Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുംബിക്കാനെത്തിയത് അമ്പതോളം പേർ.. കാണാനെത്തിയത് അയ്യായിരത്തോളം പേരും; ചുംബനക്കാരെ തുരത്താൻ ഒരുമിച്ച് കൈകോർത്ത് ബജ്രംഗ്ദളും എസ്ഡിപിഐയും; കിസ് ഓഫ് ലൗ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു; കൊച്ചി നഗരം സ്തംഭിച്ചതിങ്ങനെ

ചുംബിക്കാനെത്തിയത് അമ്പതോളം പേർ.. കാണാനെത്തിയത് അയ്യായിരത്തോളം പേരും; ചുംബനക്കാരെ തുരത്താൻ ഒരുമിച്ച് കൈകോർത്ത് ബജ്രംഗ്ദളും എസ്ഡിപിഐയും; കിസ് ഓഫ് ലൗ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു; കൊച്ചി നഗരം സ്തംഭിച്ചതിങ്ങനെ

കൊച്ചി: കൊച്ചിയിൽ ചുംബന സമരത്തിൽ പങ്കെടുക്കാനെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സമരക്കാർക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരക്കാർ പ്രകടനവുമായി എത്തിയതോടെയാണ് പൊലീസ് കിസ് ഓഫ് ലവ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കിയത്. ചുംബനസമരക്കാർ മറൈൻ ഡ്രൈവിൽ എത്തിയാൽ വൻ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് കണ്ടാണ് മുൻകരുതൽ എന്ന നിലയിൽ ഇവരെ ലോകോളേജ് പരിസരത്തുനിന്നും അറസ്റ്റു ചെയ്തത്. സമരക്കാരെയും പ്രതിഷേധക്കാരെയും പൊലീസ് കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ, സമരത്തിനെത്തിയ പ്രവർത്തകരെ ശിവസേനക്കാർ ആക്രമിക്കുകയും ചെയ്തു. പൊലീസ് സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരിക്കെയായിരുന്നു ശിവസേന പ്രവർത്തകരുടെ ആക്രമണം. ചുംബനസമരത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.

അതിനിടെ ചുംബന സമരത്തിൽ പങ്കെടുക്കാൻ എത്തി അറസ്റ്റിലായ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചവർക്കെതിരെയാണ് കേസ് എടുത്തത്. അന്യായമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസെടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. തേവര പൊലീസ് സ്റ്റേഷനിൽ എത്തിച്ച 30 പ്രതിഷേധക്കാരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു സ്റ്റേഷനു പുറത്ത് സമരക്കാരെ അനുകൂലിക്കുന്നവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സമരക്കാർ സ്റ്റേഷനു മുമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ലോകോളജ് പരിസരത്തു നിന്നും അറസ്റ്റ് ചെയ്ത 30 പേരാണ് തേവര സ്റ്റേഷനിൽ ഉള്ളത്.

സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ച് സ്ത്രീകളും യുവാക്കളും അടക്കമാണ് അമ്പതോളം പേർ എത്തിയത്. അഞ്ച് മണിയോടെ പ്രതിഷേധ സമരം മറൈൻ ഡ്രൈവിലെ കെട്ടുവള്ളം പാലത്തിൽ സംഘടിപ്പിക്കാനായിരുന്നു പരിപാടി. എന്നാൽ ആയിരക്കണക്കിന് പേർ ചുംബന സമരം കാണാനും പ്രതിഷേധിക്കാനുമായി മറൈൻ ഡ്രൈവിൽ ഒത്തുകൂടി. ഇതോടെ പൊലീസിന് തലവേദനയുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നമായി മാറുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

കൂടാതെ മറൈൻ ഡ്രൈവിലെ കെട്ടുവള്ളം പാലത്തിലേക്കുള്ള വഴികൾ പൊലീസ് അടച്ചതിനേത്തുടർന്ന് സംഗമം മറൈൻ ഡ്രൈവ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. കെട്ടുവള്ളം പാലം ഉൾപ്പെടെയുള്ള വാക് വേയിലേക്ക് പൊലീസ് ആരെയും കടത്തിവിട്ടില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയത്. ഗ്രൗണ്ടിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിനെ തടസപ്പെടുത്തില്ല എന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.

സദാചാര വാദികളുടെ അക്രമം ഉണ്ടാകാതിരിക്കാനും പ്രതിഷേധം അതിരുവിടാതിരിക്കാനും കനത്ത പൊലീസ് നിരീക്ഷണമാണ് ഏർപ്പെടുത്തിയത്. സമരക്കാർക്കുപരി, സമരം കാണാനെത്തിയവരെക്കൊണ്ട് കൊച്ചി നഗരം നിറഞ്ഞു. സമരത്തിന് മാദ്ധ്യമങ്ങൾ നൽകിയ പ്രചാരണത്തെത്തുടർന്നാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ളവർ എന്താണ് സംഭവിക്കുന്നത് എന്നു നേരിട്ട് കാണാൻ കൊച്ചിയിലെത്തിയത്. ഇതോടെ നഗരം സ്തംഭിച്ച അവസ്ഥയുമുണ്ടായി. ഗതാഗതവും പൂർണമായി തടസപ്പെട്ടു.

സമരക്കാരെ കായികമായി നേരിടാൻ ആക്രമണ സജ്ജമായി വിവിധ ഹൈന്ദവ സംഘടനാപ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബജ്‌റംഗദൾ, യുവമോർച്ച, എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായി മറൈൻ ഡ്രൈവിൽ പ്രകടനം നടത്തി. ഇതോടെയാണ് ലോകോളേജ് പരിസരത്ത് ചുംബന സമരം നടത്താൻ കിസ് ഓഫ് ലവ് പ്രവർത്തകർ തീരുമാനിച്ചത്. ഇതിനായി ലോകോളേജ് പരിസരത്ത് എത്തിയതോടെയാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. ഇതിനിടെയാണ് ശിവസേന പ്രവർത്തകർ പ്രക്ഷോഭത്തിന് എത്തിയവരെ ആക്രമിച്ചത്.

സമരക്കാർക്കെതിരെ നാലു തവണയാണ് പൊലീസ് ലാത്തി വീശുകയും കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തത്. സന്ധ്യയാകുന്നത് വരെ കൂട്ടം കൂട്ടമായി ചെറുപ്പക്കാർ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.

അതേസമയം ചുംബന സമരം കാണാനെത്തിയവർ അകറ്റാനായി പൊലീസിന് ലാത്തിവീശേണ്ടി വന്നു. കിസ് ഓഫ് ലവ് പ്രവർത്തകരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൂടുതൽ പേർ രംഗത്തെത്തി. ഇവർ മുദ്രാവാക്യം മുഴക്കി. അതിനിടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ ചുംബന അനുകൂലികൾ എന്ന് തെറ്റിദ്ധരിച്ച് സദാചാര ഗുണ്ടകൾ കൈയേറ്റം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യപിച്ച അഡ്വ. ഹരീഷ് വാസുദേവൻ, മാദ്ധ്യമപ്രവർത്തക ടി എ ഷാഹിന, രാജീവ് രാമചന്ദ്രൻ തുടങ്ങിയവരെയും പൊലീസ് അറസ്റ്റു ചെയ്തു. പരിപാടിയുടെ സംഘാടകരായ രാഹുൽ പുഷ്പളനും രശ്മി നായരും പൊലീസ് അറസ്റ്റു ചെയ്ത വാഹനത്തിൽ വച്ച് പരസ്പരം ചുംബിച്ച് പ്രതിഷേധിച്ചു.

അന്തർദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ പ്രദേശം മാദ്ധ്യമ പ്രവർത്തകരേക്കൊണ്ട് മറൈൻ ഡ്രൈവും പരിസരവും നിറഞ്ഞിരുന്നു. ബിബിസി, അൽ ജസീറ, എൻഡിടിവി, ടൈംസ് നൗ, സിഎൻഎൻ-ഐബിഎൻ തുടങ്ങിയ ചാനലുകളുടേയും ഒട്ടുമിക്ക ന്യൂസ് ഏജൻസികളുടേയും പ്രതിനിധികൾ മറൈൻ ഡ്രൈവിൽ എത്തിയിയിരുന്നു.

കിസ് ഓഫ് ലവ് സദാചര ഗുണ്ടായിസത്തിനെതിരായ സമരമാണെന്ന് പ്രതിഷേധക്കാർ നേരത്തെ അറിയിച്ചെങ്കിലും സദാചാര ഗുണ്ടകളെ പേടിച്ച് പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്യുകയായിരുന്നു. അനാശാസ്യത്തിന് അവസരമൊരുക്കി എന്നാരോപിച്ച് കോഴിക്കോട് ഡൗൺടൗൺ റെസ്‌റ്റോറന്റ് യുവമോർച്ച പ്രവർത്തകർ അറസ്റ്റു ചെയ്തതോടെയാണ് ചുംബനകൂട്ടായ്മ സംഘടിപ്പിച്ചത്. പരിപാടിക്ക് വൻ സ്വീകാര്യതയാണ് ഫേസ്‌ബുക്കിലൂടെ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP