Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറിഞ്ഞി ദേശീയ ഉദ്യാനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്ന് ബോധ്യപ്പെട്ടു; കൈയേറ്റം വ്യാപകം; സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ

കുറിഞ്ഞി ദേശീയ ഉദ്യാനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്ന് ബോധ്യപ്പെട്ടു; കൈയേറ്റം വ്യാപകം; സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കുറിഞ്ഞി ദേശീയ ഉദ്യാനം എന്നത് കടലാസിൽ മാത്രമൊതുങ്ങിയെന്ന് ബോധ്യമായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുറിഞ്ഞി ഉദ്യാനം യൂക്കാലി ഉദ്യാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞിമല സന്ദർശിച്ച ശേഷം മൂന്നാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറിഞ്ഞിമലയിൽ കയ്യേറ്റം വ്യാപകമാണെന്ന് ബോധ്യപ്പെട്ടു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണയോടെ നടക്കുന്ന കയ്യേറ്റത്തെപ്പറ്റി സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യാനം സംബന്ധിച്ച് ഇരു മുന്നണികളും വ്യാജപ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്.

സമയബന്ധിതമായി സർവ്വേ പൂർത്തിയാക്കിയാൽ ആരെയും ഇറക്കി വിടേണ്ടി വരില്ല. മറിച്ചുള്ള പ്രചരണം വ്യാജമാണ്. തലമുറകളായി ഇവിടെ താമസിക്കുന്ന കർഷകരുടെ താത്പര്യം പൂർണ്ണമായും സംരക്ഷിക്കണം. ഇതിനായി വട്ടവട പഞ്ചായത്തിന് മാത്രമായി പ്രത്യേക പാക്കേജ് നടപ്പാക്കണം. സർവ്വേ നടപടികൾ പൂർത്തിയാക്കാൻ സെറ്റിൽമെന്റ് ഓഫീസറെ അനുവദിക്കാത്തതിന് പിന്നിൽ ഇടത് വലത് നേതാക്കളുടെ ഗൂഢാലോചനയാണ്.

ദേശീയ ഉദ്യാനം സംബന്ധിച്ച് നിവേദിതാ പി ഹരൻ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. യൂക്കാലി തോട്ടം മൂലം ഒരു കുറിഞ്ഞി പോലും അവിടെ വളരാത്ത സാഹചര്യമാണ് ഉള്ളത്. ഇതിന് മാറ്റം വരാൻ യൂക്കാലി പൂർണ്ണമായും പിഴുത് മാറ്റണം. 2012ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ കുറിഞ്ഞി ഉദ്യാന മാനേജ്മെന്റ് പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാവിലെ കോവിലൂരിൽ എത്തിയ എൻഡിഎ പ്രതിനിധി സംഘത്തിന് ബിജെപി വട്ടവട പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. തലമുറകളായി താമസിക്കുന്ന ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന പദ്ധതിക്കേ എൻഡിഎ കൂട്ടു നിൽക്കുകയുള്ളുവെന്ന് ചടങ്ങിൽ സംസാരിച്ച ജെആർഎസ് നേതാവ് സി കെ ജാനു പറഞ്ഞു. വിവാദമായ കൊട്ടക്കമ്പൂരിലെ 58,62 ബ്ലോക്കുകളും ജോയ്സ് ജോർജ്ജ് എംപി കയ്യേറിയ സ്ഥലവും സംഘം സന്ദർശിച്ചു.

ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി ഗോപകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, ജെആർഎസ് സംസ്ഥാന അദ്ധ്യക്ഷ സി കെ ജാനു, ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ, ജെഎസ്എസ് ജനറൽ സെക്രട്ടറി അഡ്വ എ എൻ രാജൻ ബാബു, പി എസ് പി അദ്ധ്യക്ഷൻ കെ കെ പൊന്നപ്പൻ, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, എൽജെപി പാർലമെന്ററി ബോർഡ് ചെയർപേഴ്സൻ രമാ ജോർജജ്, സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് വി വി രാജേന്ദ്രൻ, സെക്രട്ടറി ജനറൽ എം പി ജോയ്, എൻഡിഎ കോ കൺവീനർ പി കെ കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് വിവാദ ഭൂമി സന്ദർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP