Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അങ്ങനെ കൊച്ചിയിലെ ചുംബനം ആഗോളവത്കരിക്കപ്പെട്ടു; ലൈവ് ചർച്ചയുമായി ബിബിസി; ഇന്ത്യൻ ചുംബനത്തിന്റെ ചരിത്രം പറഞ്ഞ് വോൾ സ്ട്രീറ്റ് ജേണൽ; വിശ്വസിക്കാനാവാതെ കൊച്ചിയിലെത്തിയ ബ്രിട്ടിഷ് ടീച്ചർ

അങ്ങനെ കൊച്ചിയിലെ ചുംബനം ആഗോളവത്കരിക്കപ്പെട്ടു; ലൈവ് ചർച്ചയുമായി ബിബിസി; ഇന്ത്യൻ ചുംബനത്തിന്റെ ചരിത്രം പറഞ്ഞ് വോൾ സ്ട്രീറ്റ് ജേണൽ; വിശ്വസിക്കാനാവാതെ കൊച്ചിയിലെത്തിയ ബ്രിട്ടിഷ് ടീച്ചർ

കൊച്ചിയിലെ ചുംബന സമരക്കാർ താത്വികമായി പറഞ്ഞാൽ ആഗോളവത്കരണത്തിന് എതിരാണ്. കാര്യം അങ്ങനെ ഒക്കെ ആണെങ്കിലും സംഭവം ഇതിനോടകം ആഗോളവത്കരിക്കപ്പെട്ടു കഴിഞ്ഞു. വിദേശ മാദ്ധ്യമങ്ങളിൽ മിക്കതിലും ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം വാർത്തയായി. ബിബിസിയുടെ ലണ്ടൻ സ്റ്റുഡിയോയിൽ നിന്നും വിളിച്ച് കേരളത്തിലെ പല പ്രമുഖരുടെയും അഭിപ്രായം ഏടുത്തുകൊണ്ട് ബിബിസിയും അന്താരാഷ്ട്ര മാനം നൽകിക്കഴിഞ്ഞു. ബിബിസിയുടെ ലേഖകൻ കൊച്ചിയിൽ ലൈവ് കവറിങ്ങിനായി എത്തുന്നുമുണ്ട്. ഇന്ത്യയിലെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ മിക്കതും ഇന്നു കൊച്ചിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ കൊച്ചി സന്ദർശിക്കാനെത്തിയ ഒരു ഇംഗ്ലീഷ് ടീച്ചർ ഇവിടെ ചുംബിക്കാൻ പോലും അവസരം ഇല്ലാത്തതിന്റെ അത്ഭുതത്തിലാണ്. എണറാകുളം ഭവൻസ് ഗിരിനഗർ സ്‌കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷുകാരി അദ്ധ്യാപിക കിം ആണ് ചുംബന സംഭവം കേട്ട് അന്തം വിട്ടത്. സ്വന്തം നാട്ടിൽ ഇതൊക്കെ സാധാരണയാണെന്നും അവിടെ ആരും ശ്രദ്ധിക്കാറില്ലെന്നും പറഞ്ഞ ടീച്ചർ സദാചാര ഗുണ്ടായിസത്തിനെതിരേ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അനുകൂലിക്കുകയും ചെയ്തു.

ചുംബന സംഭവം ഏറ്റെടുത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വേറിട്ടു നിന്നത് പ്രമുഖ അമേരിക്കൻ പത്രമായ വോൾ സ്ട്രീറ്റ് ജേണലിന്റെ വെബ്‌സൈറ്റിലെ ഇന്ത്യയ്ക്കു മാത്രമായുള്ള പേജിൽ ഇന്ത്യയിലെ ചുംബനത്തിന്റെ ലഘു ചരിത്രം വിവരിക്കുന്ന ലേഖനമായിരുന്നു. ഇപ്പോൾ ഉയർന്നു വന്ന ചുംബനത്തിലെ സദാചാരത്തെക്കുറിച്ചുള്ള വാദമുഖങ്ങളെ പൊളിച്ചടക്കുന്നതായി ഈ ലേഖനം. പുരാണങ്ങളും മറ്റും ഉദ്ധരിച്ച് ഇന്ത്യയുടെ ചുംബന പൈതൃകം ലേഖകൻ വിശദീകരിക്കുന്നുണ്ട്. മാത്രവുമല്ല പാശ്ചാത്യ ഇറക്കുമതി എന്ന് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ചുംബനം വാസ്തവത്തിൽ ഇന്ത്യക്കാരാണ് പാശ്ചാത്യർക്ക് പഠിപ്പിച്ചു കൊടുത്തതെന്നും രേഖകൾ വച്ചും ഈ മേഖലയിൽ പഠനം നടത്തിയവരെ ഉദ്ധരിച്ചും ലേഖനം വിശദീകരിക്കുന്നു.

3500 വർഷങ്ങൾക്കു മുമ്പ് തന്നെ വേദങ്ങൾ ചുംബനം പോലുള്ള പെരുമാറ്റങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്ന് ചുംബന ചരിത്രം പഠിച്ച ടെക്‌സസിലെ എആൻഡ്എം യൂണിവേഴ്‌സിറ്റിയിൽ നരവംശ ശാസ്ത്രജ്ഞനായ വോൻ ബ്രയന്റ് പറയുന്നു. ഇതിനു അര നൂറ്റാണ്ടിനു ശേഷം പ്രണയപൂർവ്വമുള്ള മുഖങ്ങൾ തമ്മിലുള്ള ചുംബനം ആദ്യമായി വിശദീകരിച്ചത് ഹൈന്ദവ ഇതിഹാസമായ മഹാഭാരതത്തിലാണെന്നും ലേഖനം പറയുന്നു. ചുംബനം ഇന്ത്യയിൽ നിന്നാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് പടർന്നതെന്നും ഇന്ത്യയിൽ ഇതിനെ കുറിച്ചു പഠിച്ചവർ പറയുന്നു. ഉത്തരേന്ത്യയിലെ പഞ്ചാബിന്റെ ഭാഗങ്ങൾ ബി സി 326-ൽ അലക്‌സാണ്ടർ ചക്രവർത്തി പിടിച്ചടക്കിയതിനു ശേഷമായിരുന്നു ഇത്. കിസ് എന്ന വാക്കിന്റെ ഉൽപ്പത്തി തന്നെ ഇന്ത്യയിൽ നിന്നാണെന്നും ബ്രയന്റ് വിശദീകരിക്കുന്നുണ്ട്. പുരാതന സെക്‌സ് ഗൈഡായ കാമസൂത്രയിൽ തന്നെ വിവിധയിനം ചുംബനങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ബിബിസി കേരളത്തിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച ഒരു വീഡിയോ അവതരണം തന്നെ പുറത്തിറക്കി ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു. സോഷ്യൽ മീഡിയിൽ ചുംബനത്തിനു ലഭിച്ച വൻ വരവേൽപ്പാണ് ബിബിസി ചർച്ചയാക്കിയത്. കോഴിക്കോട്ട് ഡൗൺ ടൗണ്ട് കഫേ യുവ മോർച്ചക്കാർ അടിച്ചു പൊളിക്കുന്നത് ആദ്യം കാണിക്കുന്നു. പിന്നീട് ജയ്ഹിന്ദ് ടിവി പുറത്തു വിട്ട ദൃശ്യങ്ങൾ കാണിച്ച് ഇതിനായിരുന്നു ഈ പ്രതിഷേധം എന്ന് എഴുതിക്കാണിക്കുന്നു. ഇന്ത്യയിൽ ചുംബനം എന്തെല്ലാം പുകിലാണ് ഉണ്ടാക്കുന്നതെന്ന് ബിബിസി നന്നായി അവതരിപ്പിക്കുന്നു.

മലയാളികളെ പ്രതിനിധീകരിച്ച് ആദ്യം പ്രത്യക്ഷപ്പെടുന്ന യുവമോർച്ച നേതാവ് ജി ലിജിൻലാൽ പറഞ്ഞത് എല്ലാവർക്കും പ്രണയം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും പക്ഷെ ജനങ്ങൾ സദാചാരപരമായല്ല ഉപയോഗപ്പെടുത്തുന്നതെന്നുമാണ്. അടുത്തതായി കിസ് ഓഫ് ലവ് സംഘാടനകൻ രാഹുൽ പശുപാലൻ വരുന്നു. പൊതുസ്ഥലത്തു വച്ച് കിസ് ചെയ്താൽ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ശ്രമമാണ് ഈ പരിപാടിയെന്നും ഇതിനായി ഒരു ഫേസ്‌ബുക്ക് പേജ് തന്നെ ഉണ്ടാക്കിയതോടെ എല്ലാവരും പിന്തുണയുമായി വന്നെന്നും രാഹുൽ പറയുന്നതിനിടെ ഒരു സഡൻ ബ്രേക്കിന്റ ശബ്ദമാണ് പശ്ചാത്തലത്തിൽ.

 

എന്നാൽ പിന്തുണയ്ക്കാൻ 'എല്ലാവരും ഇല്ല' എന്ന് എഴുതിക്കാട്ടിയ ശേഷം പ്രത്യക്ഷപ്പെടുന്നത് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രമുഖ മലയാളി ബ്ലോഗർ ബഷീർ വള്ളിക്കുന്നാണ്. അടിസ്ഥാനപരമായി ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ തനിക്ക് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞാണ് ബഷീർ തുടങ്ങുന്നത്. കേരളത്തിൽ നിലവിലുള്ള സാംസ്‌കാരിക അന്തരീക്ഷത്തിന് യോജിച്ച സമര രീതിയല്ല എന്നതാണ് അദ്ദേഹം പറയുന്ന ന്യായം. ആളുകളെ വിളിച്ചു കൂട്ടി പൊതുസ്ഥലത്ത് വച്ച് കെട്ടിപിടിക്കുകും ചുംബിക്കുകയും ചെയ്യുന്നതിൽ ഒരർത്ഥവുമില്ലെന്ന് ബഷീർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP