Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതാന്ധതയും തീവ്രവാദവും ഇസ്‌ലാമിന് എതിരാണ്; ബഹുസ്വരതയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മതമാണ് ഇസ്‌ലാം; മനുഷ്യനെ സ്‌നേഹിക്കാതെ ഈശ്വരനെ ആരാധിക്കാനാവില്ലെന്ന് മന്ത്രി കെ ടി ജലീൽ

മതാന്ധതയും തീവ്രവാദവും ഇസ്‌ലാമിന് എതിരാണ്; ബഹുസ്വരതയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മതമാണ് ഇസ്‌ലാം; മനുഷ്യനെ സ്‌നേഹിക്കാതെ ഈശ്വരനെ ആരാധിക്കാനാവില്ലെന്ന് മന്ത്രി കെ ടി ജലീൽ

കോഴിക്കോട്: മനുഷ്യനെ സ്‌നേഹിക്കാതെ ഈശ്വരനെ ആരാധിക്കാനും സ്‌നേഹിക്കാനും സാധ്യമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ. ഇന്ന് ലോകത്ത് ഏറ്റവുമധികം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്ന മതമായി ഇസ്‌ലാമും, തെറ്റിദ്ധരിക്കപ്പെടുന്ന മതവിഭാഗമായി മുസ്‌ലിംകളും മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് സ്ഥാപക നേതാവ് ഡാ. പി കെ അബ്ദുൽഗഫൂർ അനുസ്മരണപ്രഭാഷണവും പ്രചോദനം 2016 പ്രോത്സാഹന പക്ഷാചരണത്തിന്റെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജലീൽ.

മതാന്ധതയും തീവ്രവാദവും ഇസ്‌ലാമിന് എതിരാണെന്നും ബഹുസ്വരതയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മതമാണ് ഇസ്‌ലാമെന്നും തിരിച്ചറിയണം. മനുഷ്യന്റെ പ്രശ്‌നങ്ങൾ വിസ്മരിച്ച് മതമൗലികതയിലൂന്നിയ ആരാധനയിലൂടെ സ്വർഗ്ഗലബ്ദി സാധ്യമാവുമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ല. മനുഷ്യജീവന് വലിയ വിലകൽപ്പിച്ച മതത്തിന്റെ പേരിൽ മനുഷ്യജീവൻ അപഹരിക്കുകയെന്നത് അസാധ്യമാണ്. ഇസ്‌ലാമിക് സ്റ്റേറ്റിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. നിരപരാധികളെ കൊന്നുതള്ളുന്ന ഐ എസിൽ ചേരുന്നതോടെ അവർ മതപരിത്യാഗികളായി മാറി, ഇസ്‌ലാമിൽ നിന്ന് സ്വയം പുറത്തുപോവുകയാണ് ചെയ്യുന്നത്. എല്ലാ വിശ്വാസങ്ങളെയും പ്രമാണങ്ങളെയും വേദങ്ങളെയും അംഗീകരിക്കുന്നതാണ് ഇസ്‌ലാം മതമെന്നിരിക്കെ അതിലേക്ക് ഇതരമതസ്ഥരെ നിർബന്ധിച്ച് കൊണ്ടുവരാൻ മതം ആഹ്വാനം ചെയ്യുന്നുണ്ടെന്ന അബദ്ധ ധാരണ പടർത്തുകയാണ് ചിലരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറയിൽ സ്ഥാപിച്ച മതനിരപേക്ഷതയുടെയും മതസൗഹാർദ്ദത്തിന്റെയും ചരിത്രം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. മതവും ജാതിയും നോക്കി വൈസ് ചാൻസിലർമാരെ വരെ നിയമിക്കുന്ന ഇക്കാലത്ത് അതിന് നേതൃത്വം നൽകുന്നവർ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുന്നത് നന്നാവും. കഴിവും പ്രാപ്തിയും ഉള്ളവർ ഏത് സമുദായത്തിൽ നിന്നായാലും സമൂഹത്തിൽ അംഗീകരിക്കപ്പെടും. എന്നാൽ കഴിവുകേടും പ്രാപ്തിക്കുറവും മറച്ചുവെക്കാൻ സമുദായത്തിന്റെ കവചം എടുത്തുപയോഗിക്കരുതെന്നും കെ ടി ജലീൽ ഓർമിപ്പിച്ചു.

എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ അധ്യക്ഷനായിരുന്നു. ബഹുസ്വരതയുള്ള സമൂഹത്തിൽ തീവ്ര മതമൗലികവാദത്തിന്റെ പേരിൽ അസ്വസ്ഥത സൃഷ്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരസമൂഹത്തിൽ വർഗീയ ചിന്തകളുണ്ടാക്കാൻ ന്യൂനപക്ഷ സമുദായം തന്നെ ഇറങ്ങിത്തിരിക്കരുത്. എതെങ്കിലും രാജ്യത്തെ ആചാരവും ഭക്ഷണരീതിയും വസ്ത്രവുമെല്ലാം നമ്മൾ കടമെടുത്തതുകൊണ്ട് കാര്യമില്ല. വാക്‌സിനേഷൻ നടത്താത്ത കുട്ടികൾക്ക് എം ഇ എസിന്റെ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണം അഡ്വ. പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ബഷീർ പടിയത്ത്, സി കെ അബ്ദുൽ മജീദ്, ഡോ. വി കെ ജമാൽ, അഡ്വ. എ പി എം നസീർ, ഡോ. മുജീബ് റഹ്മാൻ, എൻ അബ്ദുൽ ജബ്ബാർ, എ ജബ്ബാറലി, എൻ പി സി അബ്ദുറഹ്മാൻ, സി സക്കീർ ഹുസൈൻ, കെ എം ഡി മുഹമ്മദ്, പി കെ അബ്ദുല്ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP