Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനേജരുടെ കഴുത്തിൽ തോക്ക് ചൂണ്ടി കവർന്നത് ഒന്നരക്കോടിയുടെ സ്വർണം; കുന്നത്തുകളത്തിൽ ജുവലറികവർച്ചയിൽ പ്രതികൾക്ക് തടവ് ശിക്ഷ

മാനേജരുടെ കഴുത്തിൽ തോക്ക് ചൂണ്ടി കവർന്നത് ഒന്നരക്കോടിയുടെ സ്വർണം; കുന്നത്തുകളത്തിൽ ജുവലറികവർച്ചയിൽ പ്രതികൾക്ക് തടവ് ശിക്ഷ

കോട്ടയം: കോട്ടയം സെൻട്രൽ ജങ്ഷനിലെ കുന്നത്തുകളത്തിൽ ജുവലറിയിൽ പട്ടാപ്പകൽ വെടിയുതിർത്ത് ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ഏഴുവർഷം കഠിന തടവും 45,000 രൂപ പിഴയും. പ്രതികളായ ഇടപ്പള്ളി പോണേക്കര കുരിശിങ്കൽ മനോജ് സേവ്യർ(39), രണ്ടാം പ്രതി, മനോജിന്റെ ശാന്തമ്പാറയിലെ ഏലത്തോട്ടത്തിലെ തൊഴിലാളി തമിഴ്‌നാട് തേവാരം സ്വദേശി മുരുകേശൻ എന്നിവരെയാണു കോട്ടയം അഡീഷണൽ അതിവേഗ കോടതി ഒന്ന് കോടതി ജഡ്ജി പി. രാഗിണി ശിക്ഷിച്ച് ഉത്തരവായത്.

ശിക്ഷാ വിധി കേട്ടശേഷം പുറത്തിറങ്ങിയ മനോജിന്റെ ചിത്രം പകർത്താൻ ശ്രമിച്ച മാദ്ധ്യമഫോട്ടോഗ്രാഫർമാരെയും പൊലീസിനെയും ഇയാൾ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽനിന്നു കൂടുതൽ പൊലീസെത്തിയാണു പ്രതിയെ ജയിലിലേക്കു മാറ്റിയത്. കേസിലെ മറ്റു പ്രതികളും നോജിന്റെ സുഹൃത്തുമായ ബിജു ജോസഫ്, മനോജിനു തോക്ക് നിർമ്മിച്ചു നൽകിയ രാഘവൻ ആചാരി എന്നിവരെ കോടതി വെറുതേ വിട്ടു.

കവർച്ച നടത്തിയതിന് ഏഴു വർഷം കഠിന തടവും 10,000 രൂപയുമാണു ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. ഭവനഭേദനത്തിന് അഞ്ചു വർഷം കഠിന തടവും 10,000 രൂപയുമാണു ശിക്ഷ, പിഴയൊടുക്കിയില്ലെങ്കിൽ നാലു മാസം കൂടി ശിക്ഷ അനുഭവിക്കണം. ആയുധം കൈവശം വച്ചതിനു മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയുമാണു ശിക്ഷ. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ശിക്ഷകൾ എല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും.

2011 ജൂലൈ ഏഴിന് ഉച്ചയ്ക്ക് 12.50നായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴരക്കിലോയോളം സ്വർണമാണ് മോഷ്ടിച്ചത്. മഴക്കോട്ട് ധരിച്ച് ജുവലറിയിലേക്ക് ഓടിയെത്തിയ മുരുകൻ വെടിയുതിർക്കുകയും മനോജ് സ്വർണാഭരണങ്ങൾ വാരിയെടുക്കുകയുമായിരുന്നു. മാനേജരുടെ കഴുത്തിൽ തോക്കുചൂണ്ടി നിർത്തിയായിരുന്നു കവർച്ച. ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ തറയിലേക്കു വെടിയുതിർത്തു ഭീതി പടർത്തി മനോജും മുരുകനും സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി കുമരകം ഭാഗത്തേക്കു പോയി.

ചാലുകുന്നിൽ ബൈക്കിൽനിന്നിറങ്ങിയ മുരുകൻ ഇതുവഴിയെത്തിയ കുമരകം ബസിൽ കയറി. മുരുകന്റെ പരിഭ്രാന്തി കണ്ട യാത്രക്കാരനായ ഷിജോ മാത്യു എന്ന വിദ്യാർത്ഥി പൊലീസിനെ അറിയിക്കുകയും കുമരകത്തുനിന്നു പിടികൂടുകയുമായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണു കവർച്ചയുടെ പുറംലോകം അറിഞ്ഞത്. പിറ്റേന്നു മനോജിനെയും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു പ്രതികളെയും പിടികൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP