Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുംബിക്കും മുമ്പേ പ്രതിഷേധം ശക്തം! ചുംബന കൂട്ടായ്മ്മയെ കുറിച്ച് ദേശീയ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിക്കാൻ പോയ 'കിസ് ഓഫ് ലവ്' പ്രവർത്തകർക്കെതിരെ കൈയേറ്റം; പരസ്യ ചുംബനത്തിനെതിരെ വനിതാ ലീഗും

ചുംബിക്കും മുമ്പേ പ്രതിഷേധം ശക്തം! ചുംബന കൂട്ടായ്മ്മയെ കുറിച്ച് ദേശീയ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിക്കാൻ പോയ 'കിസ് ഓഫ് ലവ്' പ്രവർത്തകർക്കെതിരെ കൈയേറ്റം; പരസ്യ ചുംബനത്തിനെതിരെ വനിതാ ലീഗും

കൊച്ചി: കോഴിക്കോട്ടെ റെസ്‌റ്റോറന്റിൽ യുവതിയുവാക്കൾ ചുംബിക്കുന്ന രംഗം കാട്ടി അനാശാസ്യമെന്നാരോപിച്ച് ചാനൽ വാർത്ത നൽകുകയും പിന്നാലെ യുവമോർച്ച പ്രവർത്തകർ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാൻ ചുംബനകൂട്ടായ്മ്മ സംഘടിപ്പിക്കാനുള്ള യുവാക്കളുടെ നീക്കത്തിനെതിരെ ഒരു വിഭാഗം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ചുംബന സമരം അരങ്ങേറുന്നതിന് മുമ്പ് തന്നെ യുവാക്കളെ കൈയേറ്റം ചെയ്ത സംഭവവും അരങ്ങേറി.

കൊച്ചി മറൈൻഡ്രൈവിൽ ദേശീയ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ പോയ കിസ് ഓഫ് ലവ് പ്രവർത്തകർക്കെതിരെ സദാചാര പൊലീസ് വക്താക്കൾ ആക്രമണം അഴിച്ചു വിട്ടു. മാദ്ധ്യമങ്ങളുടെയും പൊലീസിന്റെയും മുമ്പിൽ വച്ചാണ് ആക്രമണം നടന്നത്. പ്ലക്കാർഡുകൾ വലിച്ചു കീറുകയും, സ്ത്രീകൾ ഉൾപ്പെടെ ഉള്ള വളണ്ടീയർമാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. നടപടിയിൽ പ്രതിഷേധിച്ച് അക്രമികൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ വളണ്ടിയർമാർ രംഗത്തുവന്നിട്ടുണ്ട്. എട്ടോളം പ്രവർത്തകർക്കുനേരെയാണ് ആക്രമണം നടന്നത്.

ഇത്തരം പ്രവൃത്തികൾ അസംബന്ധമാണ്, ഇത് കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ല, 2ാം തീയ്യതി ചുംബനസമരം നടത്താൻ ഒരുതരത്തിലും അനുവദിക്കില്ല, 2ാം തീയ്യതി ഈ പരിസരത്ത് അടുക്കാൻ ആരെയും അനുവദിക്കില്ല, ചുംബന സമരം നടത്താൻ ഇങ്ങോട്ട് വന്നാൽ ഇതേ ആക്രമണം അന്നും നേരിടേണ്ടി വരും, സമരത്തെ ഏത് വിധത്തിലും തകർക്കും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് അക്രമികൾ വളണ്ടിയർമാരെ ദേഹോപദ്രവം ഏൽപ്പിച്ചത്.

അതേസമയം ചുംബന സമരം നടത്താൻ അനുവദിക്കില്ലെന്ന് ഡസിപി നിശാന്തിനി അറിയിച്ചതായും വാർത്തകളുണ്ട്. സോഷ്യൽ മീഡിയയിലും ചുംബനകൂട്ടായ്മ്മക്കെതിരെ പ്രതിഷേധവുമായി ചിലർ രംഗത്തുണ്ട്. അതിനിടെ കൊച്ചി മറൈൻ ഡ്രൈവിൽ നടത്തുമെന്ന് പ്രഖ്യാപിച്ച പരസ്യ ചുംബന പരിപാടിയിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അൻവറും ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സദാചാര പൊലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമോ അവകാശമോ ഇല്ല. ഇതിനെതിരെ കർശനമായ നിലപാട് സ്വീകരിക്കേണ്ടതാണ്. എന്നാൽ, സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും പ്രണയ സായാഹ്നം സംഘടിപ്പിക്കുന്നത് കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ല. സെക്‌സ് കലർന്ന പരസ്യമായ സ്‌നേഹപ്രകടനങ്ങൾ വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്ന് പറയുന്നത് ശരിയല്ല.

കേരള സമൂഹം കാത്തുസൂക്ഷിക്കുന്ന ധാർമിക മൂല്യങ്ങളെ തകർക്കുന്നതിന് മത്രമേ ഇത്തരം പരിപാടികൾ സഹായകമാകൂ. പരസ്യ ചുംബനം ആഘോഷിക്കുന്നതിലൂടെ ഇളം തലമുറക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും വനിതാ ലീഗ് ചൂണ്ടിക്കാട്ടി. പിന്മാറാൻ തയാറാകാത്ത പക്ഷം പരിപാടി തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഇരുവരും ആവശ്യപ്പെട്ടു.

എന്നാൽ പൊലീസ് അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നും ചുംബനകൂട്ടായ്മ്മയുമായി മുന്നോട്ട് പോകുമെന്നും കിസ്ഓഫ് ലവ് പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP