Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാല ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ ജനക്കൂട്ടം ഒഴുകിയെത്തി; കോട്ടയം മുതൽ പാല വരെ റോഡിന് ഇരുവശത്തും ആയിരങ്ങൾ കാത്തു നിന്നു; തലസ്ഥാനത്ത് നിന്നും പുറപ്പെട്ട ജാഥ പാലായിൽ എത്തിയപ്പോൾ ഒപ്പം ചേർന്നത് ആയിരക്കണക്കിന് വാഹനങ്ങൾ

പാല ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ ജനക്കൂട്ടം ഒഴുകിയെത്തി; കോട്ടയം മുതൽ പാല വരെ റോഡിന് ഇരുവശത്തും ആയിരങ്ങൾ കാത്തു നിന്നു; തലസ്ഥാനത്ത് നിന്നും പുറപ്പെട്ട ജാഥ പാലായിൽ എത്തിയപ്പോൾ ഒപ്പം ചേർന്നത് ആയിരക്കണക്കിന് വാഹനങ്ങൾ

കോട്ടയം: ബാർ കോഴ കേരളത്തിലെ ജനങ്ങൾക്ക് ഒരു വലിയ അഴിമതി വിഷയം ആയിരിക്കാം. എന്നാൽ പാലാക്കാർക്ക് അല്ല. സ്വന്തമായി ഒരു പാർട്ടി നടത്തുന്ന മാണി ബാറുടമകളോട് പണം വാങ്ങിയാൽ അതിൽ തെറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് പാലായിലെ ഭൂരിപക്ഷം പേരും. അതിന്റെ പേരിൽ ഇത്രയേറെ അപമാനിക്കപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന വാശിയായിരുന്നു ഇന്നലെ മാണിക്ക് സ്വീകരണം ഒരുക്കാൻ തടിച്ചു കൂടിയ ആയിരങ്ങളുടെ മനസ്സ് പറഞ്ഞത്. അത്രമേൽ ആവേശം ആയിരുന്നു ഇന്നലെ പാലായിൽ. ഇന്നേവരെ പാല കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് ഇന്നലെ പാല സാക്ഷ്യം വഹിച്ചത്. മന്ത്രിസ്ഥാനം രാജിവച്ച ശേഷം ആദ്യമായി പാലായിലെത്തിയ കെ.എം.മാണിക്ക് ജന്മനാട് ആവേശകരമായ വരവേല്പാണ് നൽകിയത്. തിരുവനന്തപുരം പട്ടം മുതൽ പാലാ വരെ ആവേശകരമായ സ്വീകരണമാണു മാണിക്കു ലഭിച്ചത്. പട്ടം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. കോട്ടയത്തു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാലയിട്ടാണു സ്വീകരിച്ചത്

അരനൂറ്റാണ്ട് മുമ്പ് കേരളകോൺഗ്രസിന് ജന്മമേകിയ കോട്ടയം തിരുനക്കര മൈതാനത്തിന് മുന്നിലും സ്വീകരണമൊരുക്കി. ഇവിടെ മാണിയെത്തിയപ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി സ്വീകരിക്കാൻ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ആന്റോ ആന്റണി എംപിയും എത്തി. പിന്നീട് കോട്ടയത്തെ ഇളക്കി മറിച്ചായിരുന്നു മാണിയുടെ പാലായിലേക്കുള്ള യാത്ര. രാവിലെ തിരുവനന്തപുരത്ത നിന്ന് പുറപ്പെട്ടെങ്കിലും രാത്രി ഏഴരയോടെയാണ് മാണി പാലായിൽ എത്തിയത്. കരിമരുന്നു പ്രകടനത്തോടെയായിരുന്നു സ്വീകരണം. ചോര തരാം, നീരു തരാം, ജീവൻ വേണേൽ അതും തരാം. കേരളകോൺഗ്രസ് തളരില്ല . കെ.എം.മാണി തളരില്ല ..'എന്ന മുദ്രാവാക്യം മുഴങ്ങി. വാളും പരിചയും നല്കിയാണ് പാലാക്കാർ മാണിയെ സ്വീകരിച്ചത്

പാലയിലേക്കുള്ള യാത്രയിൽ വഴിനീളെ ആയിരങ്ങൾ മാണിയെ കാത്ത് നില്ക്കുകയായിരുന്നു. തുറന്ന ജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുരിശുപള്ളികവലയിൽ എത്തിയ മാണി ജനങ്ങളുടെ ആവേശത്തിനു മുന്നിൽ വികാരധീനനായി. എന്റെ മനസിന്റെ ശക്തി പതിന്മടങ്ങ് വർദ്ധിച്ചു. മന്ത്രിയായ മാണിയേക്കാൾ മന്ത്രിയല്ലാത്ത അംഗീകാരമില്ലാത്ത മാണിയുടെ ശക്തി എന്റെ നാട്ടുകാരായ നിങ്ങളാണ്. സ്ഥാനമൊഴിഞ്ഞ ഒരു വ്യക്തിയെ നിങ്ങൾ പ്രിയപ്പെട്ടവനായി കരുതി സ്‌നേഹം ചൊരിയുന്നു. അരനൂറ്റാണ്ടായി നിങ്ങളുടെ വിനീത ദാസനായി പ്രവർത്തിക്കുന്ന എന്നോട് കാണിക്കുന്ന ഈ സ്‌നേഹത്തിന് തിരിച്ച് ഞാൻ എന്തു തരണം? ശബ്ദം ഇടറിക്കൊണ്ട് മാണി ചോദിച്ചു.

'സംസ്ഥാന ധനമന്ത്രിമാരുടെ അധ്യക്ഷനായി രാജ്യത്തെ ഏറ്റവും മികച്ച പദവിയുമായി വന്നപ്പോൾ പോലും കിട്ടാത്ത സ്വീകരണമാണ് അധികാരമെല്ലാം ഒഴിഞ്ഞെത്തിയപ്പോൾ പാലാ തന്നത്. ധനമന്ത്രിസ്ഥാനം കൊണ്ടു ധൂർത്തപുത്രനായല്ല ഇവിടേക്കു മടങ്ങിവന്നത്. ശതകോടികളുടെ നിക്ഷേപം പാലായിലെത്തിച്ചു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നൽകിയിട്ടുണ്ട്. അതുപോലെ പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിനും നൽകി'-വികാരഭരിതനായി മാണി പറഞ്ഞു.

കേരളത്തിന്റെ സ്ഥായിയായ വികസനത്തിനു വലിയ സംഭാവനകൾ നൽകാൻ 13 ബജറ്റുകളിലൂടെ തനിക്കു കഴിഞ്ഞുവെന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി മാണി പറഞ്ഞു. സിപിഐ(എം) കൊഴുപ്പിച്ചെടുത്ത സാന്റിയാഗോ മാർട്ടിനെ അടിച്ചുപുറത്താക്കി, പാവപ്പെട്ട രോഗികൾക്ക് ആ പണമെത്തിച്ചുകൊടുത്ത കാരുണ്യ ലോട്ടറിയുൾപ്പെടെയുള്ള ഭരണനേട്ടങ്ങളും വിവരിച്ചു. എന്നാൽ, ബാർ കേസിലെ ഗൂഢാലോചനയെക്കുറിച്ചോ രണ്ടുനീതി ആരോപണത്തെക്കുറിച്ചോ കെ.എം. മാണി ഒന്നും പറഞ്ഞില്ല. തന്നെ ഓർത്ത് അച്യുതാനന്ദൻ കരയേണ്ടെന്നും സ്വന്തം അവസ്ഥയോർത്തും മകന്റെ അവസ്ഥയോർത്തും കരഞ്ഞാൽ മതിയെന്നുമായിരുന്നു വിഎസിന്റെ വിമർശനങ്ങൾക്കുള്ള മറുപടി.

പാലായ്ക്കപ്പുറം ലോകം ഉണ്ടെന്നുള്ള ടി.എൻ. പ്രതാപൻ എംഎൽഎയുടെ വിമർശനത്തിനു കെ.എം. മാണിയുടെ മറുപടി ഇങ്ങനെയായിരുന്നു: പാലായ്ക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ച് എന്നെ ആരും പഠിപ്പിക്കേണ്ട, ഒരു കാര്യം പറയാം. പാലാ എന്ന ലോകത്തെയാണു ഞാൻ വലുതായി കാണുന്നത്. പാലായിലെ ജനങ്ങളാണ് എന്റെ കരുത്ത്. പി.സി. ജോർജിനെതിരെയും മാണി ആഞ്ഞടിച്ചു. 'നമ്മുടെ ഒരു പയ്യൻ പേയ് പറയുന്നു. നമ്മൾ കൊടുത്തതേ കയ്യിലുള്ളൂ. നമ്മൾ കൊടുത്ത സ്റ്റേറ്റ് കാറും സൗകര്യവും. നമ്മളെ തെറിപറയുകയാണു ജോലി. ചുമ്മാ തെറിപറ!ഞ്ഞു നടക്കുന്നു. ഇപ്പോഴിതാ, എംഎൽഎ ആയിരിക്കാൻ യോഗ്യനല്ലെന്നു വിധിച്ചിരിക്കുന്നു. നിയമസഭയ്ക്ക് ഒരു നിലവാരമുണ്ട്. ആ നിലവാരം കൈവിട്ടപ്പോൾ നാട്ടുകാരും വീട്ടുകാരും നാണക്കേടു മൂലം കൈവിട്ടു. എങ്കിലും ജോർജിന് എല്ലാ നന്മയും വരട്ടെയെന്നാണു പ്രാർത്ഥിക്കുന്നത്' - മാണി പറഞ്ഞു. കേരള കോൺഗ്രസ് ജൂബിലി ആഘോഷിച്ചപ്പോൾ കേരളം മുഴുവൻ സ്വീകരണവും പരിപാടികളുമായി വളർന്നു. ഇതിൽ അസൂയ പൂണ്ടവരാണ് ഈ മുഖത്ത് ഒന്നു കരിവാരിതേയ്ക്കാൻ നുണപ്രചാരണങ്ങളുമായി ഇറങ്ങിയത്. അതിലൊന്നും പരിഭവമില്ലെന്നും കെ.എം. മാണി വ്യക്തമാക്കി.

കേരളകോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫാണ് പാലായിലെ യോഗം ഉദ്ഘാടനം ചെയ്തത്. ഡപ്യൂട്ടി ലീഡർ സി.എഫ്.തോമസ് , ജോസ് കെ മാണി എംപി , ജോയ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ തിരുവനന്തപുരത്ത് നിന്ന് തിരിച്ച മാണിയെ സ്വീകരിക്കാൻ പാലായിൽ നിന്ന് തന്നെ നിരവധി വാഹനങ്ങളിൽ പ്രവത്തകർ എത്തിയതോടെ മാണിയുടെ യാത്ര വാഹന റാലിയായ് മാറി. നേരത്തേ നിശ്ചയിച്ചിരുന്ന സ്ഥലങ്ങൾക്കു പുറമേ പലയിടത്തും പാർട്ടി പ്രവർത്തകർ വാഹനം തടഞ്ഞു നിർത്തി സ്വീകരണം നല്കിയതോടെ യാത്ര വൈകി. കേരളരാഷ്ടീയത്തിന്റെ ശക്തിസ്രോതസായ കെ.എം.മാണി നന്മയ്ക്കുവേണ്ടി നടത്തുന്ന തീർത്ഥയാത്രയാണിതെന്ന് കോട്ടയത്തെ സ്വീകരണ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആർക്കും തോല്പിക്കാൻ കഴിയാത്ത മാണി കൂടുതൽ ശക്തിയോടെ മന്ത്രിസഭയിൽ മടങ്ങിയെത്തുമെന്ന് കൂട്ടിച്ചേർത്തപ്പോൾ കൈയടി ഉയർന്നു. അവസാനമായി ഒപ്പിട്ട ഫയൽ തിരുവഞ്ചൂരിനു വേണ്ടി കോട്ടയത്ത് സ്‌കൈവാക്ക് നിർമ്മിക്കുന്നതിന് അഞ്ചുകോടി രൂപ അനുവദിച്ചതാണെന്ന് മറുപടി പറഞ്ഞ മാണി തിരുവഞ്ചൂരിന് നന്ദി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്തെ യോഗത്തിൽ പങ്കെടുക്കാനിരുന്നതാണെന്നും അത്യാവശ്യമായി തിരുവനന്തപുരത്തിന് പോകേണ്ടി വന്നതിനാൽ പകരം ഇവിടെ എത്തണമെന്ന് തന്നോട് പ്രത്യേകം പറഞ്ഞിരുന്നതായും തിരുവഞ്ചൂർ അറിയിച്ചപ്പോൾ മാണി ചിരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP