Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് കോടിയേരി; രാഷ്ട്രീയ തട്ടിപ്പെന്ന് വി എസ്; സർക്കാർ ജനഹിതം അംഗീകരിച്ച് ആദരിച്ചെന്ന് മാർ ആലഞ്ചേരി

യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് കോടിയേരി; രാഷ്ട്രീയ തട്ടിപ്പെന്ന് വി എസ്; സർക്കാർ ജനഹിതം അംഗീകരിച്ച് ആദരിച്ചെന്ന് മാർ ആലഞ്ചേരി

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം രാഷ്ട്രീയത്തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു‍. 312 ബാറുകൾ കൂടി പൂട്ടിക്കുമ്പോൾ തന്നെ ബിവറേജസ് കോർപ്പറേഷന്റെ വില്പനകേന്ദ്രങ്ങളിൽ മദ്യവിൽപന തുടരുമെന്നാണ് സർക്കാർ പറയുന്നത്. ബാറുകൾ പൂട്ടണമെന്ന നിലപാടിൽ ഉറച്ചുനിന്ന കെപിസിസി പ്രസിഡന്റിനെ കടത്തിവെട്ടാൻ മുഖ്യമന്ത്രി കണ്ടുപിടിച്ച രാഷ്ട്രീയക്കളിയാണിതെന്ന് വി എസ് കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ ഇന്നലെ വരെ എടുത്ത സമീപനത്തിൽ നിന്നുള്ള കുട്ടിക്കരണം മറിച്ചിലാണിത്. യുഡിഎഫിന്റെ ആയുസ് കുറച്ചുകാലം കൂടി നീട്ടിക്കിട്ടി എന്നല്ലാതെ ഇത് മറ്റൊരു പ്രയോജനവും ചെയ്യില്ലെന്നും വി എസ് പറഞ്ഞു.

അതേ സമയം യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ ഉപനേതാവും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വി എം സുധീരന് മുഖ്യമന്ത്രി വച്ച ആപ്പാണ് പുതിയ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. എങ്കിലും യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എടുത്തിരിക്കുന്ന തീരുമാനത്തോട് അനുകൂലമായ സമീപനമാണ് തങ്ങൾക്കുള്ളത്. സമ്പൂർണ്ണ മദ്യനിരോധനമാണ് സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം വിശദീകരിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമേ ബാർ അനുവദിക്കൂ എന്ന തീരുമാനം വൻകിടക്കാരെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്റെ മദ്യനയം തട്ടിപ്പാണെന്ന് ബാർ ഹോട്ടൽ അസോസിയേഷൻ പ്രതികരിച്ചു. കോർപ്പറേറ്റുകളെ സഹായിക്കാനാണ് തീരുമാനം. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ജനവികാരവും ജനനന്മയും മുന്നിൽ കണ്ടുള്ള തീരുമാനമാണ് സർക്കാരിന്റേതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. വിശദമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനത്തിൽ എത്തിയതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആകുന്നതിനെ മുന്നെ സ്വീകരിച്ച നയമാണിതെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.

ബാർ പ്രശ്നത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക്‌ ഇനി പ്രസക്തിയില്ലെന്ന് മന്ത്രി കെ ബാബു പ്രതികരിച്ചു. സർക്കാരിന്റെ നയമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തന്നോടും ആലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രി കെ ബാബു പറഞ്ഞു.

സർക്കാർ ജനഹിതത്തെ അംഗീകരിച്ച് ആദരിച്ചതായി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. തീരുമാനം സന്തോഷകരമാണെന്ന് കർദ്ദിനാൾ മാർ ബസേലിയസ് ക്ലീമിസ് കാതോലിക്ക ബാവ പ്രതികരിച്ചു. വി എം സുധീരന്റെ നിലപാടുകൾ ഈ തീരുമാനത്തിലേക്ക് എത്തിക്കുന്നതിൽ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളെ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ലത്തീൻ അതിരൂപതയുടെ തിരുവനന്തപുരം ബിഷപ്പ് മാർ സൂസപാക്യം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP