്നിരുന്നത്. ഇതോടെ എം ഐ ഷാനവാസ് എംപിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ ആശങ്കയിൽ നിൽക്കുന്ന വയനാട്ടിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതാണ് കടുവാ സങ്കേതം ആക്കാനുള്ള തീരുമാനം. ഈ പ്രശ്‌നം വയനാട്ടിൽ വീണ്ടും മറ്റൊരു പ്രക്ഷോഭത്തിന് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP