Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൊബൈലിൽ സംസാരിച്ച് കൊണ്ട് വളയം പിടിക്കുന്നത് ചോദ്യം ചെയ്താൽ ചിരിച്ചുതള്ളാൻ വരട്ടെ! തിരക്കേറിയ റോഡിൽ അഭ്യാസം കാട്ടിയ കെഎസ്ആർടിസി ഡ്രൈവർക്ക് ലൈസൻസ് പോയി; യാത്രക്കാരുടെ ഉയർന്ന ജാഗ്രതയ്ക്ക് കൈയടിച്ച് മോട്ടോർ വാഹന വകുപ്പ്

മൊബൈലിൽ സംസാരിച്ച് കൊണ്ട് വളയം പിടിക്കുന്നത് ചോദ്യം ചെയ്താൽ ചിരിച്ചുതള്ളാൻ വരട്ടെ! തിരക്കേറിയ റോഡിൽ അഭ്യാസം കാട്ടിയ കെഎസ്ആർടിസി ഡ്രൈവർക്ക് ലൈസൻസ് പോയി; യാത്രക്കാരുടെ ഉയർന്ന ജാഗ്രതയ്ക്ക് കൈയടിച്ച് മോട്ടോർ വാഹന വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: സ്മാർട്ട് ഫോണുകൾ വന്നതോടെ ജനങ്ങളുടെ പ്രതികരണ ശേഷി കൂടുതലാണ്. അനീതി കണ്ടാൽ അവർ പൊറുക്കുകയില്ല. എല്ലാം പകർത്തി അധികൃതർക്ക് കൃത്യമായി അയച്ചുകൊടുക്കും. കാരണം പലപ്പോഴും പൊതുനിരത്തുകളിലെയും മറ്റം അലംഭാവം അപകടത്തിലാക്കുന്നത് ഒരുപാട് ജീവനുകളെയാണ്. ഇതാണ് മൊബൈലിൽ സംസാരിച്ച് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും വിനയായത്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. തിരക്കുള്ള റോഡിലൂടെ മൊബൈലിൽ സംസാരിച്ച് ബസ് ഓടിക്കുന്നതും മുന്നിലെ വാഹനങ്ങളെ മറികടക്കുന്നതും യാത്രക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തി ആർ.ടി.ഒ.യ്ക്ക് അയച്ചുകൊടുത്തതിനെത്തുടർന്നാണ് നടപടി.

കോഴിക്കോട്ടുനിന്ന്, ഗുരുവായൂർ വഴി നെടുമ്പാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ലോ ഫ്‌ളോർ ബസിന്റെ ഡ്രൈവർ കൊടുവള്ളി സ്വദേശി അജയകുമാർ (44) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂനംമൂച്ചിയിൽ വച്ചായിരുന്നു സംഭവം.

ഗുരുവായൂരിലെ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് യാത്രക്കാരൻ സംഭവം വാട്സ് ആപ്പ് ചെയ്തുകൊടുത്തത്. വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഗുരുവായൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലെത്തി ഡ്രൈവറെ വിളിച്ചുവരുത്തി. താൻ മൊബൈലിൽ സംസാരിച്ചിട്ടില്ലെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും വീഡിയോ തെളിവായിരുന്നു. ഗുരുവായൂർ ആർ.ടി.ഒ. ഷാജിയാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മാർച്ചിൽ ഒരു സ്വകാര്യ ബസ് ഡ്രൈവർക്കും സമാന അനുഭവമുണ്ടായി. മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ യുവതി കുടുക്കി. കണ്ണൂരിലെ ചിറക്കുനി-പെരളശ്ശേരി റൂട്ടിൽ ഓടുന്ന ശ്രീഹരി ബസ്സിന്റെ ഡ്രൈവറാണ് മൊബൈലിൽ സംസാരിച്ച് കൊണ്ട് വാഹനം ഓടിച്ചതിനെ തുടർന്ന് കടുത്ത ശിക്ഷാ നടപടിക്ക് വിധേയമായത്. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവറായ നിഖിലിന്റെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.

യുവാവ് ഇത്തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മുൻ സീറ്റിലിരുന്ന ഒരു യുവതി രഹസ്യമായി തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി. ഒരു കൈ കൊണ്ട് മാത്രം വളയം പിടിച്ച് അമിത വേഗതയിലാണ് യുവാവ് ബസ് ഓടിച്ചത് .ഒരു പാട് തവണ മറ്റു യാത്രക്കാർ ഡ്രൈവറോട് ഇത്തരത്തിൽ ബസ് ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ ഇതൊന്നും ചെവി കൊണ്ടില്ല.. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോഴും വിഷയത്തെ ചിരിച്ച് തള്ളുകയാണുണ്ടായത്. എന്നാൽ, ഇനി അതുനടപ്പില്ലെന്നാണ് യാത്രക്കാർ പൊതുവെ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP