Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നട്ടെല്ല് നിവർത്താൻ പാടുപെടുന്ന കെഎസ്ആർടിസിക്ക് ജീവനക്കാരുടെ സമരം മൂലം കോടികളുടെ നഷ്ടം; സ്വന്തം കഞ്ഞിയിൽ മണ്ണുവാരിയിട്ട് മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; മിക്ക ഡിപ്പോകളിലും പകുതിയിലേറെ സർവീസുകൾ മുടങ്ങി; വലഞ്ഞത് ആനവണ്ടിയെ ആശ്രയിച്ചിരുന്ന സാധാരണക്കാർ

നട്ടെല്ല് നിവർത്താൻ പാടുപെടുന്ന കെഎസ്ആർടിസിക്ക് ജീവനക്കാരുടെ സമരം മൂലം കോടികളുടെ നഷ്ടം; സ്വന്തം കഞ്ഞിയിൽ മണ്ണുവാരിയിട്ട് മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; മിക്ക ഡിപ്പോകളിലും പകുതിയിലേറെ സർവീസുകൾ മുടങ്ങി; വലഞ്ഞത് ആനവണ്ടിയെ ആശ്രയിച്ചിരുന്ന സാധാരണക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കാതായതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള മുടങ്ങിയത് സംസ്ഥാനത്തുടനീളെ യാത്രക്കാരെ ദുരിതത്തിലാക്കി. പല ഡിപ്പോകളിലും സർവീസുകൾ ഏതാണ്ട് പൂർണമായും മുടങ്ങി. 

മലബാറിലും മധ്യകേരളത്തിലും നിരവധി സർവീസുകളാണ് മുങ്ങിയത്. തിരുവനന്തപുരത്തെ 20 ഡിപ്പോകളിൽ സർവീസുകൾ വ്യാപകമായി മുടങ്ങി. സിറ്റി ഡിപ്പോയിൽ നിന്നുള്ള മുപ്പതോളം സർവീസുകളാണ് മുടങ്ങിയത്. പത്തനംതിട്ടയിൽ ഒരു സർവീസ് പോലും നടത്താൻ കെഎസ്ആർടിസിക്ക് സാധിച്ചിട്ടില്ല. കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ഭാഗികമായി സർവീസുകൾ മുടങ്ങി. ഇതിനിടെ പെൻഷനും ശമ്പളവും നൽകാനാകാതെ ബുദ്ധിമൂട്ടുന്ന കോർപറേഷന് സമരത്തെ തുടർന്ന് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

അതേസമയം, സർവീസുകൾ മുടങ്ങാതിരിക്കാൻ വലിയ കുഴപ്പങ്ങളില്ലാത്ത ബസുകൾ നിരത്തിലിറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്തിൽ പുതിയ ക്രമീകരണം കൊണ്ടുവന്നതാണ് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരത്തിന് കാരണം.

സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഡ്യൂട്ടി സമയത്തിൽ ക്രമീകരണം കൊണ്ടുവന്നത്. അറ്റകുറ്റപ്പണി കൂടുതൽ നടക്കുന്ന രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനായി ഡബിൾ ഡ്യൂട്ടി മാറ്റി എല്ലാം സിംഗിൾ ഡ്യൂട്ടിയാക്കി മാറ്റിയാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിറക്കിയത്. മെയ് ഒന്നുമുതലാണ് തീരുമാനം നടപ്പിലാക്കി തുടങ്ങിയത്. ഇതനുസരിച്ച് രാവിലെ ആറുമുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി പത്തുവരെയും പത്തുമുതൽ വെളുപ്പിന് ആറുവരെയുമാണ് പുതിയ ഷിഫ്റ്റ്. എന്നാൽ, ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. അതേസമയം, യൂണിയനുകൾ എതിർത്താലും ഡ്യൂട്ടി പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

വിഷയത്തിൽ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാൻ ആകില്ല. എന്നാൽ ആഴ്ചയിൽ എല്ലാദിവസവും ഒരേ ഷിഫ്റ്റിൽ കയറുന്നതിലെ ബുദ്ധിമുട്ടടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായാൽ സമരം ഇന്നുതന്നെ പരിഹരിക്കപ്പെടുമെന്നാണ് സൂചന.

ജീവനക്കാരുടെ എതിർപ്പു തണുപ്പിക്കുന്നതിന്റെ കൂടി ഭാഗമായി പെൻഷൻ പ്രായം 58 ആക്കി ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ട് പലവട്ടം വേണ്ടെന്നു വച്ച പെൻഷൻ പ്രായവർദ്ധന ഈ വർഷം നടപ്പാക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കാൻ പ്രൊഫ. സുശീൽ ഖന്ന കമ്മിറ്റി തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ടിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം ഉണ്ട്. ഈ നിർദ്ദേശം നടപ്പിലാക്കാനാണ് ശ്രമം. അന്തിമ റിപ്പോർട്ട് അംഗീകരിച്ചാൽ പെൻഷൻ പ്രായം 58 ആകും. പ്രൊഫ. സുശീൽ ഖന്നയും കോർപറേഷൻ എം.ഡി രാജമാണിക്യവും തമ്മിൽ നടന്ന ചർച്ചയിൽ പെൻഷൻ പ്രായവർദ്ധന സംബന്ധിച്ച് ധാരണയായെന്നാണ് അറിയുന്നത്.

35,341 സ്ഥിരം ജീവനക്കാരാണ് കോർപറേഷനിലുള്ളത്. ഇവരിൽ മൂവായിരം പേർ രണ്ടു വർഷത്തിനുള്ളിൽ വിരമിക്കും. ഇവർക്ക് പെൻഷൻ നൽകാൻ മുന്നൂറു കോടിയോളം രൂപ അധികമായി കണ്ടെത്തേണ്ടി വരും. പ്രതിമാസം 120 കോടി രൂപ നഷ്ടമുള്ള കോർപറേഷന് ഈ ഭാരം താങ്ങാനാവില്ല. പെൻഷൻ പ്രായം ഉയർത്തുകയാണ് ഇതിന് പോംവഴിയെന്ന് രാജമാണിക്യം സുശീൽ ഖന്നയെ അറിയിച്ചു. കണ്ടക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും പെൻഷൻ പ്രായം ഉയർത്തുന്നതിനെ സുശീൽ ഖന്ന അനുകൂലിച്ചു.

കാഴ്ചയ്ക്ക് പ്രശ്നമുള്ള ഡ്രൈവർമാരുടെ പെൻഷൻ പ്രായം കൂട്ടുന്നതിൽ മാത്രമാണ് ആശയക്കുഴപ്പമുള്ളത്. 56 വയസു കഴിഞ്ഞ കാഴ്ചക്കുറവുള്ള ഡ്രൈവർമാരെ മറ്റ് ജോലികൾക്ക് നിയോഗിക്കാമെന്ന നിർദ്ദേശമാണ് റിപ്പോർട്ടിലുള്ളത്. പെൻഷൻഫണ്ട് രൂപീകരിക്കണമെന്ന നിർദ്ദേശവും ഉണ്ട്. തമിഴ്‌നാട്ടിൽ ട്രാൻസ്പോർട്ട് കോർപറേഷനിലെ വിരമിക്കൽ പ്രായം 58 ഉം കർണാടകത്തിൽ 60ഉം ആണ്. തൊഴിലാളി സംഘടനകളും പെൻഷൻ പ്രായവർദ്ധന ആവശ്യപ്പെടുന്നുണ്ട്

സുശീൽ ഖന്ന റിപ്പോർട്ട് നടപ്പായാൽ കെ.എസ്.ആർ.ടി.സിയെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായി തിരിക്കും. ഓരോ മേഖലയ്ക്കും എക്സിക്യൂട്ടിവ് ഡയറക്ടർ ഉണ്ടാവും. മൂന്നു മേഖലകളുടെയും പ്രവർത്തനം ഹെഡ് ഓഫീസിൽ നിന്ന് ഏകോപിപ്പിക്കും. ഹെഡ് ഓഫീസിൽ ഐ.ടി, ഫിനാൻസ്, ടെക്നിക്കൽ ജനറൽ മാനേജർമാർ ഉണ്ടാകും. ഓഡിറ്റ് സമയബന്ധിതമായി നടത്താൻ ഹെഡ് ഓഫീസിൽ രണ്ടു ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കണമെന്ന് ശുപാർശയുണ്ട്.

ബസ് ബോഡി നിർമ്മിക്കാൻ 325 മുതൽ 385 വരെ മനുഷ്യാദ്ധ്വാന ദിവസങ്ങളാണ് വേണ്ടത്. ദേശീയ ശരാശരി 200-240 ദിവസമാണ്. ദേശീയ ശരാശരിയിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ ബോഡി നിർമ്മാണം പുറത്തുനൽകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന ക്ഷമത ദേശീയ ശരാശരിയിലും കുറവാണ്. വാഹന ഉപയോഗ നിരക്ക് ഇവിടെ 82 ശതമാനമാണെങ്കിൽ ദേശീയ ശരാശരി 92 ശതമാനമാണ്. ഇതെല്ലാം മെച്ചപ്പെടുത്തണം.

റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇപ്പോൾ എംഡി മുന്നോട്ടു പോകുന്നത്. കേരളത്തിൽ ഒരു ബസിന് 12 പേരെന്ന വിധത്തിലാണ് കാര്യങ്ങൾ. എന്നാൽ, ഇത് ഒരു ബസിന് 5.5 ജീവനക്കാർ എന്ന വിധത്തിൽ പരിഷ്‌ക്കരിക്കണമെന്നാണ് നിർദ്ദേശം. ഇത് നടപ്പിലാക്കാനാണ് ശ്രം. ഡബിൾ ഡ്യൂട്ടി കുറയ്ക്കാൻ ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കണമെന്ന നിർദ്ദേശം പ്രവർത്തികമാക്കാൻ നടപടി ശക്തമാക്കി കഴിഞ്ഞു. പുതിയ റൂട്ടുകളിൽ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനും, രാത്രി യാത്രയ്ക്ക് അധിക ചാർജ് ഈടാക്കനും നിർദ്ദേശമുണ്ട്. കെ.എസ്.ആർ.ടി.സി മാത്രമുള്ള റൂട്ടുകളിൽ ഫ്ളെക്സി ചാർജ് നടപ്പിലാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP