Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്പന്റെ കൈയും കാലും ഒടിച്ചു വീട്ടിൽ ഇരുത്താൻ മകൻ ക്വട്ടേഷൻ സംഘത്തിന് നൽകിയ 50,000 രൂപ; ക്രൂരതയ്ക്ക് കാരണമായത് പിതാവിന്റെ അവിഹിത ബന്ധം

അപ്പന്റെ കൈയും കാലും ഒടിച്ചു വീട്ടിൽ ഇരുത്താൻ മകൻ ക്വട്ടേഷൻ സംഘത്തിന് നൽകിയ 50,000 രൂപ; ക്രൂരതയ്ക്ക് കാരണമായത് പിതാവിന്റെ അവിഹിത ബന്ധം

കൊച്ചി: കൊച്ചിയിൽ പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ച് വീട്ടിലിരുത്താൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയ മകൻ അറസ്റ്റിലായി. പാലാരിവട്ടം നടുവിലെ മുല്ലേത്ത് കപ്പട്ടിൽ വീട്ടിൽ വർഗീസിനെ(62) ആക്രമിച്ച കേസിൽ ഇളയ മകൻ ഡാൽസൻ(28) ആണ് അറസ്റ്റിലായത്. പിതാവിന്റെ അവിഹിത ബന്ധത്തെ തുടർന്നാണ് മകൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയത്. പിതാവിന്റെ കാൽ തല്ലിയൊടിക്കുന്നതിനാൽ ക്വട്ടേഷൻ സംഘവുമായി അമ്പതിനായിരം രൂപയുടെ കരാറാണ് ക്വട്ടേഷൻ സംഘവുമായി ഡാൽസൺ ഉണ്ടാക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധവുമുണ്ടായിരുന്നു.

സംഭവത്തിൽ ഡാൽസണൊപ്പം ആലപ്പുഴയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട മാന്നാർ പുത്തൻപേരൂർ സുധീഷ് ഭവനിൽ സുധീഷ്, ഹരിപ്പാട് പള്ളിപ്പാട് പുത്തൻവീട്ടിൽ മമ്മൂട്ടി എന്ന രതീഷ്, മാന്നാർ കുന്നത്തൂർ കുറ്റിയിൽ താഴ്ചയിൽ ശശി മകൻ ശിവജിത്ത്(28) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ട്രാഫിക് വാർഡൻ പത്മിനിയെ ആക്രമിച്ച കേസിലെ പ്രതിയാണു വർഗീസിന്റെ മൂത്തമകൻ.

ചിറ്റേത്തുകരയിൽ മാംസോൽപന്ന ബിസിനസ് നടത്തുന്ന വർഗീസിന് ഒരു സ്ത്രീയുമായുള്ള അവിഹിതബന്ധമാണ് ക്വട്ടേഷനിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത്. ഈ സ്ത്രീയുടെ പോര് പറഞ്ഞ് പിതാവും മക്കളും തമ്മിൽ വഴക്ക് വീട്ടിൽ പതിവായിരുന്നു. ബഹൈറനിൽ മാംസക്കയറ്റുമതി ബിസിനസ് നടത്തുന്ന ഡാൽസൻ അടുത്തിടെ അവധിക്കു നാട്ടിൽ വന്നപ്പോൾ ബന്ധത്തിൽനിന്നു പിന്മാറാൻ പിതാവിനോടു പലവട്ടം ആവശ്യപ്പൈട്ടങ്കിലും വർഗീസ് തയാറായില്ല. ഇതോടെ പിതാവിനെ കൈയും കാലും തല്ലിയൊടിച്ചു കുറച്ചുകാലം വീട്ടിലിരുത്താൻ മകൻ തീരുമാനിക്കുകയായിരുന്നു.

ദേവൻ എന്ന പരിചയക്കാരൻവഴി മാന്നാർ സ്വദേശി സുധീഷിനെയാണ് ഇതിനു ചുമതലപ്പെടുത്തുന്നത്. അരലക്ഷം രൂപയായിരുന്നു പ്രതിഫലം. എറണാകുളത്തെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിന് കലൂരിൽ ഡാൽസൻ ലോഡ്ജിൽ മുറിയെടുത്തു നൽകി. അഡ്വാൻസായി 35,000 രൂപയും നൽകി. പിതാവിനെ അടിക്കാനായി ഹോക്കി സ്റ്റിക്കും വാങ്ങിക്കൊടുത്തു. 11ാം തീയതി വൈകിട്ട് നാലു മണിയോടെ ക്വട്ടേഷൻ സംഘവുമായി ചിറ്റേത്തുകരയിലെത്തിയ ഡാൽസൻ സ്ഥാപനം കാണിച്ചു കൊടുത്തശേഷം കലൂരിലേക്കു മടങ്ങി.

സ്ഥാപനത്തിൽ കയറിയ ക്വട്ടേഷൻ സംഘം ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ ശേഷമാണ് വർഗീസിനെ ആക്രമിച്ചത്. ഹോക്കി സ്റ്റിക്കുകൊണ്ട് അടിച്ച് വർഗീസിന്റെ ഇടതു കൈമുട്ടും വലതുകാലും അടിച്ചുതകർത്ത അക്രമികൾ രണ്ടു മോതിരവും വാച്ചും ഊരി വാങ്ങുകയും മേശയിലുണ്ടായിരുന്ന 65,000 ഓളം രൂപ തട്ടിയെടുക്കുകയും ചെയ്തശേഷം തിരിച്ചുപോയി. കലൂരിൽ കാത്തുനിന്ന ഡാൽസനെ വാച്ച് മാത്രമാണ് ഏൽപിച്ചത്. സ്വർണാഭരണങ്ങളും പണവും ക്വട്ടേഷൻ സംഘം കൊണ്ടുപോയി. കൈ ഒടിഞ്ഞു തൂങ്ങിയ നിലയിൽ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വർഗീസിന് ഡാൽസൺ തന്നെയാണ് എല്ലാ പരിചരണവും നൽകിയത്.

ജ്യേഷ്ഠന്റെ മക്കളുമായി വർഗീസിന്റെ കുടുംബം ശത്രുതയിലായതിനാൽ ഇയാളുടെ പേരു പറഞ്ഞാണ് ക്വട്ടേഷൻ സംഘം വർഗീസിനെ ആക്രമിച്ചത്. അതിനാൽ ആദ്യം ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ സീരിയൽ നമ്പർ ലഭിച്ച പൊലീസ് പ്രധാന റോഡിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് നമ്പർ കണ്ടെത്തിയത്. തുടർന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ബിജോ അലക്‌സാണ്ടറിന്റെയും ഇൻഫോപാർക്ക് സി.ഐ: വി. റോയി, എസ്.ഐ. കബീർ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നാണു വർഗീസിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഇയാളുടെ സ്വന്തം മകനാണെന്ന് പൊലീസ് അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘത്തിലെ നാലാമനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP