Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചുകാര്യങ്ങൾക്കുപോലും മതസ്പർദ്ധ വളർത്തുംവിധം പ്രതികരിക്കുന്നവരുടെ കണ്ണുതുറക്കാൻ ഒരു കാരുണ്യവാർത്ത; കാസർകോട്ടുകാരി ഖയറുന്നീസയ്ക്ക് വൃക്ക നൽകി വയനാട്ടിലെ വികാരി ഷിബു യോഹന്നാൻ; ഖയറുന്നീസയുടെ അമ്മ ഷരീഫയുടെ വൃക്ക ഇനി ജീവദാനമാകുന്നത് പട്ടാമ്പിയിലെ ഭാസ്‌കരന്

കൊച്ചുകാര്യങ്ങൾക്കുപോലും മതസ്പർദ്ധ വളർത്തുംവിധം പ്രതികരിക്കുന്നവരുടെ കണ്ണുതുറക്കാൻ ഒരു കാരുണ്യവാർത്ത; കാസർകോട്ടുകാരി ഖയറുന്നീസയ്ക്ക് വൃക്ക നൽകി വയനാട്ടിലെ വികാരി ഷിബു യോഹന്നാൻ; ഖയറുന്നീസയുടെ അമ്മ ഷരീഫയുടെ വൃക്ക ഇനി ജീവദാനമാകുന്നത് പട്ടാമ്പിയിലെ ഭാസ്‌കരന്

ചാവക്കാട്: ജാതിയും മതവുമെല്ലാം പറഞ്ഞ് മനുഷ്യന്മാരുടെ തമ്മിൽത്തല്ലൽ കൂടിവരുന്ന കാലം. അതിനിടയിൽ നന്മയുടെ പച്ചത്തുരുത്തുകൾ തീർക്കപ്പെടുന്ന ചില നല്ല വർത്തമാനങ്ങളും പുറത്തുവരുന്നു. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടേയും ഓർമ്മപ്പെടുത്തലുകളുമായി എത്തുന്ന ഈ ക്രിസ്മസ് കാലത്ത് ഫാദർ ഷിബു യോഹന്നാനും കാസർകോട് സ്വദേശിനിയായ ഷെരീഫയുടെയും വൃക്കദാനങ്ങൾ പകരുന്നതും അത്തരമൊരു സാന്ത്വന സന്ദേശമാണ്.

വയനാട്ടിൽ പള്ളി വികാരിയായ ഫാദർ യോഹന്നാന്റെ വൃക്ക വൃക്ക കാസർകോട് സ്വദേശിനിയായ ഖയറുന്നീസക്കും (25) ഖയറുന്നീസയുടെ അമ്മ ഷരീഫയുടെ (53) വൃക്ക പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂർ സ്വദേശിയായ കോഴിക്കാട്ടുതൊടി ഭാസ്‌കരനും (52) നൽകുന്നതോടെ കൊച്ചുകൊച്ചു കാര്യങ്ങൾക്കുപോലും ജാതിമത ഭ്രാന്തന്മാർ കയറുപൊട്ടിക്കുന്ന ഇക്കാലത്ത് ഈ അവയവദാനങ്ങൾ മഹത്തായ സന്ദേശമാണ് പകരുന്നത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ ഇന്ന് നടക്കുന്ന ശസ്ത്രക്രിയയിലൂടെ ഫാ.ഷിബു യോഹന്നാന്റെ വൃക്ക ഖയറുന്നീസയുടെ ശരീരത്തിലേക്ക് മാറ്റിവയ്ക്കും.

ഇത്തരമൊരു മഹത്തായ സംരംഭത്തിന് എല്ലാവരെയും കൂട്ടിയോജിപ്പിച്ചതും പുതുജീവിതത്തിന് വഴിയൊരുക്കിയതും ഫാ.ഡേവിസ് ചിറമ്മൽ ചെയർമാനായ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയാണ്. വയനാട് മീനങ്ങാടി കല്ലുമുക്ക് സെന്റ് ജോർജ് പള്ളി സഹവികാരിയും ചീങ്ങേരി സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ.ഷിബു യോഹന്നാൻ വൃക്ക നൽകാൻ തീരുമാനിച്ചപ്പോൾ ഇതിന് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രചോദനമായി.

എവിടെയോ ഇരുന്നുള്ള ഹയറുന്നീസയുടെ പ്രാർത്ഥനയാകാം ഇതിന് നിമിത്തമായതെന്ന് ഫാദർ യോഹന്നാൻ വിശ്വസിക്കുന്നു. നേരത്തെ പള്ളിയുടെ നേതൃത്വത്തിൽ 25 ലക്ഷം രൂപ സമാഹരിച്ച് കാൻസർ രോഗികളെ സഹായിക്കാൻ ഫാ.ഷിബു യോഹന്നാന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കിയിരുന്നു. ഇത്തരത്തിൽ വയനാട് മേഖലയിൽ നിരവധി ജനോപകാര പദ്ധതികളിലുടെ ശ്രദ്ധേയനായ വികാരിയാണ് ഫാ. യോഹന്നാൻ.

കാസർകോട് മഞ്ചേശ്വരം കൊടലമംഗരു കേദക്കർ വീട്ടിൽ ഷരീഫയുടെ മകളും ചാവക്കാട് പാലയൂർ എടപ്പുള്ളി ഷാഹുവിന്റെ ഭാര്യയുമാണു ഖയറുന്നീസ. ഒന്നര വർഷമായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന നിർധന കുടുംബാംഗമായ ഖയറുന്നീസക്ക് വൃക്ക ലഭിക്കുന്നതോടെ പുതുജീവിതമാകും. ഇതേസമയം തന്നെ ഖയറുന്നീസയുടെ ഉമ്മ ഷരീഫ പട്ടാമ്പി സ്വദേശിയായ ഭാസ്‌കരനും വൃക്ക നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP