Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ഡസനിലേറെ കസ്റ്റഡി പീഡനങ്ങൾ; വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹം; അഭിപ്രായം പറയുന്നവർക്കെതിരെ യുഎപിഎ; കുടുംബ സമേതം യാത്ര ചെയ്താൽ ഭരണ കക്ഷി നേതാവിന് പോലും രക്ഷയില്ല: നനച്ചിരിക്കാതെ സ്വാതന്ത്ര്യം കിട്ടിയ പൊലീസിന്റെ പ്രവർത്തികൾ ജനാധിപത്യ രാജ്യമാണെന്ന് മറന്ന്

ഒരു ഡസനിലേറെ കസ്റ്റഡി പീഡനങ്ങൾ; വിമർശിക്കുന്നവർക്കെതിരെ രാജ്യദ്രോഹം; അഭിപ്രായം പറയുന്നവർക്കെതിരെ യുഎപിഎ; കുടുംബ സമേതം യാത്ര ചെയ്താൽ ഭരണ കക്ഷി നേതാവിന് പോലും രക്ഷയില്ല: നനച്ചിരിക്കാതെ സ്വാതന്ത്ര്യം കിട്ടിയ പൊലീസിന്റെ പ്രവർത്തികൾ ജനാധിപത്യ രാജ്യമാണെന്ന് മറന്ന്

 തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. പൊതുവേ സിപിഐ(എം) ഭരിക്കുമ്പോൾ പൊലീസ് സ്‌റ്റേഷനുകളിലെ നിയന്ത്രണം പ്രാദേശിയ നേതാക്കൾക്കാകും എന്നൊരു ആക്ഷേപം നിലനിന്നിരുന്നു. എന്നാൽ, പിണറായി മുഖ്യമന്ത്രി ആയതോടെ ആ ശൈലിക്ക് ചെറുതായി മാറ്റം വന്നു. കണ്ണൂരിൽ അടക്കം പാർട്ടി നിർദേശിച്ച ഉദ്യോഗസ്ഥരെ തഴഞ്ഞാണ് പൊലീസിൽ നിയമനങ്ങൾ നടന്നത്. പൊലീസിന് സ്വാതന്ത്ര്യം നൽകുന്നു എന്ന ബോധ്യം വരുത്താനായിരുന്നു ഈ നീക്കം. എന്തായാലും പൊലീസിന് സ്വാതന്ത്ര്യം നൽകിയതോടെ മുഖ്യമന്ത്രി പിണറായിയുടെ മുഖം പോകുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിട്ടുണ്ട്.

രണ്ടു മാസത്തിനിടെ ഒരു ഡസനോളം കസ്റ്റഡി മർദ്ദനക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുടുംബവുമായി സഞ്ചരിച്ച ഭരണകക്ഷി നേതാവിനെ അടക്കം പൊലീസ്തല്ലിച്ചതച്ചു. പ്രതിഷേധ സ്വരമുയർത്തുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നതിൽ വരെ കേരള പൊലീസ് എത്തിനിൽക്കുന്നു. കൈക്കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച സി.ഐയുടെയും ദളിത് യുവാക്കളുടെ നട്ടെല്ലൊടിച്ച എസ്.ഐയുടെയും പട്ടികയിൽ ദിവസവും പുതിയ പേരുകൾ ചേരുകയാണ്.

1200ലേറെ പൊലീസുകാരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായുള്ളത്. ഇതിൽ 703 പേർക്കെതിരെ ഗുരുതരമായ കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. ഇവരെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ശുപാർശയും നടപ്പാക്കിയിട്ടില്ല. കേരളത്തിൽ മൂന്നു വർഷത്തിനിടെ പതിനാറു പേർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്‌സഭയിൽ പറഞ്ഞത്. ഒരു സി.ഐക്കും എസ്.ഐക്കുമെതിരെ തിങ്കളാഴ്ചയും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയിൽ പരാതിയെത്തി.

മോഷണക്കുറ്റം ചുമത്തി ഒക്ടോബറിൽ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്ത സേലം സ്വദേശി കാളിമുത്തു, ചേരാനെല്ലൂരിൽ അയൽക്കാരനുമായുള്ള തർക്കത്തിന് അറസ്റ്റ് ചെയ്ത ഷഹീർ, വണ്ടൂർ പൊലീസിന്റെ പിടിയിലായ അബ്ദുൾലത്തീഫ് എന്നിവരാണ് അടുത്തിടെ കസ്റ്റഡിയിൽ മരിച്ചത്. മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് സിബി (40) മരിച്ചത് 2015 ജൂലായിലാണ്. കൊല്ലം അഞ്ചാലുംമൂട്ടിൽ മോഷണക്കുറ്റമാരോപിച്ച് പിടികൂടിയ ദളിത് യുവാക്കളെ നഗ്‌നരാക്കി അതിക്രൂരമായ പീഡനത്തിനിരയാക്കിയത് അടുത്തിടെയാണ്. തിരുവനന്തപുരം പാലോട്ട് അർദ്ധരാത്രിയിൽ പൊലീസ് നരനായാട്ട് നടത്തിയത് ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലായിരുന്നു.

ഉപ്പളയിൽ ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രികനെ പൊലീസ് അടിച്ചിടുന്നത് മൊബൈലിൽ പകർത്തിയ മുഹമ്മദ് ഖാലിദിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു. ജൂലായിൽ കൊച്ചി ഹാർബർ സ്റ്റേഷനിൽ മർദ്ദനമേറ്റ സുരേഷ് നട്ടെല്ല് തകർന്ന് ചികിത്സയിലാണ്. സെപ്റ്റംബറിൽ കളമശേരിയിൽ ഓട്ടോ ഡ്രൈവറായ ശെൽവന് ലോക്കപ്പിൽ മർദ്ദനമേറ്റു. ദിവസങ്ങൾക്കകം പാലാരിവട്ടം ജനമൈത്രി സ്റ്റേഷനിൽ ദളിതനായ സൂരജിന് മർദ്ദനമേറ്റു. കുറ്റ്യാടിയിൽ പൊലീസ് ചോദ്യംചെയ്തു വിട്ടയച്ച പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കംപ്ലെയിന്റ് അഥോറിറ്റി അന്വേഷണം നടത്തുന്നു.

2014മേയിൽ പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കേ നെയ്യാറ്റിൻകര സ്വദേശി ശ്രീജിവ് (24) കൊല്ലപ്പെട്ടത് ആത്മഹത്യയാക്കി മാറ്റിയ പൊലീസ് വ്യാജ ആത്മഹത്യാക്കുറിപ്പും എഴുതിവച്ചു. പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പാറശാല സി.ഐയടക്കം 5 പേർക്കെതിരെ നടപടിയെടുത്തിട്ടില്ല.

എസ്.ഐ, സി.ഐ റാങ്കിലുള്ളവരാണ് മർദ്ദനവീരന്മാരെന്ന് കംപ്ലെയിന്റ് അഥോറിറ്റിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഒരു എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയാൽ നടപടിയെടുക്കാൻ 15 വർഷമെങ്കിലും കഴിയും. അപ്പോഴേക്കും സ്ഥാനക്കയ?റ്റം ലഭിച്ച് ഡിവൈ.എസ്‌പിയായിട്ടുണ്ടാവും. കുഴപ്പമില്ലാതെ വിരമിക്കാൻ പാകത്തിലായിരിക്കും അന്വേഷണറിപ്പോർട്ട്.

പൊലീസ് നേതൃത്വത്തിന് താഴേതട്ടിൽ നിയന്ത്രണമില്ലാതായതാണ് പ്രശ്‌നങ്ങൾക്കിടയാക്കുന്നത്. കൊല്ലം റൂറൽ, കോട്ടയം, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ പൊലീസ് മേധാവികളില്ല, ഇൻചാർജ് ഭരണമാണ്. കൊല്ലത്ത് അജീതാബീഗം പ്രസവാവധിയിൽ പോയപ്പോൾ ഭർത്താവും സിറ്റി പൊലീസ് കമ്മിഷണറുമായ സതീഷ് ബിനോയ്ക്ക് ചുമതല നൽകി. ദേശീയ പൊലീസ് അക്കാഡമിയിൽ പരിശീലനത്തിനുപോയ എൻ. രാമചന്ദ്രന് പകരം ക്രൈംബ്രാഞ്ച് എസ്‌പി കെ.ജി. സൈമണിനും പി.എൻ. ഉണ്ണിരാജയ്ക്ക് പകരം ഇടുക്കി എസ്‌പി എ.വി. ജോർജിനുമാണ് ചുമതല. ഐ.പി.എസ് ലഭിച്ച ഏഴ് എസ്‌പിമാർ ഒരു മാസത്തിലേറെയായി നിയമനം കാത്തിരിക്കുമ്പോഴാണ് ഈസ്ഥിതി. റെയിൽവേ പൊലീസിനും മേധാവിയില്ലാതായിട്ട് മാസങ്ങളായി.

മർദ്ദനവീരന്മാരായ പൊലീസുകാരെ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന് ക്ഷീണമാവുമെന്നത് ഉറപ്പാണ്. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കുകയും പിഴയീടാക്കുകയും വകുപ്പുതല നടപടിയെടുക്കുകയും വേണമെന്നാണ് പൊലീസ് കംപ്ലെയ്ന്റ് അതോരിറ്റി ചെയർമാന്റെ പക്ഷം. യുഡിഎഫ് ഭരണകാലത്തേക്കാൾ കൂടുതൽ പൊലീസ് മർദ്ദന പരാതികൾ വരുന്നു എന്നത് മുഖ്യമന്ത്രി തന്നെ ചിന്തിക്കേണ്ട കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP