Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടകാചാര്യനു ജന്മനാട്ടിൽ അന്ത്യവിശ്രമം; സാംസ്‌കാരിക കേരളം കാവാലത്തിനു വിടചൊല്ലിയത് ഔദ്യോഗിക ബഹുമതികളോടെ

നാടകാചാര്യനു ജന്മനാട്ടിൽ അന്ത്യവിശ്രമം; സാംസ്‌കാരിക കേരളം കാവാലത്തിനു വിടചൊല്ലിയത് ഔദ്യോഗിക ബഹുമതികളോടെ

ആലപ്പുഴ: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്കു കേരളത്തിന്റെ അന്ത്യാഞ്ജലി. നാടക പ്രസ്ഥാനത്തിന്റെ കുലപതിയും, കവിയും ഗാനാരചയിതാവുമായ കാവാലം നാരായണപണിക്കർക്ക് സാംസ്കാരിക കേരളം ഔദ്യോഗിക ബഹുമതികളോടെ വിടചൊല്ലി.

കാവാലത്തിന്റെ ഭൗതികദേഹം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആലപ്പുഴ കാവാലത്തെ ചാലയിലെ കുടുംബ വീട്ടിൽ സംസ്‌ക്കരിച്ചു. മകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാർ കാവാലത്തിന്റെ ചിതയ്ക്ക് തീകൊളുത്തി.

ചൊവ്വാഴ്ച പുലർച്ചെ കുടുംബ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ സൃഹൃത്തുക്കളും അയൽവാസികളും അടക്കം നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. മൂത്ത മകൻ ഹരികൃഷ്ണൻ അന്തിയുറങ്ങുന്നതിന് സമീപത്തായാണ് കാവാലത്തിനും ചിതയൊരുക്കിയിരുന്നത്.

തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു കാവാലത്തിന്റെ അന്ത്യം സംഭവിച്ചത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം സോപാനം നാടകക്കളരിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചിരുന്നു.

നാടകാചാര്യൻ എന്ന നിലയിൽ ലോകപ്രശസ്തനായ കാവാലം കവി, ഗാനരചയിതാവ്, സോപാന സംഗീത പണ്ഡിതൻ, നാടക ഗവേഷകൻ തുടങ്ങിയ നിലകളിലും അതുല്യസംഭാവന നൽകി. കേരളത്തിന്റെ ക്‌ളാസ്സിക്കും നാടോടികലകൾ നാടകവുമായി സംയോജിപ്പിച്ച് മലയാളത്തിന്റെ തനത് നാടകവേദി രൂപപ്പെടുത്തിയതിൽ വലിയപങ്കുവഹിച്ചു. കാവാലം എഴുതി അരവിന്ദൻ സംവിധാനം ചെയ്ത അവനവൻ കടമ്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലായി.

അമ്മാവനായ സർദാർ കെ എം പണിക്കർ ചെറുപ്പത്തിലേ കവിതാരചനയിൽ പ്രോത്സാഹനം നൽകി. കുട്ടനാടിന്റെ നാടൻതാളവും നാടോടി പാരമ്പര്യവും നെഞ്ചേറ്റിയ കാവാലം ക്രമേണ നാടകത്തിലേക്ക് വഴിമാറി. 1964ൽ അവതരിപ്പിച്ച സാക്ഷിയായിരുന്നു ആദ്യനാടകം. 1974ൽ തിരുവരങ്ങ് നാടക സംഘത്തിന് രൂപം നൽകി. 'അവനവൻ കടമ്പ' യായിരുന്നു തിരുവരങ്ങിന്റെ ആദ്യരംഗാവിഷ്‌കാരം. 1980ൽ 'സോപാനം' എന്ന രംഗകലാ ഗവേഷണകേന്ദ്രം ആരംഭിച്ചു. 2007ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

നാടകസംവിധാനത്തിന് ദേശീയ പുരസ്‌കാരം, 2002ൽ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, നന്ദികാർ അവാർഡ്, മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാൻ, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP