Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോലഞ്ചേരി പള്ളിയിൽ നിന്നും ഇറങ്ങി ഓടിയ യേശു ക്രിസ്തുവിനു പകരം സാത്താൻ കുടിയിരുന്നോ? നാണക്കേടിന്റെ പുതിയ അധ്യായം ചമച്ച് കോലഞ്ചേരിയിൽ വീണ്ടും വിശ്വാസികളുടെ അടിപിടി; പൊലീസ് ലാത്തിച്ചാർജ്ജിൽ മെത്രാനും പരിക്ക്

കോലഞ്ചേരി പള്ളിയിൽ നിന്നും ഇറങ്ങി ഓടിയ യേശു ക്രിസ്തുവിനു പകരം സാത്താൻ കുടിയിരുന്നോ? നാണക്കേടിന്റെ പുതിയ അധ്യായം ചമച്ച് കോലഞ്ചേരിയിൽ വീണ്ടും വിശ്വാസികളുടെ അടിപിടി; പൊലീസ് ലാത്തിച്ചാർജ്ജിൽ മെത്രാനും പരിക്ക്

കോലഞ്ചേരി: യേശു ക്രിസ്തു പരിസരത്ത് പോലും ഇല്ലാത്ത ഒരു പള്ളി കേരളത്തിൽ ഉണ്ടെങ്കിൽ അത് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി ആവുമെന്ന് തീർച്ച. തന്നെ ചൊല്ലി നിരന്തരം വിശ്വാസികൾ അടികൂടുന്നിടത്ത് നിൽക്കാൻ എന്തായാലും ഒരു കരണത്തടിച്ചവന് മറു കരണം കാട്ടാൻ പറഞ്ഞ യേശു ക്രിസ്തുവിനെ കിട്ടില്ലെന്ന് തീർച്ച. യേശു ക്രിസ്തു ഓടി രക്ഷപ്പെട്ടിടത്ത് സാത്താൻ കൂടി കൂടിയതു കൊണ്ടാവണം എന്നും ഇവിടെ അടിപൂരം. ഏറ്റവും ഒടുവിൽ ഒരു പന്തലും അത് കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് അടി കലശലായതിൽ എത്തിച്ചത്. ഗത്യന്തരമില്ലാതെ പൊലീസിന്റെ തല്ലിൽ തിരുമേനിക്ക് വരെ പരിക്കും പറ്റി.

തർക്കത്തിൽക്കിടക്കുന്ന സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിക്കു മുമ്പിലുണ്ടായിരുന്ന യാക്കോബായ വിഭാഗത്തിന്റെ പ്രാർത്ഥനായജ്ഞപ്പന്തൽ കത്തിച്ചതിനെച്ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ യാക്കോബായഓർത്തഡോക്‌സ് സഭാവിശ്വാസികൾ നിരവധിത്തവണ ഏറ്റുമുട്ടി. പൊലീസ് മൂന്നുതവണ ലാത്തിച്ചാർജ് നടത്തി. ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ശക്തമായ പൊലീസ് ബന്തവസ്സും ഏർപ്പെടുത്തിയിട്ടുണ്ട്. ലാത്തിച്ചാർജിൽ യാക്കോബായ സഭയിലെ മാത്യൂസ് മോർ ഈവാനിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, മാത്യൂസ് മോർ അന്തിമോസ് എന്നീ മെത്രാപ്പൊലീത്തമാർക്കും നിരവധി വൈദികർക്കും മർദനമേറ്റു. ലാത്തിച്ചാർജിലും കല്ലേറിലും ഇരുവിഭാഗത്തിലെയും വിശ്വാസികൾക്കും പരുക്കേറ്റു.

ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു പ്രാർത്ഥനാ യജ്ഞപ്പന്തൽ കത്തുന്നതിനെക്കുറിച്ചു ടൗണിലെ ഓട്ടോറിക്ഷാത്തൊഴിലാളി പൊലീസിൽ അറിയിച്ചത്. പെട്രോളൊഴിച്ചാണു പന്തൽ തീയിട്ടതെന്ന അനുമാനത്തിലാണു പൊലീസ്. സമരപ്പന്തലിലെ ടാർപോളിൻ, മൈക്ക് സെറ്റ്, ത്രോണോസ് എന്നിവ കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണു തീയണച്ചത്. സംഭവമറിഞ്ഞ് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ രാവിലെ പന്തലിലെത്തി. കത്തിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം വിശ്വാസികൾ പന്തലിൽ സംഘടിച്ചു. രാവിലെ പതിനൊന്നോടെ പന്തൽ പുനർനിർമ്മിക്കാൻ ഇവർ ശ്രമം ആരംഭിച്ചതോടെയാണു സംഘർഷത്തിനു തുടക്കം.

കാതോലിക്കേറ്റ് സെന്ററിൽ സംഘടിച്ച് നിന്ന ഓർത്തഡോക്‌സ് വിഭാഗം, വികാരി ഫാ. ജേക്കബ് കുര്യന്റെ നേതൃത്വത്തിൽ നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് എത്തുകയായിരുന്നു. പുത്തൻകുരിശ് എസ്.ഐ: എ. രമേശിന്റെ നേതൃത്വത്തിൽ നാമമാത്രമായ പൊലീസാണു സ്ഥലത്തുണ്ടായിരുന്നത്. ഇതോടെ കാര്യങ്ങൾ നിയന്ത്രിക്കാനും ആർക്കുമായില്ല. പന്തൽ നിർമ്മാണം തുടരുന്നതിനിടയിൽ ഓർത്തഡോക്‌സ് വിഭാഗം പന്തലിലേക്ക് ഇരച്ചുകയറിയതോടെ സംഘർഷമായി. കൂട്ടത്തല്ലിനെ നിയന്ത്രിക്കാൻ പൊലീസിനും ആയില്ല. പിന്നീട് ഇരുവിഭാഗവും പന്തലിൽ തന്നെ നിലയുറപ്പിച്ചു. ഉച്ചയോടെ യാക്കോബായ സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, കുര്യാക്കോസ് മോർ യൗസേബിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അന്തിമോസ്, ഏലിയാസ് മോർ അത്താനാസിയോസ് എന്നിവരും എത്തിയതോടെ ഓർത്തഡോക്‌സ് വിഭാഗം എതിർത്തെങ്കിലും ഇവർ പന്തലിൽ തന്നെ ഇരിക്കുകയായിരുന്നു. സംഘർഷാവസ്ഥ രൂക്ഷമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വൻ പൊലീസ് സംഘം സ്ഥലത്തെത്തി. മൂവാറ്റുപുഴ ആർ.ഡി.ഒ: സന്തോഷ്, കുന്നത്തുനാട് തഹസീൽദാർ ടി.ഡി. ഷീലാദേവി, ഡിവൈ.എസ്‌പിമാരായ കെ.എൻ. ഹരികൃഷ്ണൻ, കെ.പി. ജോസ് എന്നിവർ സ്ഥലത്തെത്തി ഇരുവിഭാവുമായി ചർച്ചനടത്തിയെങ്കിലും ഓർത്തഡോക്‌സ് വിഭാഗം പന്തൽ കെട്ടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ചർച്ച വഴിമുട്ടി.

പരുക്കേറ്റ കോലഞ്ചേരി പള്ളി യാക്കോബായ സഹവികാരി ഫാ: ബിനു അമ്പാട്ട്(40), ബിനു വല്ലിത്തോട്ടിൽ(50), ചാക്കോ കുളങ്ങാട്ടിൽ(70), സ്ലീബ ഐക്കരകുന്നത്ത്(56), ബാവച്ചൻ കൊടിയമ്പാറയിൽ(50), ജോർജ് കുട്ടി പുതുപ്പനത്ത്(35), ഏലിയാസ് അയനാൽ(46) എന്നിവർ വടവുകോട്, കടയിരുപ്പ് സർക്കാർ ആശുപത്രികളിലും ഓർത്തഡോക്‌സ് വിഭാഗക്കാരായ മലയിൽ ജെയിംസ്(46), കാവനാൽ ബിജു(41), ചെറുകുന്നത്ത് ജോണി(54), പത്രോസ് ഐ.മത്തായി (58), കഴുനിലത്തിൽ ജോർജ് പീറ്റർ (50), മഞ്ഞാംകുഴി ജോർജ്(58) കുന്നേൽ ജോൺ (30) കുന്നേൽ ബേബി(60) എന്നിവർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. പുത്തൻകുരിശ് എസ്.ഐ: എ. രമേശ്(32), സി.പി.ഒ. സൂരജ്കുമാർ (27) എന്നിവരും ചികിത്സയിലുണ്ട്.

അനധികൃതമായി പന്തൽ നിർമ്മിക്കാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം അധികൃതർ തടയുന്നതുവരെ തങ്ങൾ പ്രതിരോധം തുടരുമെന്ന് ഭദ്രാസന മെത്രാപൊലീത്ത മാത്യൂസ് മാർ സേവേറിയോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പള്ളിക്കുള്ളിൽ കയറി വിശ്വാസികളെ ആക്രമിക്കുകയും വിശ്വാസത്തെ അപമാനിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിൽനിന്ന് സഭയ്ക്ക് അർഹമായ നീതി ലഭിച്ചിട്ടില്ലെന്നും മെത്രാപൊലീത്ത പറഞ്ഞു. അർഹമായ ആരാധനാ സ്വാതന്ത്യത്തിനുവേണ്ടിയാണ് യാക്കോബായവിഭാഗം സമരം നടത്തുന്നതെന്ന് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മറുവിഭാഗം നിയമവിരുദ്ധമായി തങ്ങളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോലഞ്ചേരി പള്ളിക്ക് ഒരുകിലോമീറ്റർ ചുറ്റളവിൽ ആർഡിഒ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ മൂവാറ്റുപുഴ ആർഡിഒ ഇരുവിഭാഗങ്ങളുമായും ചർച്ചനടത്തിയെങ്കിലും തീരുമാനമായില്ല. മൂവാറ്റുപുഴ ആർഡിഒ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരും നൂറുകണക്കിന് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP