Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈഴവർക്ക് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോൾ വെള്ളാപ്പള്ളി എന്തിനാണ് എതിർക്കുന്നത്; സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് പറയുന്നവർ സർക്കാർ തീരുമാനത്തെ അംഗീകരിക്കണം; ദേവസ്വം ബോർഡിൽ കൊണ്ടുവന്ന സംവരണം സർക്കാർ ജോലിയിലേക്ക് വ്യാപിപ്പിക്കില്ല: മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിൽ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണൻ

ഈഴവർക്ക് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോൾ വെള്ളാപ്പള്ളി എന്തിനാണ് എതിർക്കുന്നത്; സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് പറയുന്നവർ സർക്കാർ തീരുമാനത്തെ അംഗീകരിക്കണം; ദേവസ്വം ബോർഡിൽ കൊണ്ടുവന്ന സംവരണം സർക്കാർ ജോലിയിലേക്ക് വ്യാപിപ്പിക്കില്ല: മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിൽ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴ: ദേവസ്വം ബോർഡിൽ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെ ന്യായീകരിച്ചും സി.പി.എം നിലാപാട് വിശദീകരിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേവസ്വം ബോർഡിൽ ഈഴവ സമുദായത്തിന് മൂന്ന് ശതമാനം സംവരണം അധികം ലഭിക്കുമ്പോൾ എന്തിനാണ് വെള്ളാപ്പള്ളി എൽഡിഎഫിന്റെ സംവരണ നയത്തെ എതിർക്കുന്നതെന്ന് ആദ്ദേഹഗം ചോദിച്ചു. സർക്കാർ സർവീസിൽ നിലവിൽ 14 ശതമാനാണ് ഈഴവർക്കുള്ള സംവരണം. ദേവസ്വം ബോർഡിൽ സർക്കാർ സംവരണം നയം നടപ്പാക്കിയതിലൂടെ ഈഴവരുടെ സംവരണം പതിനാലിൽ നിന്ന് പതിനേഴ് ശതമാനമായി ഉയരുകയാണ് ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.

സംവരണം ഇല്ലാത്ത മേഖലയിൽ അതുകൊണ്ടുവരികയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. പിഎസ്‌സിവഴിയുള്ള നിയമനം നടപ്പാക്കിയപ്പോൾ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള 18 ശതമാനം സംവരണം ആർക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാൽ പൊതുക്വാട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയർത്താൻ തീരുമാനിച്ചു. ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സർക്കാർ നടപടിയിലൂടെ 17 ശതമാനമായി. എസ്സി, എസ്ടി വിഭാഗത്തിന് 10 ശതമാനമായിരുന്നത് 12 ആയി. മറ്റ് പിന്നോക്കവിഭാഗങ്ങൾക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനമായി. 10 ശതമാനം മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കവിഭാഗക്കാർക്ക് നൽകാൻ തീരുമാനിച്ചു. നടപടിയിൽ ഭരണഘടനാ ലംഘനമില്ലെന്നും കോടിയേരി പറഞ്ഞു.

ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ല. സർക്കാരിന്റെ പണം കൊണ്ടല്ല ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്. സാമൂഹ്യനീതി നടപ്പിലാക്കണമെന്ന് പറയുന്നവർ ഇതിന്റെ പിന്നിൽ അണിനിരക്കുകയാണ് വേണ്ടത്. ഇതിന്റെ ഭാഗമായി സമൂഹത്തിൽ ചിലർ നടത്തുന്ന ചേരിതിരിവിൽ ആരും പങ്കാളിയാവരുതെന്നും നവോത്ഥാനത്തിന്റെ തുടർച്ചായായി പ്രവർത്തിക്കുന്ന സംഘടനകൾ ഈ മാറ്റം ഉൾക്കൊള്ളാനാണ് തയ്യാറാകേണ്ടത്.

ദേവസ്വം ബോർഡിൽ കൊണ്ടുവന്ന സർക്കാർ സംവരണം സർക്കാർ ജോലിയിലേക്ക് വ്യാപിപ്പിക്കാൻ കഴിയില്ല. ഇതിന് ഭരണഘടന ഭേദഗതി ചെയ്യണം. അത്തരമൊരു അജണ്ട എൽഡിഎഫിനില്ല. സംവരണ നിലപാടിൽ ബിജെപിയും യുഡിഎഫും നിലപാടുകൾ വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു. മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം ഏർപ്പെടുത്തിയ പിണറായി സർക്കാരിന്റെ തീരുമാനത്തിൽ യുഡിഎഫും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്‌ളിംലീഗ് തീരുമാനത്തെ എതിർക്കുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ല. കേരളത്തിലെ ക്ഷേത്രങ്ങളെല്ലാം രാജക്കന്മാരുടെ ഉടമസ്ഥതയിൽ ആയിരുന്നു. പിന്നീട് ദേവസ്വം ബോർഡ് രൂപീകരിച്ച ശേഷവും ക്ഷേത്രങ്ങൾ മുന്നോക്കക്കാരുടേതു മാത്രമായി തുടർന്നു. പിന്നോക്കക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലായിരുന്നു. 1970 വരെ ദേവസ്വം ബോർഡിൽ രാജാവിന്റെ പ്രതിനിധിയുണ്ടായിരുന്നു. പിന്നോക്കക്കാർക്ക് ദേവസ്വം ഭരണത്തിലോ ജോലിയിലോ പങ്കാളിത്തമില്ലാതെ ഫ്യൂഡൽ ഭരണക്രമം തുടർന്നു. 2007 ൽ വി എസ് മന്ത്രിസഭയുടെ കാലത്താണ് പട്ടികജാതിക്കാരനായ ഒരാൾ ദേവസ്വം ബോർഡ് അംഗമാകണമെന്ന് തീരുമാനിച്ചത്. ആ വർഷം തന്നെയാണ് ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട് നിയമഭേദഗതിയുണ്ടാക്കിയത്. 2014ൽ ഉണ്ടാക്കിയ സംവരണ വ്യവസ്ഥ നടപ്പാക്കാൻ യുഡിഎഫ് തയ്യാറായില്ല. 2015 ൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചട്ടങ്ങൾ രൂപീകരിക്കുകയും അതിൽ 32 ശതമാനം പിന്നോക്ക സംവരണം വ്യവസ്ഥ ചെയ്യുകയും ചെയ്തു.

എന്നാൽ ഒരാൾക്കുപോലും യുഡിഎഫ് സർക്കാർ ജോലി കൊടുത്തില്ല. ഉള്ള സംവരണ ആനുകൂല്യംകൂടി നിഷേധിച്ചു. പട്ടികജാതി പട്ടികവർഗ്ഗക്കാർക്കുള്ള പ്രായപരിധി ഇളവുപോലും പരിഗണിക്കാതെ അപേക്ഷകൾ തള്ളി. ഫലത്തിൽ ദേവസ്വം ബോർഡിൽ ഒരു പിന്നോക്കക്കാരനുപോലും നിയമനം ലഭിച്ചില്ല. എന്നാൽ 2016ൽ പിണറായി സർക്കാർ പുതിയ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ച് സംവരണതത്വം പാലിച്ച് 62 ശാന്തിക്കാരെ നിയമിച്ചു. അതിൽ 36 പേർ അബ്രാഹ്മണരാണ്. 6 പേർ പട്ടികജാതിക്കാരും. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമുള്ള ഏറ്റവും വലിയ സാമൂഹ്യ വിപ്‌ളവമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എല്ലാ ദേവസ്വം ബോർഡുകളിലും സംവരണതത്വം നടപ്പാക്കാൻ തീരുമാനിച്ചത്. സർക്കാർ നടപ്പാക്കിയത് എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ സംവരണനയമല്ല, എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതാണിതെനന്നും അദ്ദേഹ വ്യക്തമാക്കി.

സംവരണം സബന്ധിച്ച പാർട്ടി കാഴ്ചപ്പാട് 1990 നവംബറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നുണ്ട്. വി പി സിങ് മന്ത്രിസഭയുടെ കാലത്ത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ കേന്ദ്രസർവീസിൽ 27 ശതമാനം സംവരണം സിപിഐ എം ആവശ്യപ്പെട്ടു. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്കും നിശ്ചിത ശതമാനംസംവരണം ആവശ്യപ്പട്ടു. 1991ൽ ലാകസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കി. നരേന്ദൻ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും സിപിഐ എം ഇക്കാര്യം പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് എൽഡിഎഫ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP