Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചി മെട്രോയിൽ 'കുമ്മനടിച്ച്' പൊലീസുകാരും! മെട്രോയിലെ പൊലീസുകാരുടെ ഓസിന് യാത്ര സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി; സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള യാത്രക്കെതിരെ പരാതിയുമായി കെഎംആർഎൽ

കൊച്ചി മെട്രോയിൽ 'കുമ്മനടിച്ച്' പൊലീസുകാരും! മെട്രോയിലെ പൊലീസുകാരുടെ ഓസിന് യാത്ര സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി; സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള യാത്രക്കെതിരെ പരാതിയുമായി കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോയുടെ തുടക്കം തന്നെ ഒരു സൗജന്യ യാത്രയെ ചൊല്ലിയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മെട്രോ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതോടെ ടിക്കറ്റെടുക്കാതെയുള്ള യാത്രക്ക് 'കുമ്മനടി' എന്ന് പേരുമിട്ടു. സോഷ്യൽ മീഡിയയിലെ കളിയാക്കൽ വലിയ തോതിൽ ചർച്ച ആയതോടെ വിവാദം ആളിക്കത്തുകയുമുണ്ടാിയി. ഇപ്പോൾ മെട്രോയിലെ മറ്റൊരു സൗജന്യ യാത്രയും വിവാദത്തിലാകുകയാണ്.

മെട്രോയുടെ ആദ്യദിനങ്ങളിൽ തന്നെ ഓസിന് യാത്രചെയ്യാൻ പൊലീസുകാർ കയറുന്നുവെന്നാണ് ആക്ഷേപം. കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റെടുക്കാതെ പി സി പറഞ്ഞ് യാത്ര ചെയ്യുന്ന പൊലീസ് ശൈലി കൊച്ചി മെട്രോയിലും ആവർത്തിക്കുന്നു എന്നതാണ് ആക്ഷേപം. കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ എറണാകുളം റേഞ്ച് ഐജിക്കു ഇത് സംബന്ധിച്ച് പരാതി നൽകി. പകർപ്പ് സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്‌പിക്കും നൽകിയിട്ടുണ്ട്. എന്നാൽ മെട്രോയിലെ സുരക്ഷാജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരെ ആ മട്ടിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് എതിർവാദം.

ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പൊലീസുകാരുടെ യാത്ര എന്നാണ് പരാതിയിൽ പറയുന്നത്. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലെയും പോലെ ടിക്കറ്റെടുത്ത് കയറാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. എന്നാൽ മെട്രോ ഓടിത്തുടങ്ങുമ്പോഴേക്ക് ഉണ്ടായ ഈ ആക്ഷേപം പൊലീസ് ഉന്നതരെയാകെ ഞെട്ടിച്ചു.

പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ അവർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: കേന്ദ്രസേനയായ സിഐഎസ്എഫ് മാതൃകയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിൽ രൂപീകരിച്ച സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ നിന്നുള്ളവരെയാണ് മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്റ്റേഷനുകളിലെ ബാഗേജ് പരിശോധന, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ നിയന്ത്രണം ഇവർക്കാണ്. 128 പേരടങ്ങുന്ന എസ്‌ഐഎസ്എഫ് സംഘമാണ് നിലവിൽ പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കുള്ളത്. ഇവരുടെ മേൽനോട്ടച്ചുമതലയുള്ള ഓഫീസർ തസ്തികകളിലുള്ളവർക്ക് വിവിധ മെട്രോ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യണമെങ്കിലും മറ്റു മാർഗമില്ല. ഇവർക്കായി ഇവിടെ വാഹനങ്ങളൊന്നും അനുവദിച്ചിട്ടില്ല. എസ്‌ഐഎസ്എഫിന് കൊച്ചിയിൽ യൂണിറ്റുമില്ല.

ഈ സാഹചര്യത്തിൽ ഇവരിൽ ചിലർക്കാണ് ടിക്കറ്റില്ലാതെ മെട്രോയിൽ യാത്ര ചെയ്യേണ്ടി വന്നത്. ഇതിനെ ഈ മട്ടിൽ പരാതിയാക്കി പർവതീകരിച്ച കെഎംആർഎല്ലിനോട് പൊലിസിൽ കടുത്ത അമർഷമുണ്ട്. ജോലിക്കിടയിൽ യാത്ര വേണ്ടിവരുന്ന എസ്‌ഐഎസ്എഫുകാർക്കായി പ്രത്യേക പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇപ്പോൾ പൊലീസ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP