Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗിൾ ഡ്യൂട്ടി സംവിധാനം പിൻവലിക്കില്ല; രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി അനുവദിക്കാനും ധാരണ; ആശങ്ക പരിഹരിച്ചത് തീരുമാനം ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ; കാര്യമായ നേട്ടങ്ങൾ ഒന്നുമില്ലാതെ കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

സിംഗിൾ ഡ്യൂട്ടി സംവിധാനം പിൻവലിക്കില്ല; രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി അനുവദിക്കാനും ധാരണ; ആശങ്ക പരിഹരിച്ചത് തീരുമാനം ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയിൽ; കാര്യമായ നേട്ടങ്ങൾ ഒന്നുമില്ലാതെ കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: ജോലിസമയം പുനക്രമീകരിച്ചതിനെതിരെ കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. കാര്യമായ നേട്ടങ്ങളൊന്നും കൂടാതെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. സിംഗിൾ ഡ്യൂട്ടി സംവിധാനം മാറ്റണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ കെഎസ്ആർടിസി എംഡി രാജമാണിക്യവും മന്ത്രി തോമസ് ചാണ്ടിയും തയ്യാറായില്ല. ഇതോടെ ജീവനക്കാർക്ക് കടുംപിടുത്തം ഉപേക്ഷിക്കേണ്ടി വന്നു.

പ്രശ്‌നം പരിഹരിക്കാൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. എങ്ങനയാണ് ഷിഫ്റ്റ് സമ്പ്രദായം നടക്കുക എന്ന വ്യക്തമാക്കുകയാണ് മന്ത്രിയും എംഡിയും ചെയ്തത്. ഇതോടെയാണ് കടുംപിടുത്തത്തിലേക്ക് നീങ്ങാതെ സമരം പിൻവലിച്ചത്. സിംഗിൾ ഡ്യൂട്ടി സംവിധാനം പിൻവലിക്കില്ല, രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ഒരു ഷിഫ്റ്റുകൂടി അനുവദിക്കാനും ചർച്ചയിൽ ധാരണയായി. ഈ ഷിഫ്റ്റിൽ ഒരേ ജീവനക്കാരെ തുടർച്ചയായി അനുവദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതലാണ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. അറ്റകുറ്റപ്പണി മുടങ്ങിയതോടെ രാവിലെ ആരംഭിക്കേണ്ട സർവീസുകൾക്ക് പലയിടത്തും മുടങ്ങിയ അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണി കൂടുതൽ നടക്കുന്ന രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ഡബിൾ ഡ്യൂട്ടിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്‌മെന്റ് സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തി ഉത്തരവിട്ടത്. രാത്രിയിലാണ് ബസുകളുടെ അറ്റകുറ്റപ്പണി കൂടുതലും നടക്കുന്നത്. അതുകൊണ്ടുതന്നെ പകലുള്ള രണ്ടു സിംഗിൾ ഡ്യൂട്ടിയിൽ വരുന്നവർക്കും കാര്യമായ ജോലിയില്ല. ജോലി കൂടുതലുള്ള രാത്രിയിൽ ആവശ്യത്തിന് ജീവനക്കാരുമില്ല. ഇതൊഴിവാക്കാനാണ് ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കിയിരിക്കുന്നത്.

ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. ഇതുവഴി രണ്ടുമണി മുതൽ പിറ്റേന്ന് ആറുവരെ കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്താം. ജീവനക്കാരുടെ സമരം കാരണം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. പൊതുവേ സമരങ്ങളോട് അനുകൂലമായ പ്രതികരിക്കുന്നവരും ഈ പ്രശ്‌നത്തിൽ ജീവനക്കാർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്.

മലബാറിലും മധ്യകേരളത്തിലും നിരവധി സർവീസുകളാണ് മുങ്ങിയത്. തിരുവനന്തപുരത്തെ 20 ഡിപ്പോകളിൽ സർവീസുകൾ വ്യാപകമായി മുടങ്ങി. സിറ്റി ഡിപ്പോയിൽ നിന്നുള്ള മുപ്പതോളം സർവീസുകളാണ് മുടങ്ങിയത്. പത്തനംതിട്ടയിൽ ഒരു സർവീസ് പോലും നടത്താൻ കെഎസ്ആർടിസിക്ക് സാധിച്ചിട്ടില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ഭാഗികമായി സർവീസുകൾ മുടങ്ങി. ഇതിനിടെ പെൻഷനും ശമ്പളവും നൽകാനാകാതെ ബുദ്ധിമൂട്ടുന്ന കോർപറേഷന് സമരത്തെ തുടർന്ന് കോടികളുടെ നഷ്ടമാണുണ്ടായത്.

സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഡ്യൂട്ടി സമയത്തിൽ ക്രമീകരണം കൊണ്ടുവന്നത്. അറ്റകുറ്റപ്പണി കൂടുതൽ നടക്കുന്ന രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനായി ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റിയാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. മെയ് ഒന്നുമുതലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. എന്നാൽ, ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. അതേസമയം, യൂണിയനുകൾ എതിർത്താലും ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് ജീവനക്കാർ സമരത്തിലിറങ്ങിയത്.

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പായാൽ കെ.എസ്.ആർ.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായി തിരിക്കും. ഓരോ മേഖലയ്ക്കും എക്‌സിക്യൂട്ടിവ് ഡയറക്ടർ ഉണ്ടാവും. മൂന്നു മേഖലകളുടെയും പ്രവർത്തനം ഹെഡ് ഓഫീസിൽ നിന്ന് ഏകോപിപ്പിക്കും. ഹെഡ് ഓഫീസിൽ ഐ.ടി, ഫിനാൻസ്, ടെക്‌നിക്കൽ ജനറൽ മാനേജർമാർ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്താൻ ഹെഡ് ഓഫീസിൽ രണ്ടു ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാർശയുണ്ട്.

റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇപ്പോൾ എംഡി മുന്നോട്ടു പോകുന്നത്. കേരളത്തിൽ ഒരു ബസിന് 12 പേരെന്ന വിധത്തിലാണ് കാര്യങ്ങൾ. എന്നാൽ, ഇത് ഒരു ബസിന് 5.5 ജീവനക്കാർ എന്ന വിധത്തിൽ പരിഷ്‌ക്കരിക്കണമെന്നാണ് നിർദ്ദേശം. ഇത് നടപ്പിലാക്കാനാണ് ശ്രം. ഡബിൾ ഡ്യൂട്ടി കുറയ്ക്കാൻ ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കണമെന്ന നിർദ്ദേശം പ്രവർത്തികമാക്കാൻ നടപടി ശക്തമാക്കി കഴിഞ്ഞു. പുതിയ റൂട്ടുകളിൽ ബസുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാനും, രാത്രി യാത്രയ്ക്ക് അധിക ചാർജ് ഈടാക്കനും നിർദ്ദേശമുണ്ട്. കെ.എസ്.ആർ.ടി.സി മാത്രമുള്ള റൂട്ടുകളിൽ ഫ്‌ളെക്‌സി ചാർജ് നടപ്പിലാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP